രാത്രി കസ്റ്റഡി അനധികൃതം; എഎസ്‌ഐയെയും സസ്‌പെൻഡ് ചെയ്യും; വീട്ടുടമക്കെതിരേ പരാതി നല്‍കുമെന്ന് ബിന്ദു

തിരുവനന്തപുരം: പേരൂര്‍ക്കട സ്റ്റേഷനില്‍ മോഷണക്കുറ്റം ആരോപിച്ച് ദളിത് സ്ത്രീയെ ഒരുദിവസം രാത്രികസ്റ്റഡിയില്‍ വെച്ച സംഭവത്തില്‍ എഎസ്ഐ പ്രസന്നനെ സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനം. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ റിപ്പോര്‍ട്ടിലാണ് നടപടി. ഇതുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് നാളെയിറങ്ങിയേക്കും. യുവതിയെ അനധികൃതമായാണ് പോലീസ് സ്റ്റേഷനില്‍ ഒരു രാത്രി കസ്റ്റഡിയില്‍ സൂക്ഷിച്ചിരുന്നതടക്കമുള്ള കാര്യം അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
മാത്രമല്ല, കസ്റ്റഡി അടക്കമുള്ള കാര്യങ്ങള്‍ നിയമം പാലിച്ചല്ല ചെയ്തത്. കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്കും ശുപാര്‍ശയുണ്ട്. കന്റോണ്‍മെന്റ് എസി സ്റ്റ്യുവര്‍ട്ട് കീലറാണ് സിറ്റി പോലീസ് കമ്മിഷണര്‍ തോംസണ്‍ ജോസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
റിപ്പോര്‍ട്ടില്‍ വിശദമായ തുടരന്വേഷണത്തിനും കമ്മിഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. പോലീസ് സ്റ്റേഷനിലെ സിസിടിവി ദൃശ്യങ്ങള്‍ പൂര്‍ണമായും പരിശോധിക്കണം. 16 മണിക്കൂറോളം വരുന്ന വിവിധ സിസിടിവി ക്യാമറാദൃശ്യങ്ങളാണ് പരിശോധിക്കേണ്ടത്. ആദ്യം നല്‍കിയ പരാതിയില്‍ പറയാത്ത ചില ആരോപണങ്ങള്‍കൂടി വീണ്ടും പരാതിക്കാരി ഉന്നയിച്ചിട്ടുണ്ട്. ഇതുകൂടി പരിശോധിക്കാനാണ് തീരുമാനം.
ചോദ്യംചെയ്യാനായി വിളിച്ചുവരുത്തിയ സ്ത്രീയെ രാത്രി കസ്റ്റഡിയില്‍ സൂക്ഷിക്കേണ്ട കാര്യമില്ലായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുന്നത്. ഒരുസ്ത്രീയെ കസ്റ്റഡിയില്‍ എടുക്കുമ്പോഴും തുടര്‍ന്നും പാലിക്കേണ്ട നിയമനടപടികള്‍ സ്വീകരിച്ചില്ല. കസ്റ്റഡിയിലാണെന്ന വിവരം ഇവരുടെ വീട്ടില്‍ അറിയിച്ചില്ല. എഫ്ഐആര്‍പോലും രജിസ്റ്റര്‍ ചെയ്തിരുന്നില്ല.
എന്നാല്‍, മാല മോഷ്ടിച്ചുവെന്നത് ചോദ്യംചെയ്യലിന്റെ തുടക്കത്തില്‍ത്തന്നെ ബിന്ദു സമ്മതിച്ചതിനാലാണ് കസ്റ്റഡിയില്‍ സൂക്ഷിച്ചതെന്നാണ് പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണ ഉദ്യോഗസ്ഥനു നല്‍കിയിരിക്കുന്ന മൊഴി. ഇതിനെത്തുടര്‍ന്നാണ് ബിന്ദുവിന്റെ വീട്ടില്‍ തൊണ്ടിമുതല്‍ വീണ്ടെടുക്കാനായി പരിശോധന നടത്തിയത്. എന്നാല്‍, ഇവിടെ നാട്ടുകാരും മറ്റുംകൂടി ബഹളമായതിനാല്‍ പരിശോധന നടത്താനായില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാല്‍, പോലീസിനെ പേടിച്ചാണ് മോഷണം സമ്മതിച്ചതെന്നാണ് ബിന്ദുവിന്റെ മൊഴി.
