ബിജെപിയുടെ അനുനയനീക്കം ഫലംകണ്ടു; രാജി അറിയിപ്പ് പിൻവലിച്ച് ശ്രീലേഖ, പോസ്റ്റ് ഡിലീറ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി ഭരണത്തെ പ്രതിസന്ധിയിലാക്കി പാർട്ടി കൗൺസിലർ ആർ. ശ്രീലേഖ ഉയർത്തിയ രാജി പ്രഖ്യാപനം പിൻവലിച്ചു. ബിജെപി നേതാക്കൾ നടത്തിയ അനുനയ ശ്രമത്തിനൊടുവിലാണ് ശ്രീലേഖ രാജിയിൽനിന്ന് പിൻവാങ്ങിയത്. രാജിക്കത്ത് കൈമാറിയതായി അറിയിച്ച വാട്സാപ്പ് പോസ്റ്റ് ശ്രീലേഖ ഡിലീറ്റ് ചെയ്തു.
ശനിയാഴ്ച ശാസ്തമംഗലം വാർഡ് വാട്സാപ്പ് ഗ്രൂപ്പിലൂടെയാണ് താൻ മേയർക്ക് രാജിക്കത്ത് കൈമാറിയ കാര്യം ശ്രീലേഖ വെളിപ്പെടുത്തിയത്. രാജിക്കത്ത് ലഭിച്ചെന്ന് മേയർ സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ബിജെപി നേതാക്കൾ അനുനയം നടത്തിയത്. ശാരീരിക അസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിലുള്ള ശ്രീലേഖയെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുരേഷ് ഉൾപ്പെടെയുള്ളവർ സന്ദർശിക്കുകയും രാജിവാർത്ത തള്ളുകയും ചെയ്തിരുന്നു. പിന്നാലെയാണ് ശ്രീലേഖ വാട്സാപ്പ് ഗ്രൂപ്പിൽനിന്ന് രാജിക്കത്ത് കൈമാറിയെന്ന സന്ദേശം പിൻവലിച്ചത്.
എസ്. സുരേഷ് ശ്രീലേഖയെ സന്ദർശിച്ച ചിത്രം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉൾപ്പെടെ ഫെയ്സ്ബുക്കിലൂടെ പങ്കുവെക്കുകയും ചെയ്തിരുന്നു. ശ്രീലേഖയുമായി രാജീവ് ചന്ദ്രശേഖർ സംസാരിച്ചതായാണ് വിവരം.
ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ജനപ്രതിനിധി എന്ന നിലയിലുള്ള ചുമതല വേണ്ടവണ്ണം നിർവ്വഹിക്കാൻ കഴിയില്ലെന്ന ചിന്തയും ഉത്കണ്ഠയും അവർക്കുണ്ട്. അത് വേണ്ടപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തിയെന്ന് മാത്രമേയുള്ളൂവെന്നുമാണ് എസ്. സുരേഷ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
തന്നെ മേയറാക്കാത്തതിലുള്ള അതൃപ്തി പലപ്പോഴായി പങ്കുവെച്ചിട്ടുള്ള ശ്രീലേഖയുടെ രാജി പ്രഖ്യാപനം ബിജെപിയെ പ്രതിസന്ധിയിലാക്കിയിരുന്നു. ഒരു സ്വതന്ത്രന്റെ പിന്തുണയോടെ കോർപ്പറേഷൻ ഭരിക്കുന്ന ബി.ജെ.പിക്ക് ശ്രീലേഖ രാജിവെച്ചാൽ ഭൂരിപക്ഷം നഷ്ടപ്പെടുന്ന സാഹചര്യവുമുണ്ട്.
ഇതിനിടെ ആർ ശ്രീലേഖ ആശുപത്രിയിൽനിന്ന് ഡിസ്ചാർജാകുകയുംചെയ്തു.
Content Highlights: BJP councillor R. Sreelekha withdrew her resignation from the Thiruvananthapuram Corporation., Senior BJP leaders including S. Suresh held successful reconciliation talks., Health issues and anxiety were cited as reasons for her initial resignation post., The resignation had earlier threatened the BJP's fragile majority in the corporation.