സ്നേഹയാത്രക്ക് പകരം BJP-യുടെ ദേവാലയസന്ദർശനം; വൈദികർക്ക് മധുരംനൽകി രാജീവ് ചന്ദ്രശേഖറും സുരേഷ് ഗോപിയും

Photo: Screengrab/ Mathrubhumi News
Photo: Screengrab/ Mathrubhumi News

തിരുവനന്തപുരം: ഈസ്റ്റർ ദിനത്തിൽ വിവിധ ക്രൈസ്തവ ദേവാലയങ്ങൾ സന്ദർശിച്ച് ബിജെപി നേതാക്കൾ. മുൻവർഷങ്ങളിൽ നടത്തിയിരുന്ന, വീടുകൾ തോറും കയറിയുള്ള സ്നേഹയാത്ര ഇത്തവണ നടത്തുന്നില്ല. ഇതിന്‍റെ കുറവ് മറികടക്കാനാണ് ഈസ്റ്റർ ദിനത്തിൽ ദേവാലയങ്ങൾ സന്ദർശിക്കാൻ ബിജെപി നേതാക്കൾ തീരുമാനിച്ചത്.

തിരുവനന്തപുരം പാളയം ലൂർദ് ഫെറോന പള്ളിയിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശഖേർ സന്ദർശനം നടത്തി. കർദിനാൾ മാർ ജോർജ് ആലഞ്ചേരിയെ കണ്ട് ഈസ്റ്റർ ആശംസകൾ നേർന്നു. ബിജെപി അധ്യക്ഷനുമായി ഉണ്ടായത് അവിചാരിതമായ കണ്ടുമുട്ടലെന്ന് മാർ ജോർജ് ആലഞ്ചേരി പറഞ്ഞു.

തൃശ്ശൂർ അതിരൂപതാ ബിഷപ്പ് കൗൺസിലിലെത്തിയ മന്ത്രി സുരേഷ് ഗോപി ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്തിനെ കണ്ടു. ഇരുവരും മധുരം കൈമാറി. പിന്നീട് തൃശ്ശൂരിലെ പുത്തൻ പള്ളി, ഒല്ലൂർ പള്ളി എന്നിവടങ്ങളിലും സുരേഷ് ഗോപി സന്ദർശനം നടത്തി.

മുന്‍വര്‍ഷങ്ങളില്‍ ഈസ്റ്ററിന് പത്തുദിവസം മുന്‍പേതന്നെ സ്‌നേഹയാത്ര എന്ന പേരില്‍ ബിജെപിയുടെ ബൂത്ത് തലം മുതലുള്ള നേതാക്കള്‍ ക്രൈസ്തവ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും ആശംസകള്‍ കൈമാറുകയും ചെയ്തിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യേശുദേവന്റെയും ചിത്രങ്ങളുള്ള ആശംസാകാര്‍ഡുകളും കൈമാറിയിരുന്നു. എന്നാല്‍, ഇക്കുറി സ്‌നേഹയാത്ര ഇല്ലെന്നത് വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെയാണ് ദേവാലയങ്ങൾ സന്ദർശിക്കാനുള്ള പാര്‍ട്ടിയുടെ നീക്കം.

Content Highlights: BJP Leaders Visit Churches on Easter