ക്ഷമയില്ല.. ഇനിയും ‘വെളുപ്പിച്ച്’ മരിക്കണോ? മുന്നറിയിപ്പുമായി ഡോക്ടർമാർ; സൗന്ദര്യവർധക വസ്തുക്കളുടെ മറവിൽ വിഷം വിൽക്കരുത് – ഐ.എം.എ.

തിരുവനന്തപുരം: ‘‘നിന്റെ മുഖത്ത് എന്താ ഒരു പാട്? എന്താണ് കരുവാളിപ്പ്? നീ നല്ല കറുത്തിട്ടാണല്ലോ?’’ ഇത്തരം ചോദ്യം കേട്ടാൽ എത്രപേർ ധൈര്യത്തോടെ കേട്ടു നിൽക്കും? പെട്ടെന്ന് വെളുക്കാൻവേണ്ടി ഓടുന്നവരാണ് പലരും. രണ്ട് വർഷംമുൻപ് 'വെളുത്തിട്ട് പാറ്' എന്ന വാക്കുണ്ടാക്കിയ ഓളവും അതിനെത്തുടർന്നുണ്ടായ സംഭവങ്ങളും ആരും മറക്കാൻ സാധ്യതയില്ല.
വെളുത്ത നിറമാണ് സൗന്ദര്യത്തിന്റെ അടിസ്ഥാനമെന്ന് ഇക്കാലത്തും വിശ്വസിക്കുന്നവരുണ്ട് എന്നതിന് ഉദാഹരണമാണ് കഴിഞ്ഞദിവസങ്ങളിൽ വന്ന വാർത്തകൾ. സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള പരസ്യങ്ങളും ഇൻഫ്ലുവൻസർമാരുടെ സ്വാധീനവും ഇത്തരം ഉത്പന്നങ്ങളുടെ വിപണി വളരാൻ കാരണമാകുന്നുണ്ട്.
സൗന്ദര്യവർധക വസ്തുക്കളുടെ മറവിൽ വിഷം വിൽക്കരുത് – ഐ.എം.എ.
മെർക്കുറി അമിതമായിയടങ്ങിയ വ്യാജ ഫെയർനസ് ക്രീമുകളുടെ ഉപയോഗത്തെത്തുടർന്ന് വൃക്കരോഗങ്ങൾ വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നത് ഗൗരവത്തോടെ കാണണമെന്ന് ഐ.എം.എ.യുടെ മുന്നറിയിപ്പ്.
വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ക്രീമുകളുടെ വിൽപ്പന വർധിക്കുന്ന സാഹചര്യത്തിൽ സംശയാസ്പദമായ ക്രീമുകളുടെ സാമ്പിളുകൾ ശേഖരിച്ച് സർക്കാർ അംഗീകൃത ലാബുകളിൽ പരിശോധിക്കുന്നതടക്കമുള്ള നടപടികൾ സർക്കാർ സ്വീകരിക്കണം.
ലൈസൻസില്ലാത്തതും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാത്തതുമായ ഉത്പന്നങ്ങളുടെ നിർമ്മാണവും വിൽപ്പനയും തടഞ്ഞ് സ്റ്റോക്ക് പിടിച്ചെടുത്ത് കുറ്റക്കാർക്കെതിരെ നിയമനടപടി സ്വീകരിക്കണം.
സാമൂഹികമാധ്യമങ്ങൾ വഴി വ്യാജ ഉത്പന്നങ്ങൾ കണ്ടെത്തി അവയുടെ പരസ്യവും വിൽപ്പനയും അടിയന്തരമായി തടയണമെന്നും ഐ.എം.എ. ആവശ്യപ്പെട്ടു.
മുന്നറിയിപ്പുമായി ഡോക്ടർമാർ
പെട്ടെന്ന് ഫലം കിട്ടുമെന്ന് പരസ്യം ചെയ്യുന്ന ക്രീമുകൾക്കെതിരെ പൊതുജനം ജാഗ്രത പാലിക്കണമെന്ന് ഡെർമറ്റോളജിസ്റ്റുകളുടെ സംഘടന.
