ജി.സുധാകരന്റെ അവസ്ഥ ദയനീയം, പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് വര്‍ഗീയവാദ സമീപനമുളളവര്‍-ബിപിന്‍ സി. ബാബു

ആലപ്പുഴ: മുതിര്‍ന്ന സി.പി.എം നേതാവ് ജി.സുധാകരന് പാര്‍ട്ടിയില്‍ ദയനീയമായ അവസ്ഥയാണെന്ന് സി.പി.എം വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന ബിപിന്‍ സി ബാബു. ഇന്ത്യയിലെ ഏറ്റവും നല്ല പൊതുപ്രവര്‍ത്തകനാണ് ജി.സുധാകരനെന്ന പറഞ്ഞ ബിപിന്‍ ആലപ്പുഴയില്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് വര്‍ഗീയവാദ സമീപനമുളളവരാണെന്നും പറഞ്ഞു.
കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സി.പി.എമ്മിനുണ്ടായ ദയനീയ പരാജയം കണ്ടതാണ്. കേരളത്തിലുള്ള അവസ്ഥ അതുതന്നെയാണ്. ഇനി മുന്നോട്ടുപോകാന്‍ ഈ പാര്‍ട്ടിക്ക് പറ്റില്ല. പ്രത്യേകിച്ച് ജി സുധാകരന്റെ അവസ്ഥ. ഒരു വിഭാഗത്തിന്റെ കയ്യിലേക്ക് പാര്‍ട്ടി പോവുകയാണ്. ഇന്ത്യയിലെ ഏറ്റവും നല്ല പൊതുപ്രവര്‍ത്തകനാണ്. ഏറ്റവും നല്ല മന്ത്രിയായിപ്രവര്‍ത്തിച്ചു. ദീര്‍ഘകാലം കേരളത്തിന് വേണ്ടി സേവനമനുഷ്ടിച്ചയാളാണ് ജി.സുധാകരന്‍. അദ്ദേഹത്തിന് പോലും ഈ പാര്‍ട്ടിയില്‍ ദയനീയമായ അവസ്ഥയാണ് ആലപ്പുഴയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. - ബിപിന്‍ സി ബാബു പറഞ്ഞു.
നിരവധിപ്പേര്‍ സിപിഎം വിട്ടുപോകുമെന്നും മറ്റൊരു പ്രസ്ഥാനത്തില്‍ ചേരുന്നത് പദവിക്കുവേണ്ടിയല്ലെന്നും ബിപിന്‍ പറഞ്ഞു. ആലപ്പുഴയില്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത് വര്‍ഗീയവാദ, തീവ്രവാദ സമീപനമുളളവരാണ്. അതിന്റെ ഭാഗമാണ് ജി.സുധാകരനുള്‍പ്പെടെയുള്ളവര്‍ക്കുണ്ടായ അനുഭവങ്ങള്‍. അതേസമയം രാജ്യം ഭരിക്കുന്ന ബി.ജെ.പിയുടെ അവസ്ഥ ദയനീയമല്ലെന്നും സിപിഎമ്മിന് മതനിരപേക്ഷത നഷ്ടപ്പെട്ടുവെന്നും ബിപിന്‍ പറഞ്ഞു.
നേരത്തേ സിപിഎം അമ്പലപ്പുഴ ഏരിയാ സമ്മേളനത്തില്‍ നിന്ന് സുധാകരനെ ഒഴിവാക്കിയിരുന്നു. ഉദ്ഘാടന ചടങ്ങിലേക്കും പൊതുസമ്മേളനത്തിലേക്കും സുധാകരനെ ക്ഷണിച്ചില്ല. ജി.സുധാകരന്റെ പറവൂരിലെ വീടിന് തൊട്ടടുത്താണ് സി.പി.എം ഏരിയാ സമ്മേളനം നടക്കുന്നത്.
Content Highlights: bipin c babu about g sudhakaran cpm