ജനന-മരണ രജിസ്‌ട്രേഷൻ ചട്ടങ്ങളിൽ മാറ്റം; പേരിനൊപ്പം ഇനിമുതൽ ഇനീഷ്യൽ പാടില്ല, ലിംഗവിഭാഗത്തിൽ ട്രാൻസ്ജെൻഡർ ഉൾപ്പെടുത്തി

#ന്യൂസ് ഡെസ്ക്
പ്രതീകാത്മക ചിത്രം | Photo: AI Generated
പ്രതീകാത്മക ചിത്രം | Photo: AI Generated

തിരുവനന്തപുരം: സംസ്ഥാനത്ത് ജനന-മരണ രജിസ്‌ട്രേഷനുള്ള ചട്ടം ഭേദഗതിചെയ്തു. പേര് ഫസ്റ്റ് നെയിം, മിഡിൽ നെയിം, ലാസ്റ്റ് നെയിം എന്നിങ്ങനെ രേഖപ്പെടുത്തണം. ചുരുക്കെഴുത്തോ ഇനീഷ്യലോ പാടില്ല. ലിംഗവിഭാഗത്തിൽ ട്രാൻസ്ജെൻഡർ പേഴ്‌സൺ എന്നും ഉൾപ്പെടുത്തി. വൈകിയുള്ള രജിസ്‌ട്രേഷന് ഫീസ് കൂട്ടി.

2023-ൽ കേന്ദ്രം നിർദേശിച്ച മാറ്റങ്ങളാണ് ഉൾപ്പെടുത്തിയത്. എന്നാൽ, ഈ വർഷം കേന്ദ്രം മറ്റൊരു മാറ്റം കൊണ്ടുവന്നിരുന്നു. പേര് ചേർക്കാതെ ജനനം രജിസ്റ്റർചെയ്ത സംഭവങ്ങളിൽ 15 വർഷം കഴിഞ്ഞാൽ പേര് ചേർക്കാനാകില്ലെന്നാണ് കേന്ദ്ര ഭേദഗതി. അതിന് ഈ വർഷം ജൂലായ് 13 വരെയാണ് സമയം അനുവദിച്ചത്. സയമപരിധി കഴിഞ്ഞതിനാൽ ഇത്തരം കേസുകളിൽ പേര് ചേർക്കാനാകാത്ത സ്ഥിതിയുണ്ട്. ഇതിന് പരിഹാരം കാണാനുള്ള വ്യവസ്ഥ സംസ്ഥാനചട്ടത്തിൽ ഇനിയും ഉൾപ്പെടുത്തിയിട്ടില്ല.

കുട്ടികളെ ദത്തെടുക്കുന്നത് ഇനിമുതൽ പ്രത്യേക ഫോറത്തിൽ (ഫോറം നമ്പർ 1) രജിസ്റ്റർചെയ്യണം. ജനന-മരണ രജിസ്‌ട്രേഷൻ വൈകിയാൽ 21-30 ദിവസംവരെ 20 രൂപ ഫീസ് നൽകണം. മുൻപ്‌ ഇത് രണ്ടുരൂപയായിരുന്നു. 30 ദിവസത്തിനുശേഷം ഒരു വർഷത്തിനുള്ളിൽ 50 രൂപ. ജില്ലാ രജിസ്ട്രാറുടെ അല്ലെങ്കിൽ അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്റെ അനുമതി വേണം. ഒരുവർഷം വൈകിയാൽ ജില്ലാ മജിസ്ട്രേറ്റ് അല്ലെങ്കിൽ സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അല്ലെങ്കിൽ അധികാരപ്പെടുത്തിയ എക്സിക്യുട്ടീവ് മജിസ്ട്രേറ്റിന്റെ ഉത്തരവ് വേണം. മരണകാരണ സർട്ടിഫിക്കറ്റിൽ മുൻകാല രോഗവിവരങ്ങളും ഉൾപ്പെടുത്തണം.

Content Highlights: Kerala has amended its birth and death registration rules, prohibiting initials in names in favor of full first, middle, and last names, introducing a transgender option, and increasing late registration fees.