സൗന്ദര്യവർധകവസ്തുക്കൾ ഉപയോഗിക്കുമ്പോൾ അവ ശരീരത്തെ ദോഷകരമായി ബാധിക്കുന്നില്ലെന്ന് ഉറപ്പ് വരുത്താൻ പൊതുജനങ്ങൾ ശ്രദ്ധിക്കണമെന്ന് ഇന്ത്യൻ അസോസിയേഷൻ ഓഫ് ഡെർമറ്റോളജിസ്റ്റ്സ് വൈറോളജിസ്റ്റ്സ് ആൻഡ് ലൈപ്രോളജിസ്റ്റ്സ് ആവശ്യപ്പെട്ടു.
- സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതും യാഥാർഥ്യത്തിന് നിരക്കാത്തതുമായപരസ്യങ്ങളിൽ മയങ്ങി അംഗീകൃതമല്ലാത്ത ക്രീമുകൾ വാങ്ങി വഞ്ചിതരാകാതിരിക്കുക.
- ചർമരോഗങ്ങൾക്കും സൗന്ദര്യവർധകചികിത്സകൾക്കുമായി യോഗ്യരായ ഡെർമറ്റോളജിസ്റ്റുകളെ (ചർമരോഗവിദഗ്ധരെ) മാത്രം സമീപിക്കുക.
- ഡോക്ടർമാർക്ക് അംഗീകൃത ഡെർമറ്റോളജി ബിരുദങ്ങൾ (എം.ഡി., ഡി.എൻ.ബി., ഡി.ഡി.വി.എൽ. അല്ലെങ്കിൽ ഡി.വി.ഡി.) ഉണ്ടെന്ന് ഉറപ്പുവരുത്തുക.
ദുരുപയോഗം വ്യാപകം
വളരെ നാളായി ഒരു ക്രീം ഉപയോഗിക്കുന്നതിനെത്തുടർന്ന് ചർമത്തിൽ നിറവ്യത്യാസം ഉണ്ടാകുന്നുവെന്ന് പറഞ്ഞ് 18 വയസ്സുള്ള കുട്ടി തന്നെ സമീപിച്ചിരുന്നു. നിർദേശമനുസരിച്ച് പെൺകുട്ടി ഫെയർനസ് ക്രീം ഉപയോഗം നിർത്തി.
സൺസ്ക്രീം തുടങ്ങിയ ചർമസംരക്ഷണമാർഗങ്ങൾ ഉപയോഗിച്ചത് പ്രശ്നങ്ങൾ മാറ്റാൻ സഹായകമായി. സൗന്ദര്യവർധകവസ്തുക്കളുടെ ദുരുപയോഗം വ്യാപകമായി കണ്ടുവരുന്നുണ്ട്. ലേഡീസ് സ്റ്റോറുകൾ വഴിയും ഇത്തരം ക്രീമുകൾ വിറ്റഴിക്കപ്പെടുന്നു.
ഇവയിലൊന്നും ഉപയോഗിച്ചിരിക്കുന്ന വസ്തുക്കളുടെ അളവും നിർമ്മാണരീതിയും കാലവധിയും ഒന്നും ശ്രദ്ധിക്കാതെയാണ് പലരും ഉപയോഗിക്കുന്നത്. പെട്ടെന്ന് വെളുക്കാനും പാടുകൾ മാറ്റാനുമൊക്കെയാണ് ഇത്തരം ക്രീമുകൾ പലരും ഉപയോഗിക്കുന്നത് – ഡോ. അഞ്ജു എസ്. നായർ, ജൂനിയർ കൺസൽട്ടന്റ്, ഡിസ്ട്രിക്ട് ഹോസ്പിറ്റൽ, നെടുമങ്ങാട്
ബോധവത്കരണം വേണം
സൗന്ദര്യം വർധിപ്പിക്കുന്ന കാര്യത്തിൽ പെട്ടെന്ന് ഫലം കിട്ടണമെന്നാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ക്ഷമയെന്നത് കൗമാരക്കാരിലും മുതിർന്നവരിലും തീരെയില്ല. കൗമാരക്കാരിൽ ചർമസംരക്ഷണശീലങ്ങൾ കുറവായതിനാൽ സൗന്ദര്യവർധനവിന് എളുപ്പവഴികൾ തേടാറാണ് പതിവ്.
