ജമാ അത്തെഇസ്‌ലാമി ബന്ധം: എൽഡിഎഫും യുഡിഎഫും ലക്ഷ്യമിടുന്നത് സാമുദായിക ധ്രുവീകരണമെന്ന് കെ. സുരേന്ദ്രൻ

#ന്യൂസ് ഡെസ്ക്
കെ. സുരേന്ദ്രൻ | Photo - Mathrubhumi archives
കെ. സുരേന്ദ്രൻ | Photo - Mathrubhumi archives

കോഴിക്കോട്: ജമാ അത്തെ ഇസ്‌ലാമി ബന്ധത്തിന്റെപേരിൽ എൽ.ഡി.എഫും യു.ഡി.എഫും സംസ്ഥാനത്ത് സാമുദായികധ്രുവീകരണം ലക്ഷ്യമിടുകയാണെന്ന് ബി.ജെ.പി. മുൻ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പത്രസമ്മേളനത്തിൽ പറഞ്ഞു.

ഇരുമുന്നണികളും വർഗീയപ്രചാരണം നടത്തുന്നു. എല്ലാം ശരിയാവുമെന്ന് വാഗ്ദാനംചെയ്ത് അധികാരത്തിലേറി 10 വർഷം കഴിഞ്ഞിട്ടും എൽ.ഡി.എഫിന് ഒന്നും ശരിയാക്കാനായില്ല. ജമാ അത്തെ ഇസ്‌ലാമിയെ ഇപ്പോൾ കോൺഗ്രസും വി.ഡി. സതീശനുമാണ് വെള്ളപൂശുന്നത്. ജമാ അത്തെ ഇസ്‌ലാമി രാജ്യത്തെ തകർക്കാൻശ്രമിക്കുന്ന മതരാഷ്ട്രവാദികളാണ്.

രാജ്യത്തെ സമാധാനവും വികസനവും ഇവർ തകരാറിലാക്കുന്നു. ദീർഘകാലം ഇവർ എൽ.ഡി.എഫിനൊപ്പമായിരുന്നു. ജമാ അത്തെ ഇസ്‌ലാമി എന്ന വിഷപ്പാമ്പിനെ താലോലിച്ച് പാലുകൊടുത്ത് വളർത്തിയത് സി.പി.എമ്മാണ്. ഇന്ന് ലീഗ് പോലും ജമാ അത്തെ ഇസ്‌ലാമിയുമായി യോജിക്കുന്നു. സമസ്തമാത്രമാണ് ഇവരോട് എതിർപ്പ് പ്രകടമാക്കിയിട്ടുള്ളത്.

ശബരിമല സ്വർണക്കൊള്ളയുടെ ഉത്തരവാദിത്വത്തിൽനിന്ന് എൽ.ഡി.എഫിന് ഒഴിഞ്ഞുനിൽക്കാനാവില്ല. കടകംപള്ളി സുരേന്ദ്രൻ ഇതിൽ നമ്പർ വൺ പ്രതിയാണ്. യു.ഡി.എഫും ഇപ്പോൾ ഈ വിഷയത്തിൽ മൗനംപാലിക്കുകയാണെന്ന് സുരേന്ദ്രൻ പറഞ്ഞു. സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ് ബാബുവും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

Content Highlights: BJP alleges LDF and UDF are polarizing Kerala society through their stance on Jamaat-e-Islami. Find out more about the accusations and political fallout.