കുടിവെള്ളവും ഭക്ഷണവും നല്‍കിയില്ല എന്ന ബിന്ദുവിന്റെ പരാതിയും സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ വിശദമായി പരിശോധിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ബിന്ദു കുടിവെള്ളം ആവശ്യപ്പെടുന്നതും പിആര്‍ഒ ഇരിക്കുന്നതിനു സമീപത്ത് വെള്ളം െവച്ച സ്ഥലത്തേക്ക് പോലീസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നതും നിലവില്‍ പരിശോധിച്ച ദൃശ്യങ്ങളിലുണ്ട്.
ബിന്ദു പറഞ്ഞതുപോലെ വെള്ളത്തിനു ശുചിമുറിയിലേക്കു പറഞ്ഞുവിടുന്ന ദൃശ്യങ്ങള്‍ ഉണ്ടോ എന്നതും പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. സസ്പെന്‍ഷനിലായ എസ്ഐ ഉള്‍പ്പെടെ ആറുപേര്‍ക്കെതിരേയാണ് ബിന്ദു പരാതി പറഞ്ഞിട്ടുള്ളത്. സ്റ്റേഷനിലെത്തിയവരുടെ മുന്നില്‍ െവച്ച് തുടര്‍ച്ചയായി അസഭ്യം പറഞ്ഞു. ഭീഷണിപ്പെടുത്തുകയും നിറവും ജാതിയും പറഞ്ഞ് അധിക്ഷേപിച്ചു, മാനസികമായി പീഡിപ്പിച്ചു തുടങ്ങിയ ആരോപണങ്ങളാണ് രണ്ട് വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്കെതിരേയുള്ളത്.
വീട്ടുടമക്കെതിരേ കേസുമായി മുന്നോട്ടുപോകുമെന്ന് ബിന്ദു
നെടുമങ്ങാട്: താന്‍ മാല മോഷ്ടിച്ചെന്ന് പേരൂര്‍ക്കട പോലീസില്‍ പരാതി നല്‍കിയ വീട്ടുടമസ്ഥ ഓമന ഡാനിയേലിനും മകള്‍ക്കുമെതിരേ കേസുമായി മുന്നോട്ടുപോകുമെന്ന് പോലീസ് പീഡനത്തിന് ഇരയായ ബിന്ദു.
കേരളത്തില്‍ ഒരു സ്ത്രീയും അനുഭവിക്കാത്ത കൊടിയ മാനസികപീഡനമാണ് ദളിത് സ്ത്രീയായ തനിക്ക് അനുഭവിക്കേണ്ടി വന്നത്. ഇങ്ങനെയൊരു അനുഭവം ഇനിയാര്‍ക്കും ഉണ്ടാകരുത്. മാല കാണാനില്ലെന്നു കാട്ടി ഓമന പരാതി നല്‍കിയ ഉടനെ അന്വേഷണം നടത്താതെയാണു തന്നെ പ്രതിയാക്കി കേസെടുത്ത് പീഡിപ്പിച്ചത്. 20 മണിക്കൂര്‍ വെള്ളവും ആഹാരവും തരാതെ പട്ടിണിക്കിട്ടു.
ഓമനയുടെ വീട്ടില്‍ മൂന്നു ദിവസം മാത്രമാണ് ജോലിക്ക് പോയത്. രാവിലെ ആറ് മുതല്‍ വൈകീട്ട് അഞ്ച് മണിവരെയായിരുന്നു ജോലിസമയം.500 രൂപയായിരുന്നു കൂലി. അടിമയെപ്പോലെയാണ് ഓമനയും മകളും തന്നെ കണ്ടിരുന്നത്. അതുകൊണ്ടാണ് മൂന്നാംദിവസം ജോലി മതിയാക്കിയത്. ശമ്പളം പോലും വാങ്ങാതെയാണ് അവിടെനിന്ന് പോന്നത്. പലവട്ടം അവര്‍ വിളിച്ചിട്ടും താന്‍ ജോലിക്ക് പോയില്ല. ഇതിലുള്ള വൈരാഗ്യമാണ് കള്ളക്കേസില്‍ കുടുക്കാന്‍ കാരണമെന്നു ബിന്ദു പറയുന്നു.
ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് താന്‍ നിയമനടപടിയുമായി മുന്നോട്ടുപോകുന്നത്. തന്നെ വേട്ടയാടി എല്ലാ പോലീസുകാരുടെ പേരിലും നടപടി വേണമെന്ന് ബിന്ദു നിറകണ്ണുകളോടെ ആവശ്യപ്പെടുന്നു.
