ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിച്ചത് തന്റെ ഇടപെടലിലെന്ന് സുരേഷ് ഗോപി; രാജീവ് ചന്ദ്രശേഖറെന്ന് മറുപക്ഷം

#ന്യൂസ് ഡെസ്ക്
രാജീവ് ചന്ദ്രശേഖർ, സുരേഷ് ഗോപി | ചിത്രങ്ങൾ: മാതൃഭൂമി
രാജീവ് ചന്ദ്രശേഖർ, സുരേഷ് ഗോപി | ചിത്രങ്ങൾ: മാതൃഭൂമി

കാസർകോട്: നീലേശ്വരത്ത് രണ്ട് എക്സ്പ്രസ് തീവണ്ടികൾക്ക് പുതുതായി സ്റ്റോപ്പ് അനുവദിച്ചതിനെച്ചൊല്ലി ബി.ജെ.പി.യിൽ അവകാശത്തർക്കം. തന്റെ കത്ത്‌ പരിഗണിച്ചാണ് തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചതെന്ന് കേന്ദ്ര ടൂറിസം, പെട്രോളിയം, പ്രകൃതിവാതക സഹമന്ത്രി സുരേഷ് ഗോപി അവകാശപ്പെട്ടു. എന്നാൽ, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിന്റെയും ദേശീയ നിർവാഹകസമിതിയംഗം പി.കെ.കൃഷ്ണദാസിന്റെയും ഇടപെടലാണ് സ്റ്റോപ്പ് ലഭിക്കാൻ കാരണമെന്നാണ് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനിയുടെ വാദം. ഇക്കാര്യം വ്യക്തമാക്കി ഇരുവരും സാമൂഹികമാധ്യമ പോസ്റ്റുമിട്ടു.

പുണെ-എറണാകുളം പൂർണ എക്സ്പ്രസ് (11097/11098), രാമേശ്വരം-മംഗളൂരു സെൻട്രൽ പ്രതിവാര എക്സ്പ്രസ്  (16621/16622) തീവണ്ടികൾക്കാണ് നീലേശ്വരത്ത് സ്റ്റോപ്പ് അനുവദിച്ചത്. സ്റ്റോപ്പ് അനുവദിച്ചതിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് നന്ദിപറഞ്ഞുള്ള പോസ്റ്റിലാണ് രാജീവ് ചന്ദ്രശേഖറിന്റെയും പി.കെ.കൃഷ്ണദാസിന്റെയും ഇടപെടലാണ് ഇതിനുകാരണമെന്ന് എം.എൽ.അശ്വിനി പറയുന്നത്.

സംസ്ഥാനത്തെ റെയിൽവേ വികസനത്തിനും യാത്രക്ലേശം പരിഹരിക്കാനും ബി.ജെ.പി. എന്നും കൂടെയുണ്ടാകുമെന്നും അവർ അവകാശപ്പെടുന്നു.

നീലേശ്വരത്ത് കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിക്കണമെന്ന തന്റെ കത്ത്‌ പരിഗണിച്ച് രണ്ട്‌ പ്രധാന വണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചതായി റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചതായാണ് സുരേഷ് ഗോപിയുടെ പോസ്റ്റ്.

കാസർകോടിന്റെ നഷ്ടത്തെക്കുറിച്ച് മൗനം

രണ്ട്‌ തീവണ്ടികൾക്ക് സ്റ്റോപ്പ് അനുവദിച്ചതിനെച്ചൊല്ലി അവകാശത്തർക്കം രൂക്ഷമാണെങ്കിലും ദക്ഷിണ റെയിൽവേയിലെ പാലക്കാട് ഡിവിഷനിൽനിന്ന് മംഗളൂരു മേഖല ദക്ഷിണ പശ്ചിമ റെയിൽവേയിലെ മൈസൂരു ഡിവിഷനിലേക്ക് മാറ്റിയതിനു പകരമായി കാസർകോട് മേഖലയിൽ ഒരു ടെർമിനൽ സ്റ്റേഷൻ, പ്രത്യേക വികസന പാക്കേജ്, മെമു സർവീസ് തുടങ്ങിയവയൊന്നും നേടിയെടുക്കാനായില്ലെന്ന കാര്യത്തെക്കുറിച്ച് ആരും മിണ്ടുന്നതേയില്ല. ഈ മാറ്റത്തോടെ സംസ്ഥാനത്തുകൂടി ഒാടുന്ന ജനപ്രിയ തീവണ്ടികളുടെ നിയന്ത്രണം മൈസൂരു ഡിവിഷനായി. ഇതോടെ എമർജൻസി ക്വാട്ട, ജനറൽ റിസർവേഷൻ ക്വാട്ട എന്നിവയിൽ കുറവുണ്ടായി.

ഈ വണ്ടികളിൽ മലബാർ മേഖലയിലെ യാത്രക്കാർക്ക് ലഭിച്ചിരുന്ന മുൻഗണനയും നഷ്ടമായി. മംഗളൂരു സ്റ്റേഷനും അവിടത്തെ യാർഡുകളും മൈസൂരു ഡിവിഷന്റെ നിയന്ത്രണത്തിലായതോടെ, പുതിയ സ്പെഷ്യൽ തീവണ്ടികൾ അനുവദിക്കുമ്പോൾ കേരളത്തിന്റെ ആവശ്യങ്ങളേക്കാൾ കർണാടകയിലെ താത്‌പര്യങ്ങൾക്കാണ് ദക്ഷിണ പശ്ചിമ റെയിൽവേ മുൻഗണന നൽകുന്നത്. ചില സ്പെഷ്യൽ തീവണ്ടികൾ മംഗളൂരുവിനു പകരം കണ്ണൂരിൽനിന്നാണ് സർവീസ് തുടങ്ങുന്നത്. ഇതിന്റെയും പുതിയ മെമു, പാസഞ്ചർ തീവണ്ടികളില്ലാത്തതിന്റെയും നഷ്ടവും കാസർകോട് മേഖലയിലുള്ള യാത്രക്കാർക്കാണ്.

Content Highlights: A credit row erupted within Kerala BJP after Union Minister Suresh Gopi and Kasaragod district leaders made rival claims over securing new stops for Poorna and Rameswaram-Mangaluru Express trains at Nileshwar.