പക്ഷിപ്പനി നഷ്ടപരിഹാരം വൈകിയേക്കും; കേന്ദ്രം നൽകാനുള്ളത് 2.28 കോടി

ആലപ്പുഴ: പക്ഷിപ്പനി നഷ്ടപരിഹാരം ഇത്തവണയും വൈകിയേക്കും. മുൻവർഷത്തെ നഷ്ടപരിഹാരമായി 2.28 കോടി രൂപ കേന്ദ്രസർക്കാർ ഇനിയും സംസ്ഥാനത്തിനു നൽകാനുണ്ട്. ഇതു ലഭിച്ചാൽ മാത്രമേ ചത്തതും പ്രതിരോധത്തിന്റെ ഭാഗമായി കൊന്നതുമായ പക്ഷികളുടെ നഷ്ടപരിഹാരം കർഷകർക്കു നൽകാനാകൂ.
ഇത്തവണ ആലപ്പുഴ ജില്ലയിൽ 13 ഇടത്താണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ആദ്യഘട്ടത്തിൽ 28,000-ലേറെ പക്ഷികളെ കൊന്നു. കഴിഞ്ഞദിവസം രോഗം സ്ഥിരീകരിച്ച ഇടങ്ങളിൽ വെള്ളിയാഴ്ച മുതൽ പക്ഷികളെ കള്ളിങ്ങിനു വിധേയമാക്കുന്നുണ്ട്. 13,000 പക്ഷികളെ കൊല്ലാനാണ് ലക്ഷ്യമിട്ടിട്ടുള്ളത്.
പക്ഷിപ്പനി കൂടുതൽ മേഖലയിലേക്കു പടരുന്ന സാഹചര്യമാണുള്ളത്. അതിനാൽ, കൊല്ലേണ്ട പക്ഷികളുടെ എണ്ണം ഇനിയുമുയരാനാണ് സാധ്യത. കേന്ദ്രഫണ്ട് വൈകുന്നതിനാൽ സംസ്ഥാന ഫണ്ടിൽനിന്നാണ് കഴിഞ്ഞതവണ പക്ഷികളെ കൊന്നതിനുള്ള നഷ്ടപരിഹാരം കർഷകർക്കു നൽകിയത്. അതും ഏറെ മാസങ്ങൾക്കു ശേഷമായിരുന്നു.
കേന്ദ്ര ഫണ്ട് വൈകിയാൽ ഇത്തവണയും സംസ്ഥാന ഫണ്ടിൽനിന്ന് എടുക്കേണ്ടിവരും. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാൽ പക്ഷിപ്പനി നഷ്ടപരിഹാരം വൈകിപ്പിക്കുന്നത് സർക്കാരിന്റെ പ്രതിച്ഛായയ്ക്കു ദോഷമാകും. അതിനാൽ തിരഞ്ഞെടുപ്പിനു മുൻപ് നഷ്ടപരിഹാരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
Content Highlights: Bird flu compensation for farmers in Alappuzha faces delays as the central government owes Rs 2.28 crore. Find out when farmers can expect payments.