കക്കയത്തെ കാട്ടുപോത്ത് ആക്രമണം; കോഴിക്കോട്ട് വൻ പ്രതിഷേധം, മൃതദേഹവുമായെത്തിയ ആംബുലൻസ് തടഞ്ഞു

കോഴിക്കോട്: കക്കയത്ത് വയോധികനെ കാട്ടുപോത്ത് കുത്തിക്കൊന്ന സംഭവത്തില്‍ കോഴിക്കോട് ശക്തമായ പ്രതിഷേധം. ജില്ലാ കളക്ടര്‍ എത്തി അക്രമിച്ച കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാന്‍ ഉത്തരവിടുകയും മരിച്ച അബ്രഹാമിന്റെ കുടുംബത്തിന് അടിയന്തര സഹായമായി 50 ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിക്കുകയും ചെയ്യാതെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിയാണ് കോൺഗ്രസിന്‍റെ നേതൃത്വത്തിൽ പ്രതിഷേധം.
കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നിലായിരുന്നു പ്രതിഷേധം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റാന്‍ ശ്രമിച്ചത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധക്കാര്‍ തടഞ്ഞു. ഡി.സി.സി. പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സ്ഥലത്ത് വന്‍ പോലീസ് സന്നാഹവും നിലയുറപ്പിച്ചിരുന്നു. പിന്നീട് കാട്ടുപോത്തിനെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ഇറക്കാമെന്ന് ജില്ലാ കളക്ടര്‍ ഉറപ്പുനല്‍കിയതായി പോലീസ് കമ്മിഷണര്‍ അറിയിച്ചതോടെയാണ് പ്രതിഷേധം അവസാനിപ്പിച്ച് മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റാൻ പ്രതിഷേധക്കാർ സമ്മതിച്ചത്.
'കഴിഞ്ഞ ദിവസം കാട്ടുപോത്ത് ജനവാസമേഖലയില്‍ ഇറങ്ങിയതിനെ തുടര്‍ന്ന് പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് ജില്ലാ കളക്ടര്‍ക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ യാതൊരു നടപടിയുമുണ്ടായില്ല. ഇത് കാട്ടുപോത്തിന്റെ ആക്രമണമല്ല, സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത കൊലപാതകമാണ്. കോഴിക്കോട്ടുകാരനായ വനംവകുപ്പ് മന്ത്രിക്ക് എന്താണ് ജോലി?', പ്രതിഷേധത്തിന് നേതൃത്വം നൽകിയ ഡി.സി.സി. പ്രസിഡന്റ് പ്രവീണ്‍കുമാര്‍ പറഞ്ഞു.
'കഴിഞ്ഞ ദിവസം കാട്ടുപോത്ത് ഇറങ്ങിയപ്പോള്‍ ഫോറസ്റ്റ് റെയിഞ്ചറാണ് എത്തിയത്. പടക്കം പൊട്ടിച്ചോ മറ്റോ കാട്ടിലേക്ക് തുരത്തിയോടിക്കാന്‍ മാത്രമാണ് റെയിഞ്ചര്‍ക്ക് കഴിയുക. കാട്ടില്‍ നിന്ന് 12 കിലോമീറ്ററോളം അകലെ കൂരാച്ചുണ്ട് ടൗണിലാണ് കാട്ടുപോത്തുള്ളത്. അതിനെ എങ്ങനെ കാട്ടിലേക്ക് ഓടിക്കാന്‍ കഴിയും? കഴിഞ്ഞ മാസം എറണാകുളത്തുനിന്ന് കക്കയം ഹൈഡല്‍ ടൂറിസം കേന്ദ്രത്തില്‍ വന്ന വിനോദസഞ്ചാരികളായ അമ്മയ്ക്കും കുഞ്ഞിനും കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റിരുന്നു. എന്നിട്ടും വനംവകുപ്പ് യാതൊരു നടപടിയുമെടുത്തില്ല', കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട പറഞ്ഞു.
അതേസമയം കൂരാച്ചുണ്ട് പഞ്ചായത്തില്‍ എല്‍.ഡി.എഫ്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. കക്കയത്ത് യു.ഡി.എഫും ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
Content Highlights: bison attack kozhikkode