ഹെലികോപ്ടർ വാടകയിലും കോടികൾ തട്ടി; ബിജെപിയിൽ പ്രതിസന്ധി; രാജീവ് ചന്ദ്രശേഖറിനെ പൂട്ടാൻ വിമതനീക്കം?

#രതീഷ് രവി, എം.കെ. സുരേഷ്‌
രാജീവ് ചന്ദ്രശേഖര്‍ | ഫോട്ടോ: മാതൃഭൂമി
രാജീവ് ചന്ദ്രശേഖര്‍ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം/കൊല്ലം: കഴിഞ്ഞ ലോക്‌സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബി.ജെ.പി. സംസ്ഥാനകമ്മിറ്റി, ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതിലും ക്രമക്കേട് ആരോപണം.

2021-ലും 24-ലും വലിയ തുക നൽകി ഹെലികോപ്റ്റർ വാടകയ്ക്കെടുത്തതാണ് വിവാദമായത്. മുമ്പത്തെ രണ്ടു തിരഞ്ഞെടുപ്പുകളിലും മണിക്കൂറിന് 3.4 ലക്ഷം നൽകി.എന്നാൽ ഇത്തവണ മണിക്കൂറിന് 2.7 ലക്ഷം രൂപയായിരുന്നു വാടക. ഇത് അന്വേഷിക്കണമെന്നു സംസ്ഥാന നേതൃത്വത്തിനു പരാതി നൽകിയിട്ടുണ്ട്.

തിരുവനന്തപുരത്തെ ഒരു പ്രാദേശിക നേതാവായിരുന്നു രണ്ടുതവണയും കരാറിന് മുൻകൈയെടുത്തത്. പ്രചാരണത്തിനെത്തുന്ന കേന്ദ്രനേതാക്കളുടെ യാത്രയ്ക്കായി, ഇക്കൊല്ലം ഒരു ഹെലികോപ്റ്റർ വാടകയ്ക്ക് എടുക്കാനായിരുന്നു തീരുമാനം. ക്വട്ടേഷൻ ക്ഷണിച്ച് 2.7 ലക്ഷം വാടകയ്ക്ക് കരാർ നൽകുകയുംചെയ്തു. ഇതിനു പിന്നാലെ സംസ്ഥാനകമ്മിറ്റി ഓഫീസിലെ പ്രമുഖൻ, ഇതേ വാടകയ്ക്ക് മറ്റൊരു ഹെലികോപ്റ്ററിനുകൂടി കരാർ നൽകി.

മേൽനോട്ടച്ചുമതലയുണ്ടായിരുന്ന കേന്ദ്രപ്രതിനിധി ഇതു ചോദ്യംചെയ്തിരുന്നു. എല്ലാ തിരഞ്ഞെടുപ്പുകളിലും കരാർ നൽകാറുള്ളതാണെന്നായിരുന്നു വിശദീകരണം. രണ്ട് ഹെലികോപ്റ്റർ ആവശ്യമില്ലെന്നു വന്നപ്പോൾ, കരാർ പ്രകാരമുള്ള അധികം മണിക്കൂർ പറക്കാൻ തമിഴ്നാട് ഘടകത്തിന് കൈമാറി തടിതപ്പാനും ശ്രമമുണ്ടായി.

നേരത്തെ കൊടി, ഷാൾ, തൊപ്പി, ബാഡ്ജ് മുതലായവയ്ക്ക് ടെൻഡർനൽകാൻ വ്യാജ കമ്പനി രജിസ്റ്റർചെയ്തതുപോലെ കട്ടൗട്ട് നൽകാനും വ്യാജ കമ്പനി ഉണ്ടാക്കിയതായും സംശയിക്കുന്നു. കട്ടൗട്ടുകൾ സമയത്തു കിട്ടിയില്ലെന്നും എണ്ണംകുറച്ചെന്നും അന്നേ പരാതിയുണ്ടായിരുന്നു.

2021-ലും 24-ലും മണിക്കൂറിന് 3.4 ലക്ഷംഇത്തവണ മണിക്കൂറിന് 2.7 ലക്ഷം

അടിക്കടിയുണ്ടായ വിവാദച്ചുഴിയിൽപ്പെട്ട് ബി.ജെ.പി.യിലെ ഐക്യനീക്കവും പൊളിഞ്ഞു. കോർപ്പറേഷനിൽ കൗൺസിലർമാർ സത്യപ്രതിജ്ഞയ്ക്ക് കാട്ടിയ ഹൈന്ദവതയുടെ പേരിലുള്ള അമിതാവേശംമുതൽ ഫണ്ടുതിരിമറിവരെനീണ്ട വിവാദം പാർട്ടിക്കുണ്ടാക്കിയ നാണക്കേട് ചില്ലറയല്ല. ഭിന്നിച്ചുനിന്ന നേതാക്കളെ ഒരുകുടക്കീഴിലാക്കാനുള്ള ശ്രമം ഇതോടെ പാഴായി.

പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെ ലക്ഷ്യമിട്ടുകൂടിയാണ് ഫണ്ടുതിരിമറി ഉൾപ്പെടെയുള്ള ആരോപണം ഉന്നയിച്ച് വിമതനീക്കമെന്നാണ് അദ്ദേഹത്തെ അനുകൂലിക്കുന്നവരുടെ കണക്കുകൂട്ടൽ. കൂടുതൽ നേതാക്കൾക്കെതിരേ സാമ്പത്തികാരോപണം ഉയരാനിടയുണ്ട്.

പണവിവാദം ബി.ജെ.പി.യെ പിടികൂടുന്നത് ഇതാദ്യമല്ല. കൊടകര കുഴൽപ്പണ ഇടപാടായിരുന്നു ഇടക്കാലത്തെ വിവാദം. നിയമസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രം നൽകിയ പണമുപയോഗിച്ച് നേതാക്കൾ ബാങ്ക് വായ്പ അടച്ചുതീർത്തു, വാഹനംവാങ്ങി തുടങ്ങിയ ആരോപണമാണ് ഇപ്പോൾ പിടിച്ചുലയ്ക്കുന്നത്.

എന്നാൽ, തിരഞ്ഞെടുപ്പ് ചെലവിന്റെ കണക്കെല്ലാം നേരത്തേ ക്ലോസ് ചെയ്തതാണെന്ന് പാർട്ടിപറയുന്നു. കുറ്റക്കാർക്കെതിരേ ആർ.എസ്.എസ്. നടപടി നിർദേശിച്ചെന്നും പണം തിരിച്ചടയ്ക്കാൻ ആരോപണവിധേയരോട് സംസ്ഥാനപ്രസിഡന്റ് ആവശ്യപ്പെട്ടെന്നുമുള്ള പ്രചാരണത്തിന് അടിസ്ഥാനമില്ലെന്നും നേതൃത്വം വിശദീകരിക്കുന്നു.

എല്ലാ വിഭാഗക്കാർക്കും ചുമതലകൾ നൽകി ഗ്രൂപ്പില്ലാതാക്കാനുള്ള രാജീവ് ചന്ദ്രശേഖറിന്റെ ശ്രമം വിജയിച്ചില്ലെന്നുവേണം കരുതാൻ. ഓഫീസിന്റെ പഴയ ലെറ്റർപ്പാഡിൽ മൂന്നുനേതാക്കളെ പുറത്താക്കിയെന്ന വ്യാജ സർക്കുലർ മാധ്യമങ്ങളിലെത്തിയതും പാർട്ടിക്കാര്യങ്ങൾ ചോരുന്നതും നേതൃത്വം ഗൗരവമായെടുത്തിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ ആറ്റിങ്ങൽ ലോക്‌സഭാ മണ്ഡലത്തിലേക്ക്‌ മുൻ അധ്യക്ഷൻ കെ. സുരേന്ദ്രനെ പരിഗണിച്ചതിനു പിന്നാലെയാണ് ഫണ്ടുവിവാദം വന്നത്. നേതൃത്വംമാറിയെങ്കിലും പാർട്ടി ആസ്ഥാനത്തെ മുൻകാല ജീവനക്കാരിൽ നല്ലൊരുഭാഗവും തുടരുന്നുണ്ട്. ഇതിലും പുനഃപരിശോധനയുണ്ടാകും.

അയോധ്യ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് ദേശീയതലത്തിൽ ബി.ജെ.പി.ക്കുണ്ടായ നാണക്കേടും സംസ്ഥാനനേതൃത്വത്തെയും സമ്മർദത്തിലാക്കിയിട്ടുണ്ട്. നീറ്റ്, നെറ്റ് പരീക്ഷാക്രമക്കേട് ഉൾ‌പ്പെടെയുള്ള വിവാദങ്ങളിലും എതിരാളികളുടെ ചോദ്യങ്ങൾക്കു മറുപടി പറയേണ്ട ബാധ്യത പാർട്ടി നേരിടുന്നുണ്ട്.