പിന്തുണയുമായി മന്ത്രിമാരും ജനപ്രതിനിധികളും
നെടുമങ്ങാട്: പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ ദുരനുഭവം നേരിടേണ്ടിവന്ന ബിന്ദുവിനു പിന്തുണയുമായി മന്ത്രിമാരും ജനപ്രതിനിധികളും വീട്ടിലെത്തി. സംഭവിക്കാന്‍ പാടില്ലാത്തതാണ് ബിന്ദുവിന്റെ കാര്യത്തില്‍ പേരൂര്‍ക്കട പോലീസ് സ്റ്റേഷനില്‍ നടന്നതെന്നും കുറ്റക്കാരെ മുഴുവന്‍ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമെന്നും ബിന്ദുവിന്റെ വീട്ടിലെത്തിയ മന്ത്രി ജി.ആര്‍.അനില്‍ പറഞ്ഞു.
ബിന്ദുവുമായി സംസാരിച്ചപ്പോള്‍ കൂടുതല്‍ പോലീസുകാര്‍ പ്രതികളാണെന്നു മനസ്സിലാക്കിയതായും ഇവര്‍ക്കെതിരേയും നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു.
ഡി.കെ.മുരളി എംഎല്‍എ, സിപിഎം ജില്ലാസെക്രട്ടറി വി.ജോയ്, ആര്‍.ജയദേവന്‍, സിപിഎം നെടുമങ്ങാട് ഏരിയാ കമ്മിറ്റി സെക്രട്ടറി കെ.പി.പ്രമോഷ്, ടി.എസ്.ബൈജു എന്നിവര്‍ മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
നാടിന്റെ പിന്തുണ
ബിന്ദുവിന് പൂര്‍ണ പിന്തുണയുമായി നാട് ഒപ്പംചേര്‍ന്നു. ജനപ്രതിനിധികളും പ്രദേശ വാസികളുമെല്ലാം ആശ്വസിപ്പിക്കാന്‍ വീട്ടിലെത്തുന്നുണ്ട്.
ഗ്രാമപ്പഞ്ചായത്ത് ഭരണസമിതിയിലെ മിക്ക അംഗങ്ങള്‍ക്കും ബിന്ദുവിനേയും കുടുംബത്തേയും അടുത്തറിയാം. ബിന്ദുവിന്റെ ഭാഗത്തുനിന്ന് ഒരിക്കലും ഇങ്ങനെയൊന്ന് ഉണ്ടാകില്ലെന്നു അവര്‍ പറയുന്നു. കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റുന്നത്.
വീട്ടുജോലിക്ക് പോകുന്നതില്‍ ബിന്ദുവിനു തീരെ താത്പര്യമുണ്ടായിരുന്നില്ല. മക്കളുടെ പഠനവും മറ്റ് ചെലവുകളും കൂട്ടിമുട്ടിക്കാന്‍ കഴിയാതെ വന്നപ്പോഴാണ് ബിന്ദു വീട്ടുജോലിക്കിറങ്ങിയത്. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എസ്.മിനി, വാര്‍ഡ് അംഗം എസ്.കെ.ഷൈല എന്നിവരുടെ നേതൃത്വത്തില്‍ എല്ലാ അംഗങ്ങളും രണ്ടു ദിവസമായി ബിന്ദുവിന്റെ വീട്ടില്‍ തന്നെയുണ്ട്.
രാത്രി ഒന്‍പതു മണിക്ക് തെളിവെടുപ്പിനായി പേരൂര്‍ക്കട പോലീസ് ബിന്ദുവിനെ വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ ഇവള്‍ മാല മോഷ്ടിച്ചെന്നു അയല്‍ക്കാരോടെല്ലാം പോലീസ് പറഞ്ഞു.
എന്നാല്‍ നാട്ടുകാര്‍ മുഴുവന്‍ അതിനെ എതിര്‍ത്താണ് പോലീസിനോടു സംസാരിച്ചത്. എന്തു തെളിവാണ് നിങ്ങളുടെ കൈയിലുള്ളതെന്നു പോലീസിനോട് പലരും ചോദിച്ചു. അവരെയെല്ലാം വിരട്ടിയോടിക്കാനാണ് പോലീസ് ശ്രമിച്ചത്.
Content Highlights: A Dalit woman in Kerala was falsely accused of theft and subjected to police brutality