മാധ്യമങ്ങളോട് കയർത്ത് കെ.സുരേന്ദ്രൻ,വെല്ലുവിളിച്ച് ശോഭ സുരേന്ദ്രൻ; കൊച്ചിയിൽ നേതൃയോഗം

കൊച്ചി : ഉപതിരഞ്ഞെടുപ്പിന് പിന്നാലെ കൊച്ചിയിൽ നേതൃയോഗം ചേർന്ന് ബി.ജെ.പി. സംഘടനാതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടാണു യോഗം വിളിച്ചിട്ടുള്ളതെങ്കിലും ഉപതിരഞ്ഞെടുപ്പുഫലത്തിന്റെ വിലയിരുത്തലുണ്ടായേക്കുമെന്നാണ് സൂചന.
കോണ്‍ഗ്രസും അര്‍ബന്‍ നക്‌സലുകളും തീവ്രവാദികളും ഇടതുപക്ഷവും ചേര്‍ന്ന് ഭരണഘടനയെ തകര്‍ത്തുകൊണ്ടിരിക്കുന്ന സന്ദര്‍ഭത്തിലാണ് രാജ്യം ഇന്ന് ഭരണഘടനാ ദിനമായി ആചരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ യോഗത്തിന് മുന്നോടിയായി നടത്തിയ പ്രസംഗത്തിൽ പറഞ്ഞു. രാജ്യത്തിന്റെ ഭരണഘടനയെ സംരക്ഷിക്കാന്‍ ഒറ്റക്കെട്ടായി നില്‍ക്കുമെന്നു നേതൃയോഗത്തിന് മുന്നോടിയായി ബിജെപി നേതാക്കള്‍ പ്രതിജ്ഞയെടുത്തു.
തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമ്പോഴെല്ലാം കോണ്‍ഗ്രസ് ഇവിഎമ്മിനെ കുറ്റപ്പെടുത്തുകയും തിരഞ്ഞെടുപ്പ് കമ്മിഷനെ സംശയത്തിലാക്കുകയും ചെയ്യുന്നത് സ്ഥിരമാണെന്നും കെ.സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പാലക്കാട്ടെ തോൽവിയുൾപ്പടെയുള്ള കാര്യങ്ങളിൽ പ്രതികരണം ചോദിച്ച മാധ്യമങ്ങളോട് സുരേന്ദ്രൻ കയർത്ത് സംസാരിക്കുകയും ചെയ്തു.
കഴിഞ്ഞ ദിവസങ്ങളിലായി തനിക്കെതിരെ മാധ്യമങ്ങള്‍ 'ചവറ്' വാര്‍ത്തകളാണ് നല്‍കുന്നതെന്നും സുരേന്ദ്രന്‍ ആക്ഷേപിച്ചു. മഹാരാഷ്ട്രയിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് 15 സീറ്റ് കിട്ടിയതും ചേലക്കരയില്‍ കോണ്‍ഗ്രസ് തോറ്റമ്പിയതും ചര്‍ച്ച ചെയ്യുന്നില്ലെന്നും ബി.ജെ.പിയും ദേശീയ ജനാധിപത്യ സഖ്യവും എന്താണെന്ന് അറിയാത്ത രീതിയിലാണ് മൂന്ന് ദിവസമായി മാധ്യമങ്ങൾ തുള്ളിക്കൊണ്ടിരിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇന്നത്തെ യോഗം സജീവ അംഗത്വത്തെ കുറിച്ചും പ്രാഥമിക അംഗത്വത്തെ കുറിച്ചുള്ളതാണെന്നും മാധ്യമങ്ങള്‍ പറഞ്ഞ ഒരു കാര്യവും സംഭവിക്കാന്‍ പോവുന്നില്ലെന്നും പ്രസിഡന്റ് സ്ഥാനം തെറിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് കെ സുരേന്ദ്രന്‍ പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി സതീശനെ വെല്ലുവിളിച്ചുകൊണ്ടാണ് ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ മാധ്യമങ്ങളോട് സംസാരിച്ചത്.പാലക്കാട് മുനിസിപ്പാലിറ്റിയിൽ പന്തയം വെയ്ക്കാം. ഒരൊറ്റ സീറ്റ്, ഒരു മുനിസിപ്പൽ കൗൺസിലറെ യുഡിഎഫിന് അധികമുണ്ടാക്കാൻ സാധിക്കുമോ? അത് വെല്ലുവിളിയായി ഏറ്റെടുക്കാൻ ബിജെപി തയ്യാറാണ്. അടുത്ത പഞ്ചായത്ത് മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരവും തൃശ്ശൂരും ഉൾപ്പെടെയുള്ള കോർപ്പറേഷനുകൾ ഭരിക്കുമെന്നും ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. പാർട്ടിയുടെ സംസ്ഥാന ഘടകം എന്ത് ജോലി ഏൽപ്പിച്ചിട്ടുണ്ടെങ്കിലും ആ ജോലി നാളിതുവരെ കൃത്യമായി ചെയ്തുതീർത്തിട്ടുണ്ടെന്നും അഖിലേന്ത്യാ നേതൃത്വവും സംസ്ഥാന ഘടകവും ശോഭ എന്ത് ജോലി ചെയ്യണമെന്ന് തീരുമാനമെടുക്കാറുണ്ട്. ആ പണി വളരെ നല്ല രീതിയിൽ ചെയ്തുതീർത്തുവെന്ന ആത്മവിശ്വാസമുള്ള ഒരു സാധാരണക്കാരിയാണ് താൻ. അടുത്ത തിരഞ്ഞെടുപ്പാണ് മനസിലുള്ള ചിന്തയെന്നും ശോഭ മാധ്യമങ്ങളോട് പറഞ്ഞു.
Content Highlights: BJP leadership meeting in Kochi