കുമ്മനത്തിന് ആറന്മുള, സുരേന്ദ്രൻ മഞ്ചേശ്വരത്ത്; ബി.ജെ.പി. സ്ഥാനാർഥിപ്പട്ടിക കേന്ദ്രത്തിൽ

തിരുവനന്തപുരം: നിയമസഭയിലേക്കു ബി.ജെ.പി. സ്ഥാനാർഥികളുടെ പ്രാഥമികപട്ടിക കേന്ദ്രഘടകത്തിന്റെ പരിഗണനയ്ക്ക്. കേരളത്തിന്റെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി വിനോദ് താവ്ഡേയുടെ സാന്നിധ്യത്തിലും പട്ടിക ചർച്ചചെയ്തു. ആറന്മുളയിൽ മുതിർന്ന നേതാവ് കുമ്മനം രാജശേഖരനും മഞ്ചേശ്വരത്ത് മുൻപ്രസിഡന്റ് കെ. സുരേന്ദ്രനും പട്ടികയിലുണ്ട്. ബി.ജെ.പി.ക്കു നിർണായക സ്വാധീനമുള്ള നേമം മണ്ഡലത്തിൽ മത്സരിക്കുമെന്ന് സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേഖർ നേരത്തേ വ്യക്തമാക്കിയിരുന്നു. അതിനാണ് സാധ്യതയേറെയും.
മുൻ സംസ്ഥാന പ്രസിഡന്റും കേന്ദ്രമന്ത്രിയുമായ വി. മുരളീധരൻ - കഴക്കൂട്ടം, മുൻപ്രസിഡന്റും ദേശീയ നിർവാഹക സമിതിയംഗവുമായ പി.കെ. കൃഷ്ണദാസ് -കാട്ടാക്കട, സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആൻ്റണി -തിരുവല്ല, വൈസ് പ്രസിഡന്റ് ഷോൺ ജോർജ് -പാലാ, തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡൻ്റ് കരമന ജയൻ -തിരുവനന്തപുരം, ആലപ്പുഴ ജില്ലാ പ്രസിഡൻ്റ് സന്ദീപ് വാചസ്പതി -ചെങ്ങന്നൂർ തുടങ്ങിയവരുടെ പേരുകളാണ് പ്രാഥമികപട്ടികയിലുള്ളത്.
ജനറൽ സെക്രട്ടറി എം.ടി. രമേശിനെ തൃശ്ശൂരിൽ പരിഗണിക്കുന്നുണ്ട്. രമേശ് മത്സരിക്കുന്നില്ലെങ്കിൽ പത്മജാ വേണുഗോപാലിനാണ് സാധ്യത. മറ്റൊരു ജനറൽ സെക്രട്ടറി ശോഭാ സുരേന്ദ്രന് ഇതുവരെ മണ്ഡലം നിശ്ചയിച്ചിട്ടില്ലെങ്കിലും നാലോ അഞ്ചോ ഇടങ്ങളിലേക്ക് അവരുടെ പേരുയർന്നിട്ടുണ്ട്. വട്ടിയൂർക്കാവിൽ കൗൺസിലറും മുൻ ഡി.ജി.പി.യുമായ ആർ. ശ്രീലേഖയോ നടൻ കൃഷ്ണകുമാറോ മത്സരിച്ചേക്കും. ചാത്തന്നൂരിൽ നേരത്തേ മത്സരിച്ചിട്ടുള്ള മുൻജില്ലാ പ്രസിഡൻ്റുകൂടിയായ ബി.ബി. ഗോപകുമാർ, കരുനാഗപ്പള്ളിയിൽ ജിതിൻ ദേവ്, കാഞ്ഞിരപ്പള്ളി യിൽ എൻ. ഹരി എന്നിവരും മത്സരിക്കും. ബി.ഡി.ജെ.എസ്., ട്വൻ്റി 20 ഉൾപ്പെടെയുള്ള ഘടകക്ഷികൾക്ക് 40 സീറ്റ് നൽകും.
Content Highlights: BJP`s preliminary candidate list for Kerala assembly elections includes Kummanam Rajasekharan for Aranmula and K. Surendran for Manjeshwaram