അയ്യപ്പസംഗമം; കൊടുത്തുതീർക്കാനുള്ളത് 4.35 കോടി, അതിൽ 4.04 കോടിയും ഊരാളുങ്കൽ സൊസൈറ്റിക്ക്

പത്തനംതിട്ട: അയ്യപ്പസംഗമം നടത്തിയ വകയിൽ ഇനി കൊടുത്തുതീർക്കാനുള്ളത് 4.35 കോടി രൂപയാണെന്നും അതിൽ 4.04 കോടി കൊടുക്കാനുള്ളത് ഊരാളുങ്കൽ സൊസൈറ്റിക്കാണെന്നും ഓഡിറ്റ് റിപ്പോർട്ട്.
ഊരാളുങ്കലിന്റെ കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്ഷൻസായിരുന്നു സംഗമത്തിന്റെ ഇവന്റ് മാനേജ്മെന്റ് നടത്തിയത്. ഇവർക്കുമാത്രം കൊടുക്കാനുള്ളത് 4.04 കോടി രൂപയാണ്. ടെൻഡറില്ലാതെയാണ് ഇവർക്ക് കരാർ കൊടുത്തിരുന്നത്. ബാക്കി തുകയിലേറെയും താമസ സൗകര്യത്തിന്റേതാണ്. 2025 സെപ്റ്റംബർ 20-ന് പമ്പയിലാണ് ആഗോള അയ്യപ്പസംഗമം നടന്നത്.
താമസസൗകര്യത്തിന്റെ കണക്ക് ഇങ്ങനെ:
ഗോകുലം ഗ്രാൻഡ് റിസോർട്ട്-12,88,168 രൂപ
ഗവ. ഇക്കോ ലോഡ്ജ്- 39,018
ഗ്രീൻഫീൽഡ്സ്, കുരമകം- 1,85,131
ഗസ്റ്റ് ഹൗസ്, തിരുവനന്തപുരം-15,800
കെ.ടി.ഡി.സി. കുമരകം ഗേറ്റ് വേ-64,376
കെ.ടി.ഡി.സി. വാട്ടർ സ്‌കേപ്സ് കുമരകം-2,98,311
ശ്രീവത്സം ഗ്രാൻഡ്, പത്തനംതിട്ട-26,942
താജ് ഹോട്ടൽ, കുമരകം-5,24,776
വൈൽഡ് മിസ്റ്റ് ഹോംസ്റ്റേ, മൂന്നാർ- 25,300
വൈൽഡ് മിസ്റ്റ് ഹോംസ്റ്റേയിലെ തുക മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ പേരിലും ബാക്കിയെല്ലാം സ്റ്റേറ്റ് പ്രോട്ടക്കോൾ ഓഫീസറുടെ പേരിലുമാണ് ബിൽ എടുത്തിരിക്കുന്നത്.അയ്യപ്പസംഗമദിവസം പരിപാടികളെല്ലാം കഴിഞ്ഞ് രാത്രി 3000 പേർ ഭക്ഷണം കഴിച്ചെന്നാണ് കാണിച്ചിരിക്കുന്നത്. രാത്രി 1000 പേർക്കാണ് നേരത്തേ നിശ്ചയിച്ചിരുന്നതെങ്കിലും 2000 പേർകൂടി അധികമെത്തി എന്നും പറയുന്നു. ഒരാൾക്ക് 150 രൂപവീതം രാത്രിയിലെ ഭക്ഷണത്തിനുമാത്രം നാലരലക്ഷം രൂപ ചെലവായെന്നാണ് വാദം. എന്നാൽ, സംഗമത്തിന്റെ അന്ന് രാത്രിഭക്ഷണത്തിന് 500-ഓളം പേർ മാത്രമായിരുന്നെന്നാണ് വിവരം.
Content Highlights: Audit report reveals ₹4.35 Cr outstanding from Ayyappa Sangamam, with ₹4.04 Cr owed to Uralungal Society for event management without tender. Explore details.