പാകിസ്താൻ ചാരയ്ക്ക് BJP ഓഫീസിൽനിന്ന് ആരാണ് വന്ദേഭാരത് പാസ് നൽകിയത്? ചോദ്യവുമായി സന്ദീപ് വാര്യർ

കേന്ദ്രമന്ത്രിയായിരുന്ന വി. മുരളീധരനൊപ്പം ജ്യോതി മല്‍ഹോത്ര, സന്ദീപ് വാര്യര്‍ | Photo: Screengrab/ youtube.com/@TravelwithJo, facebook.com/Sandeepvarierinc
കേന്ദ്രമന്ത്രിയായിരുന്ന വി. മുരളീധരനൊപ്പം ജ്യോതി മല്‍ഹോത്ര, സന്ദീപ് വാര്യര്‍ | Photo: Screengrab/ youtube.com/@TravelwithJo, facebook.com/Sandeepvarierinc

തിരുവനന്തപുരം: പാകിസ്താനുവേണ്ടി ചാരവൃത്തി നടത്തിയെന്ന കേസില്‍ അറസ്റ്റിലായ വ്ളോഗര്‍ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് കേരളത്തിലെത്തിയ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സന്ദീപ് വാര്യര്‍. വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനയാത്രയ്ക്കുള്ള പാസുകള്‍ ബിജെപി ഓഫീസില്‍നിന്നാണ് നേരിട്ട് വിതരണംചെയ്തതെന്ന് സന്ദീപ് വാര്യര്‍ വെളിപ്പെടുത്തി. പാകിസ്താന്‍ ചാരയായ ജ്യോതി മല്‍ഹോത്രയ്ക്ക് ബിജെപി ഓഫീസില്‍നിന്ന് ആരാണ് വന്ദേഭാരത് പാസ് നല്‍കിയതെന്ന് അന്നത്തെ ബിജെപി സംസ്ഥാന പ്രസിഡന്റ് വെളിപ്പെടുത്തണമെന്നും സന്ദീപ് ആവശ്യപ്പെട്ടു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

മുന്‍ ബിജെപി അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെയും കേന്ദ്രമന്ത്രി മുരളീധരന്റെയും വേണ്ടപ്പെട്ടവര്‍ക്കൊക്കെ വന്ദേ ഭാരത് ഉദ്ഘാടന പാസ് നല്‍കിയിട്ടുണ്ടെന്ന് പറഞ്ഞ സന്ദീപ്, ജ്യോതി മല്‍ഹോത്രയ്ക്കും അങ്ങനെ കിട്ടിയതാവാനേ തരമുള്ളൂ എന്നും ആരോപിച്ചു. നാട്ടിലുള്ള സകലരേയും രാജ്യദ്രോഹികളായി മുദ്രകുത്തുന്ന സംഘികള്‍ക്ക് സ്വന്തം ആരോപണം ഇതുപോലെ ബൂമാറാങ്ങായി തിരിച്ചുകിട്ടുമെന്ന് സ്വപ്നത്തില്‍ കരുതിയിട്ടുണ്ടാവില്ലെന്നും സന്ദീപ് പരിഹാസരൂപേണ പറഞ്ഞു.

ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ട്രെയിനിന്റെ ഉദ്ഘാടനത്തിന് കേരളത്തിലെത്തിയതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വെട്ടിലായ ബിജെപി നേതാക്കളെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നതാണ് മുന്‍ ബിജെപി നേതാവുകൂടിയായ സന്ദീപ് വാര്യയുടെ ഫേസ്ബുക്ക് പോസ്റ്റ്.

2023 ഏപ്രില്‍ 25-ന് നടന്ന കാസര്‍കോട്-തിരുവനന്തപുരം വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന്റെ ആദ്യ യാത്രയ്ക്കിടെ പകര്‍ത്തിയ ജ്യോതിയുടെ വ്‌ളോഗിലാണ് അന്ന് കേന്ദ്രമന്ത്രിയായിരുന്ന വി. മുരളീധരന്‍, അന്നത്തെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ബിജെപി നേതാവും റെയില്‍വേ അഡൈ്വസറി കമ്മിറ്റി അംഗമായിരുന്ന പി.കെ കൃഷ്ണദാസ് എന്നിവരുടെ സാന്നിധ്യമുള്ളത്. വി. മുരളീധരനോട് ജ്യോതി പ്രതികരണം തേടുന്നതും അദ്ദേഹം മറുപടി പറയുന്നതും ദൃശ്യങ്ങളിലുണ്ട്.

Content Highlights: sandeep g varier questions BJP about Vande Bharat passes given to Pakistani spy, Jyothi Malhotra