ബേക്കൽ:വേദിയും പാളവും തമ്മിൽ ദൂരം 100 മീറ്റർ മാത്രം;അന്ന് തീവണ്ടി തട്ടി കൈ അറ്റു,ഇന്ന് ജീവൻ പൊലിഞ്ഞു

#ന്യൂസ് ഡെസ്ക്
ബേക്കൽ ബീച്ച് പാർക്കും റെയിൽവേപ്പാളവും
ബേക്കൽ ബീച്ച് പാർക്കും റെയിൽവേപ്പാളവും

ബേക്കൽ(കാസർകോട്): ബേക്കൽ ബീച്ച് ഫെസ്റ്റിവലിൽ പങ്കെടുക്കാനെത്തിയവർ തീവണ്ടി തട്ടി അപകടത്തിൽപ്പെടുന്നത് ഇത് രണ്ടാം തവണ. 2022-ൽ നടന്ന ഒന്നാം ബേക്കൽ ബീച്ച് ഫെസ്റ്റിവലിന് മലയോരത്തുനിന്നെത്തിയ ഗൃഹനാഥന് തീവണ്ടിതട്ടി പരിക്കേറ്റിരുന്നു. അദ്ദേഹത്തിന് അന്ന് ഒരു കൈയാണ് നഷ്ടപ്പെട്ടതെങ്കിൽ തിങ്കളാഴ്ച ഒരു യുവാവിന്റെ ജീവൻതന്നെ നഷ്ടപ്പെട്ടു. എൻജിനിയറിങ് കോളേജ് വിദ്യാർഥി പൊയിനാച്ചിപ്പറമ്പിലെ ശിവനന്ദൻ (19) ആണ് തീവണ്ടി തട്ടി മരിച്ചത്.

ബീച്ച് ഫെസ്റ്റിവൽ വേദിയും തീവണ്ടിപ്പാളവും തമ്മിൽ 100 മീറ്ററോളം ദൂരം മാത്രമാണുള്ളത്. വേദിയിലേക്ക് വരാനും പോകാനും എളുപ്പം നോക്കി പാളം മുറിച്ചുകടക്കുന്നത് അപകടമുണ്ടാക്കുമെന്ന് ആദ്യ ഫെസ്റ്റിവലിന്റെ തുടക്കത്തിൽത്തന്നെ 'മാതൃഭൂമി' ചൂണ്ടിക്കാണിച്ചിരുന്നു. 2023-ൽ നടന്ന രണ്ടാം ബീച്ച് ഫെസ്റ്റിവലിൽ തീവണ്ടിപ്പാളത്തിനടുത്ത് താത്കാലിക സുരക്ഷാവേലി നിർമിക്കുകയും വൊളന്റിയർമാരെ നിയോഗിക്കുകയും ചെയ്തിരുന്നു. 2024-ൽ ബേക്കൽ ബീച്ച് ഫെസ്റ്റിവലിന് പകരം ലളിതമായ രീതിയിൽ ബീച്ച് കാർണിവലാണ് നടത്തിയത്.

ഇത്തവണ മൂന്നാം ബീച്ച് ഫെസ്റ്റിവലിന് ടൂറിസം പോലീസ് സ്റ്റേഷന്റെ പിറകിൽ കൂടി പള്ളിക്കര കവലയിലേക്ക് എത്തുന്ന ഇടവഴി ടിൻഷീറ്റ് വെച്ച് മറച്ചിട്ടുണ്ട്. അതിനപ്പുറം റെയിൽവേ മേൽപ്പാലത്തിനടിയിലൂടെയുള്ള ഭാഗം തുറന്നുകിടക്കുകയാണ്. മുൻകാലങ്ങളിൽ അവിടെ മുളവേലി നിർമിച്ചിരുന്നു. ബേക്കൽ ഫോർട്ട് റെയിൽവേ സ്റ്റേഷന്റെ വടക്കുഭാഗവും തുറന്നുകിടക്കുകയാണ്. ഇതിനോട് ചേർന്ന് ബിആർഡിസി നിർമിച്ച ബീച്ച് പാർക്കിന്റെ മതിലിന് ഉയരവും വളരെ കുറവാണ്. അതിനാൽ പാളം മുറിച്ച് കടക്കുന്നവർക്ക് ഈ മതിൽ ചാടിക്കടന്ന് വേദിയിലേക്ക് എത്താനും തിരികെ പോകാനും കഴിയും.

