ശരിയാക്കാമെന്ന് പറഞ്ഞാൽ പോരാ ശരി ചെയ്യണം; സഖാക്കളെ കേൾക്കാത്തത് തോൽവിക്ക് കാരണമായി-ബിനോയ് വിശ്വം

വൈക്കം: ഇടതുപക്ഷ പാർട്ടി പ്രവർത്തകരേയും അനുഭാവികളേയും പരിഗണിക്കുന്നതിൽ എൽ.ഡി.എഫ്. സർക്കാരിന് വീഴ്ചയുണ്ടായെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കേരള സംസ്ഥാന ചെത്തുത്തൊഴിലാളി ഫെഡറേഷൻ (എ.ഐ.ടി.യു.സി.) 21-ാം സംസ്ഥാന സമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം വൈക്കം ഇണ്ടത്തുരുത്തിമനയിലെ സമ്മേളനഹാളിൽ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിണറായി വിജയന്റെ പേര് ഒരിടത്തുപോലും പരാമർശിച്ചില്ലെങ്കിലും പിണറായി വിജയനെ ഉന്നമിട്ടായിരുന്നു ബിനോയ് വിശ്വത്തിന്റെ വാക്കുകൾ.
പയ്യന്നൂരും തളിപ്പറമ്പിലും അമ്പലപ്പുഴയിലും വൈക്കത്തും കൊടുങ്ങല്ലൂരൂം കമ്യൂണിസ്റ്റ് പാർട്ടികളും ഇടതുപക്ഷവും തോൽക്കാൻ പാടില്ലായിരുന്നു. നമ്മുടെ ആളുകൾത്തന്നെ നമുക്ക് വോട്ട് ചെയ്തില്ല. തോൽവിയേക്കുറിച്ച് നാം പഠിക്കുമ്പോൾ ഈ ചോദ്യം നാം ചോദിക്കണം. പാർട്ടി ബന്ധുക്കളെ, നമ്മുടെ എല്ലാം എല്ലാമായവരെ നമ്മുടെ സഖാക്കളെ നാം വേണ്ടത്ര ഗൗരവത്തിൽ പരിഗണിച്ചോ, കേട്ടോ, പഠിച്ചോ? ഏറ്റവുംചെറിയ ആവശ്യംപോലും നാം അവർക്കുവേണ്ടി ചെയ്തുകൊടുത്തോ എന്ന് ചിന്തിക്കണം, ബിനോയ് വിശ്വം പറഞ്ഞു.
നമ്മുടെ പ്രവർത്തകരിൽ പലരും നമുക്ക് വോട്ട് ചെയ്തില്ല. വോട്ട് ചെയ്യാതെ ഇടതുപക്ഷത്തെ തോൽപ്പിച്ചത് തെറ്റാണ്. ആ തെറ്റ് പരിശോധിക്കപ്പെടണം. നമ്മൾ നമ്മുടെ ആളുകളിൽനിന്ന് പ്രതീക്ഷിക്കുന്നതുപോലെ അവരും നമ്മളിൽനിന്ന് ചില കാര്യങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന കാര്യം നാം തിരിച്ചറിയണം. ആ തെറ്റ് എന്തുകൊണ്ട് ഉണ്ടായി എന്ന് നമ്മൾ ചിന്തിക്കണം. പാഠം പഠിക്കുമ്പോൾ എന്തു കൊണ്ട് തോറ്റുവെന്ന് നാം പഠിക്കണം. നാം തോൽക്കാൻ പാടില്ല. അമ്പലപ്പുഴയിൽ തോൽക്കാൻ പാടില്ല. പുന്നപ്രയുടെ മണ്ണാണത്. തോൽവി തോൽവിയാണ്. വീഴ്ചയുണ്ടായാൽ വീഴ്ച്ചയാണെന്ന് പറയും.
കള്ള് വ്യവസായത്തെ സംരക്ഷിക്കുന്നതിൽ എൽ.ഡി.എഫ്. സർക്കാരിന് വീഴ്ചയുണ്ടായി. അത് മറച്ചുവെക്കുന്നില്ല. ബാറിന് ദൂരപരിധി 50 മീറ്റർ. ഷാപ്പിന് 400 മീറ്റർ. ഇതെന്തു ന്യായം. ഇത് അന്യായമാണ്. ഈ ന്യായം മനസിലാക്കേണ്ടത് ഇടതുപക്ഷമാണ്. എൽ.ഡി.എഫ്. കൺവീനറായിരുന്ന ടി.പി. രാമകൃഷ്ണന് അറിയാം, എല്ലാ യോഗത്തിലും സി.പി.ഐ. പ്രതിനിധികൾ ഈ വിഷയം ഉന്നയിച്ചിരുന്നത്. കള്ള് വ്യവസായത്തെ രക്ഷിക്കാൻ കടപ്പെട്ട രാഷ്ടീയം ഇടുപക്ഷമാണ്. ന്യായമായ കാര്യങ്ങൾ ചെയ്യുമെന്ന് പ്രതീക്ഷിച്ചു. എൽ.ഡി.എഫ്. യോഗത്തിൽ ഈ വിഷയം ഉന്നയിക്കുമ്പോഴെല്ലാം ശരിയാക്കാമെന്ന് മുഖ്യമന്ത്രിയും പറഞ്ഞു. അഞ്ചുകൊല്ലം ഭരിച്ചിട്ടും ഒന്നും ചെയ്തില്ല. ശരിയാക്കാമെന്ന് പറഞ്ഞാൽ പോരാ, ശരി ചെയ്തുകാണിക്കണമെന്നും അദ്ദേഹം പറഞ്ഞു.