അയ്യപ്പസംഗമം: വിജയ് യേശുദാസും സംഘവും നയിച്ച ഗാനമേളയ്ക്ക് 36 ലക്ഷം, കേരളബാങ്ക് സ്പോൺസറല്ല

തിരുവനന്തപുരം: പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന്റെ സമാപനത്തിന് വിജയ് യേശുദാസ്, വീരമണി രാജു, സുദീപ് എന്നിവർ നയിച്ച ഗാനമേളയ്ക്ക് 28 ലക്ഷം രൂപയും ഇഷാൻ ദേവിന്റെ സംഗീതപരിപാടിയുടെ എട്ടുലക്ഷം രൂപയും അടക്കം 36 ലക്ഷം ചെലവായതായി കണക്ക്. മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
വിജയ് യേശുദാസും സംഘവും നയിച്ച പരിപാടിക്ക് 28 ലക്ഷം ചെലവ് നിശ്ചയിച്ചെങ്കിലും 14 ലക്ഷത്തോളം രൂപയേ നൽകിയുള്ളൂവെന്നും മറുപടിയിൽ പറയുന്നു. ഇഷാൻദേവിന്റെ പരിപാടിക്ക് എട്ടുലക്ഷം നിശ്ചയിച്ചെങ്കിലും നാലുലക്ഷം രൂപയാണ് നൽകിയത്. കലാ-സാംസ്‌കാരിക പരിപാടികൾക്ക് വകയിരുത്തിയതിന്റെ ഇരട്ടിത്തുകയുടെ ബില്ലുകൾ നൽകിയെന്ന ആരോപണം ശരിയല്ലെന്നും കെ. ബാബു, മാത്യു കുഴൽനാടൻ, കെ.കെ. രമ, ടി.ജെ. വിനോദ് എന്നിവർക്കുള്ള മറുപടിയിൽ മന്ത്രി വ്യക്തമാക്കി.
നന്ദഗോവിന്ദത്തിന് അസൗകര്യമുള്ളതിനാണ് ഇഷാൻ ദേവിന്റെ പരിപാടി നടത്തിയതെന്ന് മന്ത്രി പറഞ്ഞു. നന്ദഗോവിന്ദം ഭജൻസ് അവതരിപ്പിച്ചെന്ന് രേഖപ്പെടുത്തിയത് ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചറിന്റെ പിഴവാണ്.
ഏജൻസി നൽകിയ അപൂർണവും വ്യക്തതയില്ലാത്തതുമായ ബില്ലുകൾ അനുവദിക്കില്ല. സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിലെ അപാകം ദേവസ്വംബോർഡിന്റെ ടാസ്‌ക് ഫോഴ്‌സ് പരിശോധിച്ചശേഷമേ ബാക്കിത്തുക നൽകൂ എന്നും മറുപടിയിലുണ്ട്.
കേരളബാങ്ക് സ്പോൺസറല്ല
അയ്യപ്പസംഗമത്തിന് കേരളബാങ്ക് സ്പോൺസറായിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. സ്പോൺസർഷിപ്പ് ഇനത്തിൽ കേരളബാങ്ക് പണം നൽകിയിട്ടില്ലെന്ന് എൻ. ഷംസുദീന്റെ ചോദ്യത്തിന് മന്ത്രി മറുപടി നൽകി.
കേരളബാങ്ക് സ്‌പോൺസർഷിപ്പ് ഇനത്തിൽ തുക നൽകിയിട്ടുണ്ടോ, സ്പോൺസർഷിപ്പിന് ദേവസ്വംബോർഡ് സർക്കാരിനെയോ കേരളബാങ്കിനേയോ കത്തോ ഇ-മെയിലോ മുഖേന ബന്ധപ്പെട്ടിട്ടുണ്ടോ, അതിന്റെ പകർപ്പുണ്ടോ, തുക നൽകാൻ ബാങ്കിന്റെ ഡയറക്ടർബോർഡ് തീരുമാനമെടുത്തിട്ടുണ്ടോ എന്നീ ചോദ്യങ്ങൾക്കെല്ലാം ഒരേമറുപടിയാണ്-‘സ്‌പോൺസർഷിപ്പിനത്തിൽ തുക നൽകിയിട്ടില്ല.’
Content Highlights: Ayyappa Sangamam Event Costs: Minister's Assembly Reply Details 36 Lakh Expenditure