പോലീസ് തലപ്പത്ത് വന്‍ അഴിച്ചുപണി; മനോജ് എബ്രാഹം വിജിലന്‍സ് ഡയറക്ടറാവും

തിരുവനന്തപുരം: സംസ്ഥാന പോലീസ് തലപ്പത്ത് അഴിച്ചുപണി. 19 ഉദ്യോഗസ്ഥര്‍ക്കാണ് മാറ്റം. എഡിജിപി മനോജ് എബ്രാഹമിനെ വിജിലന്‍സ് ഡയറക്ടറായി നിയമിച്ചു.
പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സ് എ.ഡി.ജി.പി.ആയി പത്മകുമാറിന് ചുമതല നല്‍കി. എ.ആര്‍ അജിത് കുമാര്‍ എ.പി ബറ്റാലിയന്‍ എഡിജിപി ആവും. ഉത്തരമേഖല ഐ.ജിയായി തുമ്മല വിക്രമിനെ നിയമിച്ചു.യോഗേഷ് ഗുപ്തയ്ക്ക് ബെവ്‌കോ എം.ഡിയായി വീണ്ടും നിയമനം നല്‍കി. നിലവിലെ ബെവ്‌കോ എം.ഡി ശ്യാം സുന്ദറിന് ക്രൈം ഡി.ഐ.ജിയായി നിയമനം നല്‍കി.
ജില്ലാ പോലീസ് മേധാവികള്‍ക്കും മാറ്റമുണ്ട്. കോട്ടയം എസ്.പി ആയി കെ. കാര്‍ത്തിക്കിനും കൊല്ലം സിറ്റി പോലീസ് കമ്മീഷണറായി മെറിന്‍ ജോസഫിനും നിയമനം നല്‍കി. വയനാട് എസ്.പി അരവിന്ദ് സുകുമാറിനെ മാറ്റി ആർ. ആനന്ദിനെ പുതിയ വയനാട് എസ്.പിയായി നിയമിച്ചു. കുര്യാക്കോസ് വി.യു ആണ് പുതിയ ഇടുക്കി എസ്.പി.
കോഴിക്കോട് റൂറല്‍ എസ്.പി. ആയി ആര്‍. കറുപ്പ് സ്വാമിയെ നിയമിച്ചു. നിലവിലെ കോഴിക്കോട് റൂറല്‍ പോലീസ് മേധാവി എ. ശ്രീനിവാസനെ സ്പെഷൽ ബ്രഞ്ച് (സെക്യൂരിറ്റി) എസ്പിയായും ഡി. ശില്‍പയെ വനിതാ സെല്‍ എസ്.പിയായും നിയമിച്ചു. നിലവില്‍ കോട്ടയം ജില്ലാ പോലീസ് മേധാവിയാണ് ശില്‍പ ഡി.
കൊല്ലം സിറ്റി കമ്മിഷണറായിരുന്ന ടി. നാരായണനെ പൊലീസ് ആസ്ഥാനത്തെ അഡി. ഐ.ജിയായി നിയമിച്ചു.
Content Highlights: big shuffle in state police department