ആയുർവേദ ആശുപത്രി ഫർണിച്ചർ വാങ്ങൽ ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ ആയുർവേദ ആശുപത്രികളിലേക്കുള്ള ഫർണിച്ചർ വാങ്ങലുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിൽ വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് മന്ത്രി കെ. മുരളീധരൻ. ധനകാര്യവകുപ്പിന്റെ അന്വേഷണം മതിയെന്ന പ്രിൻസിപ്പൽ സെക്രട്ടറിയുടെ ശുപാർശ തള്ളിക്കൊണ്ടാണ് മന്ത്രിയുടെ നിർദേശം. നാഷണൽ ആയുഷ് മിഷൻ മുൻ സ്റ്റേറ്റ് പ്രോഗ്രാം മാനേജർ പി.ആർ. സജിക്കെതിരെയാണ് അന്വേഷണം.
കണ്ണൂർ പിണറായിൽ നിർമാണം പൂർത്തിയാകുന്നതിന് മുമ്പുതന്നെ ആയുർവേദ ആശുപത്രിക്കായുള്ള ഫർണിച്ചറുകൾ വാങ്ങിയന്ന കണ്ടെത്തലിനെ തുടർന്ന് വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. 12 ലക്ഷം രൂപയോളം വിലവരുന്ന ഫർണിച്ചറുകൾ വാങ്ങിയെന്നാണ് രേഖകളിലുള്ളത്. ഈ ആശുപത്രിയിൽ മാത്രമല്ല, കണ്ണൂരിലെ മറ്റു ആശുപത്രികളിലേക്കും ഇത്തരത്തിൽ ഫർണിച്ചർ വാങ്ങിയിട്ടുണ്ട്. ഇതിൽ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുന്നതിനാണ് ഇപ്പോൾ വിജിലൻസ് അന്വേണത്തിന് മന്ത്രി ശുപാർശ ചെയ്തത്. വിഷയവുമായ ബന്ധപ്പെട്ട ഫയൽ ആഭ്യന്തരവകുപ്പിന് കൈമാറുകയും ചെയ്തു.