‘സ്ത്രീക്ക് പുല്ലുവില,പെണ്ണായി ജനിക്കേണ്ടിയിരുന്നില്ലെന്ന് തോന്നി; അരുണിമയുടെ അഫ്ഗാൻ വീഡിയോയിൽ ചർച്ച

കൊച്ചി: അഫ്ഗാനിസ്താനിൽ യാത്ര ചെയ്യുന്നതിനിടെ നേരിട്ട ദുരനുഭവം പങ്കുവെച്ച സഞ്ചാരി ബാക്ക്പാക്കർ അരുണിമയുടെ വീഡിയോയിൽ വിവാദം പുകയുന്നു. അഫ്ഗാനിൽ എത്തിയപ്പോൾ പെണ്ണായി ജനിക്കരുതെന്ന് ആദ്യമായി തോന്നിയെന്ന് ഫെയ്സ്ബുക്ക് കുറിപ്പിൽ അരുണിമ പറഞ്ഞിരുന്നു. സ്ത്രീകൾ നേരിടുന്ന സ്വാതന്ത്ര്യമില്ലായ്മയെ കുറിച്ചാണ് അരുണിമ പറഞ്ഞത്. താൻ അനുഭവിച്ച നിയന്ത്രണങ്ങളെ കുറിച്ചും അവിടെയുള്ള സ്ത്രീകളുടെ ജീവിതത്തെ കുറിച്ചും അരുണിമ വിശദീകരിച്ചു. അഫ്ഗാനിൽ എത്തിയപ്പോൾ സ്ത്രീ ആയതിനാൽ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടെന്നാണ് താലിബാൻ അധികൃതർ പറഞ്ഞത്. ധരിച്ച വസ്ത്രം മാറ്റി ശരീരം മുഴുവൻ മൂടുന്ന വസ്ത്രം ധരിക്കാൻ ആവശ്യപ്പെട്ടു. രാജ്യത്തിന് പുറത്തുള്ള ആളായതിനാൽ മുഖം കാണുന്ന വസ്ത്രം ധരിക്കാനുള്ള അനുമതി ലഭിച്ചു. അഫ്ഗാനിസ്താനിൽ പെണ്ണിന് പുല്ലുവില പോലുമില്ല. വസ്ത്രം ധരിക്കാനും യാത്ര ചെയ്യാനുമൊക്കെയുള്ള സ്വതന്ത്ര്യം എന്താണെന്ന് അഫ്ഗാനിൽ എത്തിയപ്പോഴാണ് മനസ്സിലാക്കുന്നത് എന്നാണ് അരുണിമ തന്റെ അനുഭവം പങ്കുവെച്ചുകൊണ്ട് കുറിച്ചത്.
“ഒറ്റയ്ക്ക് അഫ്ഗാനിസ്താനിൽ യാത്ര ചെയ്യണമെന്നത് ഒരുപാട് നാളത്തെ ആഗ്രഹമായിരുന്നു ഇപ്പോൾ ഇപ്പോൾ ഞാൻ അതോർത്ത് ഖേദിക്കുന്നു. സ്വാതന്ത്ര്യം എന്താണെന്നും വസ്ത്രം ധരിക്കാനുള്ള സ്വാതന്ത്ര്യം എന്താണെന്നും ഒരു സ്ത്രീക്കുള്ള സ്വാതന്ത്ര്യം എന്താണെന്നും ഇന്ന് ഞാൻ അഫ്ഗാനിസ്താനിൽ നിൽക്കുമ്പോൾ മനസ്സിലാക്കി. സത്യം പറഞ്ഞാൽ ഇത് ഒരു മതത്തിന്‍റെ മാത്രം ഇതാണോ എനിക്കറിയില്ല...എന്തായാലും ഞാൻ ഇവിടെ ഉള്ള ആളുകളെ കാണുന്നത് മനുഷ്യൻ എന്നുള്ളതിനേക്കാൾ മതം തലയ്ക്കുപിടിച്ച കുറെ ഭ്രാന്തന്മാർ ആയിട്ടാണ്...ഇത് വായിക്കുമ്പോൾ കേരളത്തിലെ ഒരുപാട് ആളുകൾക്ക് ബുദ്ധിമുട്ട് തോന്നാം പക്ഷേ എന്‍റെ ഉള്ളിലുള്ളത് എനിക്ക് പറയണം പറയാതിരിക്കാൻ എനിക്ക് സാധിക്കില്ല അത്രമേൽ ശ്വാസം മുട്ടുന്നു എനിക്ക്” – അരുണിമ കുറിച്ചു.
എന്നാൽ അരുണിമയുടെ പോസ്റ്റിൽ അനുകൂലിച്ചും വിമർശിച്ചും നിരവധി പേർ എത്തി. അഫ്ഗാനിലെ നിയമങ്ങളെ മതവുമായി കൂട്ടിക്കെട്ടുന്നതിനെതിരേയാണ് ഭൂരിഭാഗവും രംഗത്തെത്തിയത്. അഫ്ഗാനിലെ നിയമം ഇസ്ലാമികമല്ലെന്ന് സലഫി പണ്ഡിതൻ എംഎം അക്ബറും പ്രതികരിച്ചു. താലിബാൻ നടപ്പാക്കുന്നത് പഷ്തൂൺ ഗോത്ര നിയമങ്ങളാണ്. ഇസ്ലാം പോലുമല്ലാത്ത ഒരു പെൺകുട്ടിയെ അത്തരം വസ്ത്രം ധരിക്കാൻ നിർബന്ധിക്കുന്നത് ഇസ്ലാമികമല്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.
ചർച്ച സജീവമാകുന്നതിനിടെ മതത്തെ മോശമാക്കി പറയാനാല്ല താനുദ്ദേശിച്ചതെന്ന് അരുണിമ വിശദീകരിച്ചു. തനിക്ക് നേരിടേണ്ടി വന്ന അനുഭവത്തെയാണ് വെളിപ്പെടുത്തിയത്. ഇവിടെയുള്ള നിബന്ധനകളോടൊന്നും രാജ്യത്തെ സ്ത്രീകൾക്ക് യോജിപ്പില്ല. അവരുടെ സഹോദരങ്ങൾക്കോ അച്ഛൻമാർക്കോ യോജിപ്പില്ല. പക്ഷെ നിയമം അങ്ങനെയായതിനാൽ അംഗീകരിക്കേണ്ടിവരികയാണ്. പക്ഷേ ഇവരുടെ ഭരണഘടന ഇങ്ങനെയാണ്,അതിനാൽ അവർക്ക് ഒന്നും ചെയ്യാനും സാധിക്കില്ലെന്ന് അരുണിമ കുറിച്ചു.
Content Highlights: Backpacker Arunima afganistan experience highlighting the restrictions faced by women under Taliban rule and cultural norms.