അമിത് ഷായ്ക്ക് നേരെ കരിങ്കൊടി; സുരക്ഷാ വീഴ്ചയുണ്ടായെന്ന് ബിജെപി, ഡിജിപിക്കും കേന്ദ്രത്തിനും പരാതി

#ന്യൂസ് ഡെസ്ക്

കൊല്ലം: അമിത് ഷായുടെ കൊല്ലം സന്ദർശനത്തിനിടെ സുരക്ഷാവീഴ്ചയുണ്ടായതായി കാണിച്ച് ഡിജിപിക്കും കേന്ദ്ര ആഭ്യന്തര സെക്രട്ടറിക്കും ബിജെപി പരാതി നൽകി. ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി ഗോപകുമാറാണ് പരാതി നൽകിയത്. അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം.

ഇന്നലെ കുണ്ടറയിലെ പരിപാടിയിൽ പങ്കെടുക്കാൻ പോകുന്നതിനിടെ ആശ്രാമം മൈതാനത്തെ ഹെലിപ്പാഡ് പരിസരത്തുവെച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അമിത് ഷായെ കരിങ്കൊടി കാണിച്ചിരുന്നു. പോലീസ് ഇവരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. ഇത് സുരക്ഷാവീഴ്ചയാണെന്ന് ചൂണ്ടിക്കാട്ടി ഇന്നലെ തന്നെ ബി.ജെ.പി. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈസ്റ്റ് പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തിയിരുന്നു.

ബി.ജെ.പി. വെസ്റ്റ് ജില്ലാ പ്രസിഡന്റ് പ്രശാന്ത് മാർച്ച് ഉദ്ഘാടനം ചെയ്തു. പ്രവർത്തകർ പ്രകടനമായി ഈസ്റ്റ് പോലീസ് സ്റ്റേഷനിലെത്തി. മുഖ്യമന്ത്രി വി.ഡി. സതീശന്റെയും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെയും കോലം കത്തിച്ചും മുദ്രാവാക്യം വിളിച്ചുമായിരുന്നു പ്രതിഷേധം. പ്രകടനത്തെത്തുടർന്ന് ഈസ്റ്റ് പോലീസ് സ്റ്റേഷൻ പരിസരത്ത് സുരക്ഷ ശക്തമാക്കി. പ്രകടനത്തിനിടെ കോൺഗ്രസ്സിന്റെ കൊടികളും ഫ്‌ലക്‌സുകളും നശിപ്പിച്ചു.

Content Highlights: BJP filed a formal complaint with the DGP and Union Home Secretary regarding a security breach during Amit Shah's Kollam visit., Youth Congress workers showed black flags to Amit Shah near the Asramam grounds helipad in Kundara., BJP district leadership organized a protest march to the East police station condemning the incident.