പാർട്ടിഗ്രാമങ്ങളിലടക്കം കണ്ണുവെച്ച് പ്രവർത്തനം; നിയമസഭാ തിരഞ്ഞെടുപ്പിൽ CPM കോട്ടകൾ ഇളക്കാൻ ബിജെപി

പ്രതീകാത്മകചിത്രം
പ്രതീകാത്മകചിത്രം

തിരുവനന്തപുരം: 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് സി.പി.എം. പാർട്ടി ഗ്രാമങ്ങളിൽ വേരുകളിറക്കാനുറച്ച് ബി.ജെ.പി. കണ്ണൂരിലേതുൾപ്പെടെ സി.പി.എമ്മിന്റെ കുത്തക മേഖലകളിലടക്കം കടന്നുകയറാനുള്ള തന്ത്രങ്ങളുമായാണ് ബി.ജെ.പി. നീക്കം. മുതിർന്ന നേതാവ് പി.കെ. കൃഷ്ണദാസിനായിരിക്കും ഇതിന്റെ ഏകോപന ചുമതല.

പാർട്ടി ഗ്രാമങ്ങളിലുൾപ്പെടെ ബൂത്ത് തലങ്ങളിൽ പ്രവർത്തനം തുടങ്ങാനാണ് ബി.ജെ.പി. പദ്ധതി. ലോക്സഭാ തിരഞ്ഞെടുപ്പിൽ പാർട്ടി ഗ്രാമങ്ങളിൽ തങ്ങൾക്ക് ബൂത്ത് കമ്മിറ്റിപോലുമില്ലാത്ത ഇടങ്ങളിൽപോലും ബി.ജെ.പിക്ക് വോട്ട് കിട്ടിയത് കണക്കിലെടുത്താണ് പ്രവർത്തനം പാർട്ടി ഗ്രാമങ്ങളിലേക്ക് വ്യാപിപ്പിക്കാൻ നീക്കം നടത്തുന്നത്.

പാർട്ടി ഗ്രാമങ്ങളിലെ ജനകീയ വിഷയങ്ങൾ ഏറ്റെടുത്ത് സജീവമാകുകയാണ് പദ്ധതി. ജൂലൈ 20-ന് പ്രത്യേക യോഗംചേർന്ന് തുടർനീക്കം തീരുമാനിക്കും. ശനിയാഴ്ച കൊച്ചിയിൽ ചേർന്ന ഭാരവാഹി യോഗത്തിൽ ഇതിനുള്ള ചുമതല  ദേശീയ നിർവാഹക സമിതി അംഗം പി.കെ കൃഷ്ണദാസിന് നൽകി. തലശേരിയിൽനിന്നുള്ള കൃഷ്ണദാസിന് കണ്ണൂരിലുള്ള വലിയ വ്യക്തിബന്ധങ്ങൾകൂടി കണക്കിലെടുത്താണ് തീരുമാനം. കണ്ണൂർ, കാസർക്കോട് ജില്ലകളിലെ സി.പി.എം. ഗ്രാമങ്ങളിലാണ് പ്രാഥമികമായി ശ്രദ്ധ കൊടുക്കുന്നത്. സി.പി.എമ്മിലെ ക്രിമിനൽ ബന്ധമുള്ള സംഘവും ആശയപരമായി നിലകൊള്ളുന്ന സംഘവും രണ്ട് തട്ടിലായതിനാൽ പാർട്ടി ഗ്രാമങ്ങളിൽ രാഷ്ട്രീയം പറയാൻ ഇടമുണ്ടെന്നാണ് ബി.ജെ.പിയുടെ കണക്കുകൂട്ടൽ.

സി.പി.എമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങൾ പരമാവധി മുതലാക്കി കേരളത്തിൽ വേരുറപ്പിക്കാനാണ് ശ്രമം. ഓരോയിടത്തും ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചിട്ടയായ പ്രവർത്തനത്തിലൂടെ പരമാവധി വോട്ടുകൾ തങ്ങൾക്ക് അനുകൂലമാക്കാനാണ് ബി.ജെ.പി. ശ്രമിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ വലിയതോതിൽ ബി.ജെ.പിയിലേക്ക് സി.പി.എമ്മിന്റെ വോട്ടുകൾ പോയെന്നാണ് വിലയിരുത്തുന്നത്. കണ്ണൂരിലെ പാർട്ടിഗ്രാമങ്ങളിലും മുഖ്യമന്ത്രിയുടെ സ്വന്തം മണ്ഡലത്തിലും ബി.ജെ.പിയുടെ വോട്ട് കൂടിയിരുന്നു.  

ഉദുമ, തൃക്കരിപ്പൂർ, പയ്യന്നൂർ, ധർമ്മടം, തളിപ്പറമ്പ് തുടങ്ങി പല സി.പി.എം. കോട്ടകളിലും ബി.ജെ.പി. വർധിപ്പിച്ചത് നാലിരട്ടിയിലേറെ വോട്ടുകളാണ്. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ ബൂത്ത് കമ്മറ്റി പോലുമില്ലാത്തിടത്തുപോലും മൂന്നക്ക വോട്ടുകൾ നേടാൻ ബി.ജെ.പിക്ക് സാധിച്ചു. ഈ അനുകൂല സാഹചര്യം പരമാവധി മുതലാക്കാനാണ് ശ്രമം.