വിവിധ കമ്പനികൾ ഒട്ടേറെ സാമ്പിളുകൾ വിപണിയിൽ ഇറക്കുന്നുണ്ട്. അവയിലെ ചേരുവകൾ എന്താണെന്ന് മനസ്സിലാക്കാൻ ശ്രമിക്കാതെയാണ് പലരും വാങ്ങി ഉപയോഗിക്കുന്നത്. ഇതിൽ ബോധവത്കരണം ആവശ്യമുണ്ട് – വിജി (ബ്യൂട്ടീഷ്യൻ, ഫെയർ സലൂൺ, കണ്ണമ്മൂല)
ചർമസംരക്ഷണത്തിന് പ്രകൃതിദത്തമാർഗം
ചർമസംരക്ഷണത്തിനായി പ്രകൃതിദത്തമായ മാർഗങ്ങളാണ് തിരഞ്ഞെടുക്കുന്നത്. മുഖത്ത് വൈറ്റ്നിങ് ക്രീമുകളോ പെട്ടെന്ന് നിറംമാറ്റം വാഗ്ദാനം ചെയ്യുന്ന ഉത്പന്നങ്ങളോ ഉപയോഗിക്കാറില്ല. പ്രകൃതിദത്തമായ ചേരുവകളോടാണ് പ്രിയം.
ഫലം ലഭിക്കാൻ കുറച്ചധികം സമയം എടുത്താലും ചർമത്തിന് അനുയോജ്യമായ രീതിയിൽ ആരോഗ്യവും സ്വാഭാവികതയും നിലനിർത്തിക്കൊണ്ട് മുന്നോട്ടുപോകാൻ പ്രകൃതിദത്തമാർഗങ്ങൾ സഹായിക്കും – രേഷ്ന (ഓൾ സെയ്ന്റ്സ് കോളേജ് വിദ്യാർഥിനി)
ലിപ് ബാമുകളും ഭീഷണി
കടുത്ത പല്ല് പുളിപ്പിനെത്തുടർന്നാണ് ആശുപത്രിയിൽ ചികിത്സ തേടിയത്. പരിശോധനയിൽ ലിപ്സ്റ്റിക്, വിവിധ തരം ലിപ്ബാമുകൾ എന്നിവയുടെ ഉപയോഗമാണ് അസ്വസ്ഥതയ്ക്ക് കാരണമെന്ന് മനസ്സിലായി.
തുടർന്ന് ഡെർമറ്റോളജിസ്റ്റിന്റെ നിർദേശപ്രകാരം ലിപ്സ്റ്റിക് ഉപയോഗം പൂർണമായും കുറച്ചു. പിന്നീട് ചുണ്ട് വരളുന്നത് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും ഇതിന് പരിഹാരമായി ശുദ്ധമായ വെളിച്ചെണ്ണ ഉപയോഗിക്കാനാണ് നിർദേശിച്ചത് - അനുഷ (കോളേജ് വിദ്യാർഥിനി)
വ്യാജ സൗന്ദര്യവർധക ഉത്പന്നങ്ങൾ പ്രചരിപ്പിച്ചാൽ നടപടി വേണം – കെ. മുരളീധരൻ
വ്യാജവും നിലവാരമില്ലാത്തതുമായ സൗന്ദര്യവർധക ഉത്പന്നങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുന്ന ഇൻഫ്ലുവൻസർമാർക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് മന്ത്രി കെ. മുരളീധരൻ. ഇത്തരക്കാരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് കത്തുനൽകി.
അനുവദനീയമായതിലും കൂടുതൽ രാസവസ്തുക്കൾ അടങ്ങിയ സൗന്ദര്യവർധക ഉത്പന്നങ്ങൾ സാമൂഹികമാധ്യമങ്ങളിലൂടെ വ്യാപകമായി വിൽക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിലാണ് നടപടി ആവശ്യപ്പെട്ടത്.
Content Highlights: The Indian Medical Association (IMA) warns against the use of fake fairness creams containing excessive mercury, which are linked to kidney diseases, and urges government action to test and regulate these products. Dermatologists advise the public to be cautious of creams promising quick results and to ensure that beauty products do not harm the body, emphasizing the importance of consulting qualified dermatologists. There is a widespread misuse of beauty products, often without awareness of their ingredients, leading to health issues; natural methods for skincare are recommended for maintaining health and authenticity.