‘പെർഫോമൻസോ പ്രതിബദ്ധതയോ മുഖ്യം?’ ബിജെപിയിൽ വിവാദം; രാജീവ് ചന്ദ്രശേഖറിനെതിരേ ഒളിയമ്പുമായി എംടി രമേശ്

കൊല്ലം: നേതാക്കളുടെയും പ്രവർത്തകരുടെയും പെർഫോമൻസാണോ പ്രതിബദ്ധതയാണോ വിലയിരുത്തേണ്ടത്, എന്നതിനെ ചൊല്ലി ബി.ജെ.പി.യിൽ വിവാദം. രാജീവ് ചന്ദ്രശേഖർ സംസ്ഥാന പ്രസിഡന്റായതിനുശേഷം കോർപ്പറേറ്റ് ശൈലിയിൽ ടാർഗറ്റുകൾ നൽകുകയും പെർഫോമൻസ് വിലയിരുത്തുകയും ചെയ്യുന്നതിനെതിരേയാണ് പാർട്ടിക്കുള്ളിൽ വിവാദം പുകയുന്നത്.
കഴിഞ്ഞദിവസം കോഴിക്കോട്ട് നടന്ന, പി.പി. മുകുന്ദൻ അനുസ്മരണ സമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പെർഫോമൻസ് അല്ല പ്രതിബദ്ധതയാണ് വേണ്ടതെന്ന് തുറന്നടിച്ചു. ‘മുകുന്ദേട്ടൻ പറയുന്ന ഒരു വാക്കുണ്ട്, പെർഫോമൻസിന്റെ അടിസ്ഥാനത്തിലല്ല ഒരു പ്രവർത്തകൻ അടയാളപ്പെടുത്തേണ്ടത്, പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ്. പ്രതിബദ്ധതയുണ്ടെങ്കിൽ പെർഫോമൻസ് പിന്നാലെ വരും.’-രമേശ് പറഞ്ഞു.
സാമൂഹികമാധ്യമ പോസ്റ്റുകളിലൂടെയും റീലുകളിലൂടെയും മനുഷ്യന്റെ സ്വഭാവം അളക്കുന്നതിനെയും അദ്ദേഹം വിമർശിച്ചു. പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് അടക്കമുള്ള പരിപാടികൾ ബൂത്തുതല പ്രവർത്തകരോടൊപ്പം കാണുകയും അത് സാമൂഹികമാധ്യമങ്ങളിൽ അപ്‌ലോഡ് ചെയ്യുകയും വേണമെന്ന് അടുത്തകാലത്തായി നേതൃത്വം ശഠിക്കുന്നുണ്ട്. ടാർഗറ്റ് നൽകിയ ബൂത്തുകളിൽ പരിപാടി നടത്താൻ കഴിയാത്ത ജില്ലാ പ്രസിഡന്റുമാരെ മാറ്റുമെന്ന് ഓൺലൈൻ യോഗങ്ങളിൽ ഭീഷണി മുഴക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് രാജീവ് ചന്ദ്രശേഖറിനെതിരേ ഒളിയമ്പുമായി രമേശ് രംഗത്തെത്തിയതെന്നത് ശ്രദ്ധേയമാണ്. മുതിർന്ന ആർ.എസ്.എസ്. നേതാവ് പി.ആർ. ശശിധരന്റെ സാന്നിധ്യത്തിലായിരുന്നു വിമർശനമെന്നതിനും പ്രാധാന്യമുണ്ട്.
തിരഞ്ഞെടുപ്പ് ഫണ്ട് വിവാദം അടക്കമുള്ള വിഷയങ്ങൾ വന്നപ്പോൾ സംസ്ഥാന പ്രസിഡൻറ് ഏകപക്ഷീയമായി തീരുമാനമെടുത്തെന്ന പരാതി നേരത്തേ ഉണ്ടായിരുന്നു. മുതിർന്ന നേതാക്കളോടുപോലും ആലോചിക്കാതെ സംസ്ഥാന പ്രസിഡന്റ് ‘ഉത്തരവ്’ ഇറക്കുന്ന രീതിക്കെതിരേ പാർട്ടിയിലെ വലിയവിഭാഗം പരാതി ഉന്നയിച്ചിരുന്നു. പ്രവർത്തകരെ കോർപ്പറേറ്റ് കമ്പനിയിലെ ജീവനക്കാരായി കണക്കാക്കുകയാണെന്ന്, ജില്ലാതല തിരഞ്ഞെടുപ്പ് അവലോകനയോഗങ്ങളിലും വിമർശനമുയർന്നു. ഓൺലൈനിൽ ചേരുന്ന കമ്മിറ്റികളിൽ നേതാക്കൾക്കു പുറമേ ചില പി.ആർ. ഏജൻസികളുടെ പ്രതിനിധികളെ പങ്കെടുപ്പിക്കുന്നതിലും നേതാക്കൾക്ക് എതിർപ്പുണ്ട്.
Content Highlights: Debate within BJP over performance targets versus ideological commitment., MT Ramesh criticized corporate-style management and social media metrics at a commemoration event., Dissatisfaction among senior leaders regarding unilateral decisions and PR agency involvement.