ഫണ്ട് വിവാദം: പകച്ച് BJP സംസ്ഥാനനേതൃത്വം; കൊടിവിതരണം ചെയ്ത ഉത്തരേന്ത്യൻ കമ്പനി പാർട്ടി നേതാക്കളുടേത്

#രതീഷ് രവി
പ്രതീകാത്മകചിത്രം | Photo: Mathrubhumi
പ്രതീകാത്മകചിത്രം | Photo: Mathrubhumi

കൊല്ലം: കൊടകര കുഴൽപ്പണക്കേസിന്റെ നാണക്കേടിൽനിന്നു കരകയറുംമുൻപ്‌ വീണ്ടുമുയർന്ന, തിരഞ്ഞെടുപ്പ്‌ ഫണ്ട് തിരിമറി ആരോപണത്തിൽ പകച്ച് ബി.ജെ.പി. സംസ്ഥാനനേതൃത്വം. സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർക്കുനേരെയാണ് ആരോപണമുയർന്നത്. തിരഞ്ഞെടുപ്പുപ്രചാരണത്തിന് കൊടി, തൊപ്പി, ഷാളുകൾ, അലങ്കാരവസ്തുക്കൾ എന്നിവ വാങ്ങിയതിൽ വൻ തുക കമ്മിഷൻ വാങ്ങിയെന്നാണ് പരാതി.

ഇതിനുപിന്നാലെ സംസ്ഥാന സെക്രട്ടറിയുൾപ്പെടെ മൂന്നു നേതാക്കളെ ചുമതലയിൽനിന്നു നീക്കിയെന്നുകാട്ടി രാജീവ് ചന്ദ്രശേഖറിന്‍റെ പേരിലുള്ള സർക്കുലർ പ്രചരിച്ചു. ഇതു നിഷേധിച്ച് രാജീവ്, കുറിപ്പിറക്കിയെങ്കിലും പാർട്ടിക്കുള്ളിൽ ഫണ്ട് വിവാദം പുകയുകയാണ്.

ഹെലികോപ്റ്റർ, വാഹന വാടക ഇനങ്ങളിലും ലക്ഷങ്ങളുടെ ക്രമക്കേടു നടന്നെന്ന്‌ ആരോപണമുയർന്നിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞതിനു പിന്നാലെതന്നെ സംസ്ഥാന സെക്രട്ടറിക്കെതിരായ ആരോപണമുയർന്നിരുന്നു. സംസ്ഥാന ട്രഷററും സെക്രട്ടറിയും തമ്മിൽ ഓഫീസിൽവെച്ച്‌ വാക്കേറ്റമുണ്ടായതായും പറയുന്നു. ആരോപണവിധേയയുടെ അക്കൗണ്ട് വിവരങ്ങളടക്കം ശേഖരിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു.

സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണക്കുറിപ്പോടെ തത്‌കാലം നടപടി വേണ്ടെന്ന നിലപാടിലായിരുന്നു നേതൃത്വം. ഇതിനിടെയാണ് പുറത്താക്കൽ വാർത്ത പ്രചരിച്ചത്. കൊടകര വിവാദത്തിന്റെ പശ്ചാത്തലത്തിൽ ക്വട്ടേഷൻ വിളിച്ചാണ് ഇത്തവണ ഇടപാടുകൾ നടത്തിയിരുന്നത്. എന്നിട്ടും തട്ടിപ്പുനടന്നെന്നത് നേതൃത്വത്തെ മുൾമുനയിലാക്കിയിട്ടുണ്ട്.

സംസ്ഥാന ജനറൽ സെക്രട്ടറി, സെക്രട്ടറി, ട്രഷറർ, ഓഫീസ് സെക്രട്ടറി എന്നിവരാണ് കരാറുകൾ ഉറപ്പിച്ചതെന്നാണ് വിവരം. കേരള നേതൃത്വം 1.75 കോടിക്ക് പ്രചാരണസാമഗ്രികൾ വാങ്ങാൻ നൽകിയ കരാറിലാണ് കമ്മിഷൻ ആരോപണമുയർന്നത്.

ഇതുപ്രകാരം കൊടികൾ നൽകിയ ഉത്തരേന്ത്യൻ സ്ഥാപനം തിരുവനന്തപുരം ജില്ലയിലെ ചില ജില്ലാ നേതാക്കന്മാരുടേതാണെന്നു വെളിവായതോടെ തട്ടിപ്പിന്റെ വ്യാപ്തി വലുതായിരിക്കുകയാണ്. തിരഞ്ഞെടുപ്പ് മാനേജ്‌മെന്റ് കമ്മിറ്റിയിലുണ്ടായിരുന്ന ഇവർ, മറ്റ് ക്വട്ടേഷനുകൾ കണ്ടതിനുശേഷം കുറഞ്ഞ തുക ക്വാട്ട് ചെയ്യുകയായിരുന്നത്രേ.

ഈ കരാർ ഉറപ്പിച്ച സമയത്തുതന്നെ കേരളത്തിന്റെ ചുമതല വഹിച്ച ദേശീയനേതാവുമായി ബന്ധപ്പെട്ട ഒരു സ്ഥാപനം അദ്ദേഹത്തിന്റെ നിർദേശപ്രകാരം രണ്ടുകോടിയുടെ കൊടികളും മറ്റും തിരുവനന്തപുരത്തെത്തിച്ചു. ഇനി കൊടികൾ ആവശ്യമില്ലെന്നും തുക കൂടുതലാണെന്നും പറഞ്ഞ്, ഇതിന്റെ പണം ആദ്യം നൽകിയില്ല.

പ്രമുഖ നേതാവ് ഇടപെട്ടതോടെ ഈ തുക കൈമാറി. ഈ കൊടികളും മറ്റും ഉപയോഗിക്കാതെ പലയിടങ്ങളിലുമായി സൂക്ഷിച്ചിരിക്കുകയാണിപ്പോൾ.

അന്വേഷണ കമ്മിഷൻ

ഫണ്ട് തട്ടിപ്പ് പരാതി അന്വേഷിക്കാൻ മുതിർന്ന നേതാക്കളായ കുമ്മനം രാജശേഖരൻ, പി.കെ. കൃഷ്ണദാസ് എന്നിവരടങ്ങുന്ന കമ്മിഷനെ ബി.ജെ.പി. നിയോഗിച്ചു. ആരോപണവിധേയയായ സംസ്ഥാന സെക്രട്ടറിയിൽനിന്ന് വെള്ളിയാഴ്ച കമ്മിഷൻ വിവരങ്ങൾ ശേഖരിച്ചുവെന്നാണ് വിവരം.

Content Highlights: Allegations of commission in purchasing campaign materials worth 1.75 crore. North Indian firm supplying flags linked to local BJP district leaders. Internal rift between state secretary and treasurer regarding financial irregularities. High-level inquiry commission appointed including Kummanam Rajasekharan and P.K. Krishnadas. Confusion over fake circulars regarding the removal of state office bearers.