വീട്ടിലെ പ്രസവത്തിൽ കുഞ്ഞിന്റെ മരണം; ദമ്പതികളുടെ മറ്റു രണ്ട് കുട്ടികൾ മരിച്ചതിലും അന്വേഷണം

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി
പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ചാവക്കാട്: എടക്കഴിയൂരിൽ വീട്ടിൽ പ്രസവിച്ച യുവതിയുടെ കുഞ്ഞ് ആറാം ദിവസം മരിച്ചത് മതിയായ ചികിത്സ കിട്ടാതെയെന്ന് പരാതി. മലപ്പുറം പുതുപൊന്നാനി സ്വദേശിയായ പൊതുപ്രവർത്തകൻ പാലയ്ക്കൽ ഹംസത്ത് മുഹമ്മദാണ് എടക്കഴിയൂരിലെ നവജാതശിശുവിന്റെ മരണത്തിലെ ദുരൂഹത അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ചാവക്കാട് പോലീസിൽ പരാതി നൽകിയത്.

കഴിഞ്ഞ 10-നാണ് എടക്കഴിയൂർ സ്വദേശികളായ ദമ്പതിമാരുടെ ശിശു മരിച്ചത്. മാതാവിനും കുഞ്ഞിനും കുത്തിവെപ്പുകളോ വൈദ്യസഹായമോ ലഭ്യമാക്കിയിട്ടില്ലെന്നും പരാതിയിൽ പറയുന്നു. ദമ്പതിമാരുടെ രണ്ടു കുട്ടികൾ നേരത്തേ മരിച്ചിരുന്നു.

ഇതിലും അന്വേഷണം വേണമെന്നാണ് പരാതിക്കാരന്റെ ആവശ്യം. ദമ്പതിമാർ അക്യുപങ്ചർ ചികിത്സ പിന്തുടർന്നിരുന്നവരാണെന്നും പരാതിയിലുണ്ട്.

ഒരു വർഷം മുൻപ് ഇവരുടെ മൂന്ന് വയസ്സുള്ള മകൾ മരിച്ചതും ചികിത്സ കിട്ടാതെയാണെന്നും ഇക്കാര്യം അന്ന് പോലീസിൽ അറിയിച്ചെങ്കിലും വേണ്ടരീതിയിൽ അന്വേഷണം നടന്നില്ലെന്നും പരാതിക്കാരൻ പറയുന്നു.

എന്നാൽ വീട്ടിൽ പ്രസവിച്ചെന്ന പരാതിയിൽ കേസെടുക്കാൻ കഴിയില്ലെന്നും കുഞ്ഞിന് ചികിത്സ നിഷേധിച്ചെന്ന പരാതിയിൽ അന്വേഷണം നടക്കുകയാണെന്നും ചാവക്കാട് എസ്എച്ച്ഒ വി.വി. വിമൽ അറിയിച്ചു.

ഡെപ്യൂട്ടി ഡിഎംഒ ഇന്ന് സ്ഥലം സന്ദർശിക്കും

ചാവക്കാട്: എടക്കഴിയൂരിൽ വീട്ടിൽ പ്രസവിച്ച യുവതിയുടെ നവജാതശിശു മരിച്ച സംഭവം അന്വേഷിക്കാൻ ഡെപ്യൂട്ടി ഡിഎംഒ വെള്ളിയാഴ്ച സ്ഥലം സന്ദർശിക്കുമെന്ന് പുന്നയൂർ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ടി.ജി. നിത അറിയിച്ചു. ആരോഗ്യകേന്ദ്രം ഹെൽത്ത് ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കുഞ്ഞിന്റെ മാതാപിതാക്കൾ താമസിക്കുന്ന എടക്കഴിയൂരിലെ വീടിനു സമീപത്തെ പരിസരവാസികളിൽനിന്നുംമറ്റും വിവരങ്ങൾ ശേഖരിച്ച് ആരോഗ്യവകുപ്പ് ഡിഎംഒക്ക് റിപ്പോർട്ട് നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ആർസിഎച്ച് ഓഫീസർകൂടിയായ ഡെപ്യൂട്ടി ഡിഎംഒ സ്ഥലം സന്ദർശിക്കുന്നത്.

വീട്ടിൽ പ്രസവം നടന്നതറിഞ്ഞ് ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ ഇവരുടെ വീട്ടിൽ കുഞ്ഞ് മരിക്കുന്നതിന്റെ തലേന്ന് എത്തിയിരുന്നെങ്കിലും മാതാപിതാക്കൾ വീട്ടിലുണ്ടായിരുന്നില്ല. ആശവർക്കർ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥരെയൊന്നും ഇവർ വീട്ടിലേക്ക് അടുപ്പിച്ചിരുന്നില്ലെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.

ഇതിനാൽ ആവശ്യമായ കുത്തിവെപ്പുകളും മറ്റും കുഞ്ഞിനോ മാതാവിനോ ലഭിച്ചിട്ടില്ല. കുഞ്ഞിന്റെ മരണശേഷവും ഉദ്യോഗസ്ഥർ വീട്ടിലെത്തിയിരുന്നെങ്കിലും അപ്പോഴും മാതാപിതാക്കൾ സഹകരിച്ചില്ലെന്ന് മെഡിക്കൽ ഓഫീസർ പറഞ്ഞു.

Content Highlights: Investigation launched into the suspicious death of a newborn after a home birth in Edakkazhiyur, Kerala. Family alleges lack of medical care; two older children also died previously.