ചേന്നംപള്ളിപ്പുറം വീണു; സിപിഎമ്മും കോൺഗ്രസും കൈകോർത്താൽ ആലപ്പുഴയിലെ 5 പഞ്ചായത്തുകളിൽ താമര കൊഴിയും

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: PTI
പ്രതീകാത്മക ചിത്രം | Photo: PTI

ആലപ്പുഴ: നാടകീയമായ രാഷ്ട്രീയനീക്കങ്ങൾക്കൊടുവിൽ ചേന്നംപള്ളിപ്പുറം പഞ്ചായത്തു ഭരണം ബി.ജെ.പി.ക്ക് ശനിയാഴ്ച നഷ്ടമായി. നറുക്കെടുപ്പിലൂടെ ബി.ജെ.പി. നേടിയെടുത്ത ചേന്നംപള്ളിപ്പുറത്തെ ഭരണം സി.പി.എമ്മും കോൺഗ്രസും കൈകോർത്തതോടെയാണ് നിലംപൊത്തിയത്. ഇതോടെ ബി.ജെ.പി.ക്ക് ജില്ലയിലെ പഞ്ചായത്തു ഭരണം ഏഴായി കുറഞ്ഞു.

കോൺഗ്രസും സി.പി.എമ്മും ഇതേ അടവുനയം മറ്റിടങ്ങളിലും പുറത്തെടുത്താൽ ബി.ജെ.പി.ക്ക് ശേഷിക്കുന്ന ഏഴിൽ അഞ്ചു പഞ്ചായത്തിലെങ്കിലും ഭരണസാരഥ്യം നഷ്ടമാകും. ചെന്നിത്തല-തൃപ്പെരുന്തുറ, ആലാ, തിരുവൻവണ്ടൂർ, കാർത്തികപ്പള്ളി, ബുധനൂർ, പാണ്ടനാട്, നീലംപേരൂർ പഞ്ചായത്തുകളിലാണ് ബി.ജെ.പി. ഭരിക്കുന്നത്.

ബി.ജെ.പി.ക്ക് ഭരണം നഷ്ടപ്പെടാൻ ഇടയുള്ള പഞ്ചായത്തുകൾ

• ചെന്നിത്തല- തൃപ്പെരുന്തുറ: എൽ.ഡി.എഫും എൻ.ഡി.എ.യും ഏഴു സീറ്റുവീതം നേടിയപ്പോൾ നറുക്കെടുപ്പിൽ ഭരണം ബി.ജെ.പി.ക്ക്. (ആകെ സീറ്റ്- 19, ബി.ജെ.പി.-7, എൽ.ഡി.എഫ്.-7, യു.ഡി.എഫ്.-5).

• ആലാ- ആർക്കും ഭൂരിപക്ഷമില്ലാതിരുന്ന പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ഭാഗ്യം ബി.ജെ.പി.യെ തുണച്ചു. (ആകെ സീറ്റ്- 14, ബി.ജെ.പി.-5, എൽ.ഡി.എഫ്.-4, യു.ഡി.എഫ്.-5).

• തിരുവൻവണ്ടൂർ- പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ബി.ജെ.പി.യും യു.ഡി.എഫും അഞ്ചുവീതം വോട്ടുകൾ നേടി. നറുക്കെടുപ്പിൽ ബി.ജെ.പി.ക്ക് പ്രസിഡന്റുസ്ഥാനം ലഭിച്ചു. (ആകെ സീറ്റ്- 14, ബി.ജെ.പി.-5, എൽ.ഡി.എഫ്.-2, യു.ഡി.എഫ്.-4, സ്വതന്ത്രർ-3).

• കാർത്തികപ്പള്ളി- മൂന്നു മുന്നണികളും സ്ഥാനാർഥികളെ മത്സരിപ്പിച്ചപ്പോൾ ആറംഗങ്ങളുള്ള ബി.ജെ.പി.ക്ക് ഭരണം കിട്ടി. (ആകെ സീറ്റ്- 14, ബി.ജെ.പി.-6, എൽ.ഡി.എഫ്.-4, യു.ഡി.എഫ്.-3, സ്വതന്ത്രർ-1).

• ബുധനൂർ- എൽ.ഡി.എഫും യു.ഡി.എഫും സി.പി.എം. വിമതനായ സ്വതന്ത്രാംഗവും കൂടി ചേർന്നാൽ ബി.ജെ.പി.ക്ക് ഭരണം നഷ്ടമാകും. രണ്ടിടത്ത് ആശങ്കയില്ല. (ആകെ സീറ്റ്- 15, ബി.ജെ.പി.-7, എൽ.ഡി.എഫ്.-5, യു.ഡി.എഫ്.-2, സ്വതന്ത്രർ-1).

• പാണ്ടനാട്- യു.ഡി.എഫിന് വ്യക്തമായ ഭൂരിപക്ഷമുണ്ടെങ്കിലും അധ്യക്ഷസ്ഥാനം പട്ടികജാതി വനിതാസംവരണമാണ്. മറ്റു മുന്നണികൾക്ക് പട്ടികജാതി വനിതാ അംഗമില്ല. (ആകെ സീറ്റ്- 14, ബി.ജെ.പി.-5, എൽ.ഡി.എഫ്.-3, യു.ഡി.എഫ്.-6.)

• നീലംപേരൂർ- 14 അംഗങ്ങളുള്ള നീലംപേരൂരിൽ അവിശ്വാസത്തിനുള്ള അംഗബലം പ്രതിപക്ഷകക്ഷികൾക്കില്ല. ) ആകെ സീറ്റ്- 14, ബി.ജെ.പി.-7, എൽ.ഡി.എഫ്.-4, യു.ഡി.എഫ്.-2, സ്വതന്ത്രർ-1).

Content Highlights: The BJP lost power in Chennam Pallippuram Grama Panchayath in Alappuzha after the CPM supported a UDF-moved no-confidence motion against President V Vineetha, threatening BJP's hold on five other Alappuzha local bodies.