മൂന്നാം ഫെസ്റ്റിവലിന്റെ തുടക്കംമുതൽ വലിയ ആൾക്കൂട്ടമുണ്ടായിരുന്നു. എന്നാൽ, സുരക്ഷാക്രമീകരണങ്ങൾ കഴിഞ്ഞതവണത്തെയത്രയില്ലായിരുന്നു. തിങ്കളാഴ്ച രാത്രി റാപ്പർ വേടന്റെ സംഗീതപരിപാടിക്കായി ബേക്കൽ ബീച്ച് കടപ്പുറം കാണാൻ കഴിയാത്തവിധം ആൾക്കാർ തിങ്ങിക്കൂടിയിരുന്നു. അരലക്ഷത്തോളം പേർ എത്തിയെന്നാണ് രഹസ്യാന്വേഷണവിഭാഗത്തിന്റെ കണക്ക്. വൈകുന്നേരം ആറുമുതൽ കാത്തുനിന്ന കാണികൾ പരിപാടി തുടങ്ങിയപ്പോഴേക്കും ക്ഷീണിതരായിരുന്നു. നൂറുകണക്കിന് പോലീസുകാരുണ്ടായിരുന്നെങ്കിലും അവർക്ക് നിയന്ത്രിക്കാൻ കഴിയാത്തത്ര ആസ്വാദകർ വേദിക്കുമുന്നിൽ തിങ്ങിനിറഞ്ഞു. വേദിക്ക് നടുവിലൂടെ നെടുനീളത്തിലുള്ള സ്റ്റേജായിരുന്നു. ആദ്യം പാടിയ പ്രസീത ചാലക്കുടിയും തുടർന്നു വന്ന വേടനും പാടിക്കൊണ്ട് ഈ സ്റ്റേജിലൂടെ നടക്കുമ്പോൾ ഇടയ്ക്ക് പാട്ട് നിർത്തി 'അവിടെയൊരാൾ ബോധം കെട്ട് വീണിട്ടുണ്ടെന്നും ആരോഗ്യപ്രവർത്തകർക്കെത്താൻ വഴി ഒരുക്കണമെന്നും' അഭ്യർഥിക്കുന്നത് കേൾക്കാമായിരുന്നു.

പാട്ടിന്റെ ആവേശത്തിൽ ആസ്വാദകർ ബാരിക്കേഡുക്കളെ അവഗണിച്ചതുമൂലം കൂട്ടത്തോടെ വീഴുന്നുമുണ്ടായിരുന്നു. പരിപാടിക്കിടെ ഒട്ടേറെ കുട്ടികൾ രക്ഷിതാക്കളിൽനിന്ന് ഒറ്റപ്പെട്ടു. 10.30-ന് പരിപാടി അവസാനിപ്പിച്ചതോടെ തിരിച്ചുപോകാനും തിരക്കായി. റെയിൽവേതന്നെ സ്ഥാപിച്ച ഉരുക്കുവേലിക്കിടയിലൂടെ മറുപുറം കടന്ന് പാളം മുറിച്ച് സംസ്ഥാനപാതയിലേക്ക് എത്താൻ ആസ്വാദകർ തിരക്കുകൂട്ടുന്നുമുണ്ടായിരുന്നു. വേടന്റെ പരിപാടിക്കിടെ ആറുപേരെയേ ശ്വാസതടസ്സം കാരണം ആസ്പത്രിയിലേക്ക് മാറ്റിയിട്ടുള്ളൂവെന്നും അവരെ ഉടൻതന്നെ ഡിസ്ചാർജ് ചെയ്തതായും ജില്ലാ പോലീസ് മേധാവി വിജയ് ഭരത് റെഡ്ഡി അറിയിച്ചു.

മുന്നറിയിപ്പുണ്ടായിരുന്നു

വേടന്റെ പരിപാടിക്ക് പ്രതീക്ഷയ്ക്കുമപ്പുറം കാണികളെത്തുമെന്നും കൂടുതൽ കരുതൽ ഉണ്ടാകണമെന്നും രഹസ്യാന്വേഷണവിഭാഗം മുന്നറിയിപ്പ് നൽകിയിരുന്നു. റെയിൽവേപ്പാളത്തിന് സമീപം അപകടസാധ്യതയുണ്ടെന്ന മുന്നറിയിപ്പും ബന്ധപ്പെട്ടവർ അവഗണിച്ചു. നേരത്തേ ഇവിടെ ടൂറിസം പോലീസുകാരന് ഡ്യൂട്ടിക്കിടയിൽ തീവണ്ടിതട്ടി പരിക്കേറ്റിരുന്നു.

ആൾക്കൂട്ടത്തെ നിയന്ത്രിക്കും -കളക്ടർ

ബേക്കൽ ഫെസ്റ്റ് വീക്ഷിക്കാൻ ജനത്തിരക്ക് വർധിക്കുന്ന സാഹചര്യത്തിൽ ദുരന്തം ഒഴിവാക്കാനുള്ള നടപടികൾക്ക് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ഉത്തരവ് നൽകിയെന്ന് കളക്ടർ കെ.ഇമ്പശേഖർ അറിയിച്ചു. ബുധനാഴ്ച ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ ജില്ലാ പോലീസ് മേധാവി ബേക്കൽ ബീച്ച് പാർക്കിൽ ക്യാമ്പ് ചെയ്ത് നടപടി സ്വീകരിക്കും.

ബീച്ച് ഫെസ്റ്റ് നടക്കുന്ന പാർക്കിലും പരിസരങ്ങളിലും ദുരന്തം ഒഴിവാക്കാൻ മുൻകരുതൽ സ്വീകരിക്കും. ഇതിനായി ബന്ധപ്പെട്ട വകുപ്പുകളെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും കളക്ടർ അറിയിച്ചു.

Content Highlights: A youth lost his life after being hit by a train near the Bekal Beach Festival venue. This is the second such incident, raising serious safety concerns.