മദ്യനയത്തിൽ ചർച്ച; മുഖ്യമന്ത്രിയുടെ തീരുമാനം സ്വാഗതാർഹമെന്ന് ബിഷപ്പ് പാംപ്ലാനി

മാർ ജോസഫ് പാംപ്ലാനി | ഫോട്ടോ: മാതൃഭൂമി
മാർ ജോസഫ് പാംപ്ലാനി | ഫോട്ടോ: മാതൃഭൂമി

തലശ്ശേരി: സംസ്ഥാനത്തെ പുതിയ മദ്യനയവുമായി ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി വി.ഡി.സതീശൻ സ്വീകരിച്ച നിലപാടിനെ സ്വാഗതം ചെയ്ത് തലശ്ശേരി ആർച്ച് ബിഷപ്പ് ജോസഫ് പാംപ്ലാനി. മദ്യനയത്തിൽ വിശദമായ ചർച്ചയാകാമെന്ന മുഖ്യമന്ത്രിയുടെ തീരുമാനം തികച്ചും സ്വാഗതാർഹമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. പൊതുസമൂഹത്തിൽ നിന്ന് ഉയർന്നുവന്ന വികാരങ്ങളെ മാനിച്ചുകൊണ്ടാണ് മുഖ്യമന്ത്രി ഈ വിഷയം വിശദമായ ചർച്ചയ്ക്കായി മാറ്റിവെച്ചതെന്ന് ബിഷപ്പ് ചൂണ്ടിക്കാട്ടി.

കേരളത്തിലുടനീളം ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ശക്തമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ, ലഹരിക്ക് അനുകൂലമെന്ന് തോന്നിപ്പിക്കുന്ന ഒരു നിലപാടും ആരുടെയും ഭാഗത്തുനിന്നുണ്ടാകാൻ പാടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. മദ്യനയത്തിന്റെ മറവിൽ പുകമറ സൃഷ്ടിച്ച് സംസ്ഥാനത്ത് പ്രതിസന്ധികൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നവരുടെ നിലപാടുകളെ തള്ളിക്കളയാൻ മുഖ്യമന്ത്രി കാണിച്ച ആർജ്ജവം അഭിനന്ദനാർഹമാണെന്നും ബിഷപ്പ് പാംപ്ലാനി കൂട്ടിച്ചേർത്തു.