ഇത് ബിന്ദുവിന്റെ വിജയം; ദളിത് യുവതിക്കെതിരേ പോലീസ് ആരോപിച്ച മാല മോഷണം നുണക്കഥയെന്ന് ക്രൈംബ്രാഞ്ച്

ബിന്ദു | ഫയല്‍ചിത്രം
ബിന്ദു | ഫയല്‍ചിത്രം

തിരുവനന്തപുരം:  വീട്ടുജോലിക്കാരിയായ ദളിത് യുവതിയെ മാല മോഷണക്കേസില്‍ കുടുക്കാന്‍ പോലീസ് മെനഞ്ഞത് അടിമുടി നുണക്കഥയെന്ന് ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. തിരുവനന്തപുരം പനവൂര്‍ സ്വദേശിനി ബിന്ദു(36)വിനെ മോഷണക്കുറ്റം ആരോപിച്ച്  പേരൂര്‍ക്കട പോലീസ് സ്‌റ്റേഷനില്‍ 20 മണിക്കൂറോളം മാനസികമായി പീഡിപ്പിച്ച സംഭവത്തിലാണ് ക്രൈംബ്രാഞ്ച് പോലീസിനെതിരേ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. 

അമ്പലമുക്ക് സ്വദേശിനിയായ ഓമന ഡാനിയേലിന്റെ വീട്ടിലാണ് ബിന്ദു ജോലിക്കുനിന്നിരുന്നത്. ഇവിടെനിന്ന് മോഷണംപോയ മാല പിന്നീട് വീടിന് പിന്നിലെ മാലിന്യക്കൂനയില്‍നിന്ന് കണ്ടെത്തിയെന്നായിരുന്നു പോലീസ് നേരത്തേ പറഞ്ഞിരുന്നത്. മോഷ്ടിച്ച മാല ബിന്ദു മാലിന്യക്കൂനയില്‍ ഉപേക്ഷിച്ചതാകാമെന്നായിരുന്നു പോലീസ് പറഞ്ഞിരുന്നത്. എന്നാല്‍, പോലീസ് പറഞ്ഞതെല്ലാം നുണക്കഥയാണെന്നാണ് ജില്ലാ ക്രൈംബ്രാഞ്ചിന്റെ അന്വേഷണ റിപ്പോര്‍ട്ട്. വീട്ടുടമയായ ഓമന ഡാനിയേലിന് മറവിപ്രശ്‌നമുണ്ട്. കാണാതായ മാല ഇവര്‍ വീട്ടിനുള്ളില്‍ തന്നെ വെച്ചിരുന്നു. വീട്ടിനുള്ളില്‍നിന്നാണ് മാല പിന്നീട് കണ്ടെത്തിയത്. ബിന്ദുവിനെ കസ്റ്റഡിയിലെടുത്തത് ന്യായീകരിക്കാനാണ് പോലീസ് നുണക്കഥ മെനഞ്ഞതെന്നും ക്രൈംബ്രാഞ്ച് പറയുന്നു. സംഭവത്തില്‍ പേരൂര്‍ക്കട എസ്എച്ച്ഒയായിരുന്ന ശിവകുമാറിനെതിരേ നടപടി വേണമെന്നും ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുണ്ട്. 

അമ്പലമുക്ക് സ്വദേശിനിയായ ഓമന ഡാനിയേലിന്റെ വീട്ടില്‍നിന്ന് സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ബിന്ദുവിനെ പേരൂര്‍ക്കട പോലീസ് കസ്റ്റഡിയിലെടുത്ത് പീഡിപ്പിച്ചത്. വെള്ളംപോലും നല്‍കാതെ ഒരുരാത്രി മുഴുവന്‍ പോലീസ് സ്റ്റേഷനിലിരുത്തി ബിന്ദുവിനെ പോലീസ് മാനസികമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. മാല മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു ആവര്‍ത്തിച്ചിട്ട് പറഞ്ഞിട്ടും പോലീസ് ഇതൊന്നും ചെവികൊണ്ടില്ല. തുടര്‍ന്ന് വീട്ടില്‍നിന്ന് മാല കിട്ടിയതോടെയാണ് മണിക്കൂറുകള്‍ക്ക് ശേഷം പോലീസ് ബിന്ദുവിനെ വിട്ടയച്ചത്. 

സത്യം തെളിഞ്ഞെന്ന് ബിന്ദു...
പോലീസ് കെട്ടിച്ചമച്ച മാലമോഷണത്തില്‍ ഒടുവില്‍ സത്യംതെളിഞ്ഞെന്ന് ബിന്ദു. ''അന്നേ പറഞ്ഞതാ ഞാന്‍ മാല മോഷ്ടിച്ചില്ല എന്ന്. പോലീസ് സ്റ്റേഷനില്‍വെച്ച് എന്നെ വിവസ്ത്രയാക്കി ദേഹ പരിശോധന നടത്തി. മാല മോഷണം പോയില്ല. മാല വീട്ടില്‍ തന്നെ ഉണ്ടായിരുന്നു. വലിയ വേദനയാണ് ഞാന്‍ അനുഭവിച്ചത്. പോലീസ് സ്റ്റേഷനില്‍വെച്ച് അനുഭവിച്ചത് എനിക്ക് മറക്കാനാവില്ല'', ബിന്ദു പറഞ്ഞു. 

Content Highlights: Crime Branch finds Kerala police fabricated a theft case against a Dalit domestic worker