കാസർകോട് ജനവാസമേഖലയിലിറങ്ങി കാട്ടുപോത്തുകളുടെ കൂട്ടം; ഭീതിയിൽ കർഷകർ | വീഡിയോ

#അർജുന്‍ കല്യാട് /മാതൃഭൂമി ന്യൂസ്
കാസർക്കോട്ട് കാട്ടുപോത്തുകൾ കൂട്ടത്തോടെ ജനവാസമേഖലയിലിറങ്ങിയപ്പോൾ | ഫോട്ടോ: Screengrab/ Mathrubhumi News
കാസർക്കോട്ട് കാട്ടുപോത്തുകൾ കൂട്ടത്തോടെ ജനവാസമേഖലയിലിറങ്ങിയപ്പോൾ | ഫോട്ടോ: Screengrab/ Mathrubhumi News

കാസർകോട്: കാസര്‍കോട് ജനവാസമേഖലയിൽ കാട്ടുപോത്തുകൾ കൂട്ടത്തോടെയിറങ്ങി. കാസര്‍കോട് കര്‍മ്മംത്തോടി കുളത്തിങ്കല്‍ പ്രദേശങ്ങളിലാണ് കാട്ടുപോത്തുകള്‍ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്.

ഈ മേഖലകളില്‍ സ്ഥിരമായി കാട്ടുപോത്തുകളിറങ്ങാറുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. കര്‍ഷകര്‍ക്ക് വലിയ തോതിലുള്ള ഭീഷണിയാണ് ഇവ ഉളവാക്കുന്നത്. ഇരുപത്തിയഞ്ചോളം കാട്ടുപോത്തുകളാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങിയത്. സമീപ ദിവസങ്ങളില്‍ കാട്ടുപോത്തുകളുടെ ആക്രമണമുണ്ടായതോടെ ജനങ്ങള്‍ ആശങ്കയിലാണ്. നിരവധി തവണ പരാതി നല്‍കിയെങ്കിലും ശാശ്വതമായ പരിഹാരം കണ്ടെത്താന്‍ വനംവകുപ്പിനായില്ലെന്നും പ്രദേശവാസികള്‍ പറയുന്നു. 

കഴിഞ്ഞ ദിവസം കാസര്‍കോട് പാണത്തൂരില്‍ വളര്‍ത്തു നായയേയും വളര്‍ത്തു മൃഗങ്ങളേയും അജ്ഞാതജീവി ആക്രമിച്ചിരുന്നു. ഇതും ജനങ്ങള്‍ക്ക് കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നത്. ജീവിയേതാണ് എന്ന് ഇതുവരെ തിരിച്ചറിയാനായിട്ടില്ല.

നേരത്തെ കോഴിക്കോട് താമരശ്ശേരി കട്ടിപ്പാറയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് പരിക്കേറ്റിരുന്നു. റബര്‍ ടാപ്പിങ്ങിനിടെയായിരുന്നു ആക്രമണം.

Content Highlights: wild bison, bison attack, kozhikode, kasargode