തലകൊണ്ട് കുത്തി സ്കൂൾ ബസിന്റെ ചില്ല് തകർത്ത് കാട്ടുപോത്ത്; ഡ്രൈവറുടെ സമയോചിത ഇടപെടലിൽ അപകടം ഒഴിവായി

#ന്യൂസ് ഡെസ്ക്
പോത്ത് കുത്തിയതിനെ തുടർന്ന് തകർന്ന ബസ്സിന്റെ ചില്ലുകൾ
പോത്ത് കുത്തിയതിനെ തുടർന്ന് തകർന്ന ബസ്സിന്റെ ചില്ലുകൾ

മാനന്തവാടി: സ്കൂൾ ബസ്സിനുനേരെ കാട്ടുപോത്തിന്റെ ആക്രമണം. മാനന്തവാടി സെയ്‌ന്റ് ജോസഫ്‌സ് ടി.ടി.ഐയുടെ ബസ്സിനു നേരെയാണ് കാട്ടുപോത്തിന്റെ ആക്രമണമുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് നാലോടെ പിലാക്കാവ് പഞ്ചാരക്കൊല്ലിയിലായിരുന്നു സംഭവം. ഒന്നുമുതൽ ഏഴുവരെ ക്ലാസിലുള്ള കുട്ടികൾ പഠിക്കുന്ന സ്കൂൾ അധ്യാപക പരിശീലനകേന്ദ്രം കൂടിയാണ്.

തേയിലത്തോട്ടത്തിൽക്കൂടി നടന്നെത്തിയ കാട്ടുപോത്ത് പൊടുന്നനെ ഓടി റോഡിലൂടെ നീങ്ങുകയായിരുന്ന ബസ്സിന്റെ പിൻഭാഗത്ത് തലകൊണ്ടിടിച്ച് ഓടിമറയുകയായിരുന്നു. ഡ്രൈവർ സമയോചിതമായി  വാഹനം നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. ഇരുപതോളം കുട്ടികളാണ് ബസ്സിലുണ്ടായിരുന്നത്. പോത്ത് കുത്തിയതിനെ തുടർന്ന് ബസ്സിന്റെ ചില്ലുകൾ തകർന്നു. ഈ ഭാഗത്തിരുന്ന രണ്ടു കുട്ടികൾക്കു നിസ്സാര പരിക്കേറ്റു. ഇവർക്ക് വയനാട് ഗവ. മെഡിക്കൽ കോളേജിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.

വനപാലകർ അനാസ്ഥ കാട്ടുന്നതായി ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു. പഞ്ചാരക്കൊല്ലി പ്രിയദർശിനി എസ്റ്റേറ്റിലുണ്ടായിരുന്ന എസ്റ്റേറ്റ് ചെയർമാൻ കൂടിയായ കളക്ടർ വി. ചെൽസാസിനിയുമായി നാട്ടുകാർ സംസാരിച്ചു. സംഭവത്തിന്റെ ഗൗരവം മനസ്സിലാക്കുന്നതായും കാട്ടുപോത്തിനെ വനത്തിലേക്ക് കയറ്റാനുള്ള നിർദേശം നൽകിയതായും കളക്ടർ അറിയിച്ചു. അടിക്കടി വന്യമൃഗശല്യം അനുഭവപ്പെടുമ്പോഴും പ്രദേശവാസികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ വനംവകുപ്പ് നിസ്സംഗത കാട്ടുന്നതായി നാട്ടുകാർ ആരോപിച്ചു.

രാത്രി ഏഴരയോടെ വനപാലകർ കാട്ടുപോത്തിനെ വനത്തിലേക്ക് തുരത്തി. പ്രതിഷേധത്തിനു കൗൺസിലർ വി.ആർ. പ്രവീജ്, മുജീബ് കോടിയോടൻ, സോമൻ വട്ടർകുന്ന്, സി.എച്ച്. സുഹൈർ, എ.കെ. റൈഷാദ്, ഫൈസൽപഞ്ചാരക്കൊല്ലി, ഒ.പി. ഷമീർ, നാസർ പുത്തൻ കുളം റഷീദ് നിലാംബരി തുടങ്ങിയവർ നേതൃത്വം നൽകി.

Content Highlights: A wild bison attacked a school bus carrying 20 children in Mananthavady., Two students sustained minor injuries and received treatment at Wayanad Govt Medical College., Locals protested against forest department negligence regarding frequent wildlife menace., Collector intervened and directed officials to drive the bison back into the forest.