പാർട്ടി ഗ്രാമങ്ങളിൽ, പാർട്ടി കുടുംബങ്ങളിൽ പോലും സി.പി.എമ്മിന്റെ രീതികളോട് എതിർപ്പുള്ളവരുണ്ടെന്നാണ് ബി.ജെ.പി. വിലയിരുത്തുന്നത്. കാര്യമായ പ്രവർത്തനങ്ങൾ ഇല്ലാതിരുന്നിട്ടും കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ ബി.ജെ.പിക്ക് വോട്ട് കൂടിയത് ഇതുകൊണ്ടാണെന്നാണ് നിഗമനം. ബോംബ് രാഷ്ട്രീയവും സ്വർണക്കടത്ത്, ക്വട്ടേഷൻ സംഘങ്ങളുമായി ബന്ധപ്പെട്ട് സി.പി.എം. നേതാക്കൾക്കുമേലുള്ള ആരോപണങ്ങളും തുടരെത്തുടരെ വരുന്നതിനാൽ സമയം പാഴാക്കാതെ അസംതൃപ്തരെ ബി.ജെ.പി. പാളയത്തിലേക്കെത്തിക്കാനാണ് ശ്രമം. പ്രാദേശിക തലത്തിൽ ജനസ്വാധീനമുള്ളവരെ പാർട്ടിയിലെത്തിക്കാനുള്ള ശ്രമങ്ങളുണ്ടാകും. 

മുതിർന്ന നേതാക്കളുൾപ്പെടെ പാർട്ടി ഗ്രാമങ്ങളിൽ പ്രവർത്തനത്തിനായെത്തുമെന്നാണ് വിവരം. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതത്തിൽ ഗണ്യമായ വർധനവ് മാത്രമല്ല ബി.ജെ.പി. ലക്ഷ്യമിടുന്നത്. നിയമസഭയിലേക്ക് സീറ്റുകൾ കൂടിയാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ കേരളത്തിലെ 11 നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി. ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ആ നേട്ടം നിലനിർത്താനുള്ള ശ്രമമാണ് കാലേക്കൂട്ടി തുടങ്ങുന്നത്. തിരഞ്ഞെടുപ്പിന് ഇനി രണ്ടുവർഷം ബാക്കി കിടക്കവേ ഇനിയുള്ള പ്രവർത്തനം സീറ്റെണ്ണം ഉയർത്തി ശക്തമായ നിലയിലെത്താനായിരിക്കും. കണ്ണൂരിലെ പാർട്ടി ഗ്രാമങ്ങളിൽ മാത്രമല്ല കേരളത്തിൽ തലസ്ഥാനജില്ലയുൾപ്പടെ ഒട്ടുമിക്കയിടങ്ങളിലും അടുത്ത തിരഞ്ഞെടുപ്പോടെ ചുവടുറപ്പിക്കാനുള്ള നീക്കങ്ങളാണ് ബി.ജെ.പി.യുടേത്.

നിലവിൽ ആഭ്യന്തര വിമർശനങ്ങൾ മറനീക്കി പുറത്തുവരുന്നത് സിപിഎമ്മിനുള്ളിൽ തന്നെ അസംതൃപ്തിയുണ്ടെന്ന വിലയിരുത്തലിലാണ് ബി.ജെ.പി. അതിനാൽ സാഹചര്യം കൂടുതൽ അനുകൂലമാക്കാനുള്ള ശ്രമത്തിലാണ് ബി.ജെ.പി. ഇതിനൊപ്പം ക്രിസ്ത്യൻ ന്യൂനപക്ഷ മേഖലകളിൽ സ്വാധീനമുറപ്പിക്കാനുള്ള ശ്രമങ്ങൾ തുടരും. പാലക്കാട്, ചേലക്കര നിയമസഭാ ഉപതിരഞ്ഞെടുപ്പ് പുതിയ തന്ത്രങ്ങളുടെ പരീക്ഷണത്തിനായി ഉപയോഗിക്കും. ഉപതിരഞ്ഞെടുപ്പിലെ ജനങ്ങളുടെ പ്രതികരണങ്ങൾ വിലയിരുത്തി ആവശ്യമായ മാറ്റങ്ങളോടെയാകും 2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇറങ്ങുക. സി.പി.എമ്മിലെ ഇപ്പോഴത്തെ പ്രശ്‌നങ്ങൾ കോൺഗ്രസിന് ഗുണം ചെയ്യാതിരിക്കാനും അവർ ശ്രദ്ധിക്കുന്നുണ്ട്. അതേസമയം, പാർട്ടി ഗ്രാമങ്ങളിലേക്ക് കടന്നുകയറാനുള്ള ശ്രമം ബി.ജെ.പി-സി.പി.എം. സംഘർഷത്തിലേക്കും അക്രമങ്ങളിലേക്കും വഴിവെക്കുമോയെന്നാണ് കണ്ടറിയേണ്ടത്.

Content Highlights: bjp spreads work in party villages of cpm including kannur