ബിജെപിയിലെ ഫണ്ട് തിരിമറി: പുറത്തിറങ്ങി നടക്കാൻപറ്റാത്ത അവസ്ഥ, നേതൃത്വം പ്രതിരോധിച്ചില്ലെന്ന് വിമർശം

#സ്വന്തം ലേഖകൻ
രാജീവ് ചന്ദ്രശേഖര്‍ |ഫോട്ടോ:PTI
രാജീവ് ചന്ദ്രശേഖര്‍ |ഫോട്ടോ:PTI

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് ഫണ്ട് തിരിമറി ആരോപണം ഉയർന്നപ്പോൾ പാർട്ടി വേണ്ടവിധം പ്രതിരോധിച്ചില്ലെന്ന് ബി.ജെ.പി.യിൽ വിമർശം. പുറത്തിറങ്ങി നടക്കാൻപറ്റാത്ത അവസ്ഥയുണ്ടായെന്നുവരെ നേതാക്കൾ പറഞ്ഞു. വിവാദം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ആരോപണവിധേയർക്ക് വ്യക്തിപരമായി മാനനഷ്ടത്തിന് നടപടിയെടുക്കാമെന്നായിരുന്നു സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നിലപാട്.

ലോക്‌സഭാ തിരഞ്ഞെടുപ്പ് ഒരുക്കം ചർച്ചചെയ്യാൻ ചേർന്ന സംസ്ഥാന ജനറൽസെക്രട്ടറിമാരുടെയും വൈസ് പ്രസിഡന്റുമാരുടെയും യോഗത്തിലായിരുന്നു വിമർശം. പാർട്ടിയെ അപകീർത്തിപ്പെടുത്താനാണ് വിവാദം ഉയർത്തുന്നതെന്ന് യോഗത്തിൽ രാജീവ് ചന്ദ്രശേഖർ പറഞ്ഞു. ആരോപണങ്ങൾ അതിന്റെ വഴിക്കുപോകട്ടെയെന്നും തിരഞ്ഞെടുപ്പാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി. തട്ടിപ്പ് കണ്ടെത്തിയാൽ നടപടിയെടുക്കും. കൈമാറിയ പരാതികൾ അച്ചടക്കസമിതി പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. അച്ചടക്കലംഘനം ആരുനടത്തിയാലും നടപടിയുണ്ടാകും. ഫണ്ട് ക്രമക്കേട് സംബന്ധിച്ച് പരാതികൾ ഉയർന്നശേഷം നടന്ന യോഗത്തിൽ അതേപ്പറ്റി കാര്യമായ ചർച്ച ഉണ്ടായില്ല. പരാതിയുടെ അടിസ്ഥാനത്തിൽ ചിലർക്ക് കാരണംകാണിക്കൽ നോട്ടീസ് നൽകിയിട്ടുണ്ടെന്നാണ് വിവരം.

ആരോപണവിധേയനായ ഒരു നേതാവാണ് പാർട്ടിയുടെ പ്രതിരോധം ദുർബലമായെന്ന് കുറ്റപ്പെടുത്തിയത്. ഫണ്ട് വിവാദം അടഞ്ഞ അധ്യായമാണെന്നാണ് നേതൃത്വത്തിന്റെ നിലപാട്. സംസ്ഥാന അധ്യക്ഷന്റെ പേരിൽ വ്യാജ സർക്കുലർ പ്രചരിപ്പിച്ചതിനെതിരേ പോലീസിൽ പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് ആരോപണവിധേയർക്ക് ആവശ്യമെങ്കിൽ നിയമനടപടിയെടുക്കാമെന്ന ധാരണയായത്.

തിരഞ്ഞെടുപ്പ് സമയത്ത് തൃശ്ശൂരിൽ കോടിക്കണക്കിന് രൂപയെത്തിച്ചെന്ന് ആരോപണമുന്നയിച്ച മുൻ ഓഫീസ് സെക്രട്ടറിക്കെതിരേയും മാനനഷ്ടക്കേസ് വന്നേക്കും. യോഗത്തിൽ തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ചർച്ച ചെയ്തു. പല മണ്ഡലങ്ങളിൽനിന്നും റിപ്പോർട്ട് ലഭിച്ചിട്ടില്ല. രാജീവ് ചന്ദ്രശേഖർ വ്യാഴാഴ്ചയോ വെള്ളിയാഴ്ചയോ കേന്ദ്രമന്ത്രി അമിത്ഷാ ഉൾപ്പെടെയുള്ള നേതാക്കളെ കാണും.

Content Highlights: BJP leadership discusses election fund allegations in internal meeting, State President Rajeev Chandrasekhar dismisses claims as smear campaign, Disciplinary committee reviewing complaints, Legal action planned against those spreading false allegations, Focus remains on upcoming 2026 election preparations