‘ഇനി അടുത്ത ക്യാമ്പിൽ കാണാം’; സർഗാത്മകതയുടെ പൂക്കാലം നൽകി മാതൃഭൂമി ‘അവധിപ്പൂക്കാല’ത്തിന് സമാപനം

കോഴിക്കോട്: അറിവും കളിയും ചിരികളുമായി വിദ്യാർഥികൾക്ക് സർഗാത്മകതയുടെ പൂക്കാലം സമ്മാനിച്ച് മാതൃഭൂമി 'അവധിപ്പൂക്കാലം' ക്യാമ്പ് സമാപിച്ചു. കെ.പി. കേശവമേനോൻഹാളിൽ രണ്ടുദിവസങ്ങളിലായി നടന്ന ക്യാമ്പിന്റെ സമാപനം സബ് കളക്ടർ ഗൗതംരാജ് ഉദ്ഘാടനംചെയ്തു.
അഭിരുചികൾ കണ്ടെത്താനും വളർത്താനും അവധിക്കാലം ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം പറഞ്ഞു. പഠത്തിനൊപ്പം പാഠ്യേതര പ്രവർത്തനങ്ങൾക്കും പ്രാധാന്യംനൽകണം. ക്ലാസ് റൂമിന് പുറത്തുനിന്നുള്ള പല പാഠങ്ങളും ജീവിത്തിൽ വിജയംനേടാൻ പ്രയോജനപ്പെടുമെന്നും ഗൗതംരാജ് പറഞ്ഞു. പങ്കെടുത്ത കുട്ടികൾക്ക് സബ് കളക്ടർ സർട്ടിഫിക്കറ്റുകൾ വിതരണംചെയ്തു.
മാതൃഭൂമി പബ്ലിക് റിലേഷൻസ് ജനറൽ മാനേജർ കെ.ആർ. പ്രമോദ്, മാതൃഭൂമി ഇവന്റ്സ് ഓഫീസർ കെ.കെ. ഷനിത്ത് എന്നിവർ സംസാരിച്ചു. വെള്ളിയാഴ്ച രാവിലെ 9.30 മുതൽ വിവിധ സെഷനുകൾ നടന്നു. 'കളിയിലൂടെ അറിവുനേടാം' എന്ന സെഷനിൽ മൃദുൽ എം. മഹേഷും 'കാരിക്കേച്ചർ' സെഷനിൽ ആർട്ടിസ്റ്റ് ടി.വി. ഗിരീഷ് കുമാറും 'ഫുഡ് ഹാബിറ്റ്‌സ്' എന്ന സെഷനിൽ ഡോ. ടി.ആർ. ദീപ്തിയും 'കഥപറയൽ' സെഷനിൽ നിസാർ പട്ടുവവും 'മാജിക്' സെഷനിൽ പി.പി. ബിനോജും ക്ലാസെടുത്തു.
മിൽമയായിരുന്നു ക്യാമ്പിന്റെ സ്‌പോൺസർ. റീഗൽ ബേക്ക്‌സായിരുന്നു സ്‌നാക്‌സ് പാർട്ട്ണർ. ഒൻപതുമുതൽ 14 വരെ പ്രായമുള്ള കുട്ടികളാണ് ക്യാമ്പിൽ പങ്കെടുത്തത്. ക്യാമ്പിൽ പങ്കെടുത്തവരും രക്ഷിതാക്കളും മികച്ച അഭിപ്രായങ്ങളറിയിച്ചു. അടുത്ത ക്യാമ്പിൽ കാണാം എന്ന ഉറപ്പോടെയാണ് എല്ലാവരും പിരിഞ്ഞത്.
അറിവും ആനന്ദവും നിറഞ്ഞ രണ്ട് ദിനങ്ങൾ
കളിമുറ്റങ്ങൾ ഇല്ലാതായ ബാല്യങ്ങൾക്ക് മുന്നിൽ സർഗാത്മകതയുടെ ലോകം തുറന്ന മാതൃഭൂമി 'അവധിപ്പൂക്കാലം' ക്യാമ്പ് വ്യാഴാഴ്ച രാവിലെയാണ് തുടങ്ങിയത്. വിവിധതരം കളികൾ, നാടക പരിശീലനം, പാവകളി, ഭക്ഷണ ശീലങ്ങൾ, വ്യായാമം, ക്വിസ് തുടങ്ങി അറിവിന്റെയും ആനന്ദത്തിന്റെയും വിഭവങ്ങളുമായാണ് കെ.പി. കേശവമേനോൻ ഹാളിൽ രണ്ടുദിവസത്തെ ക്യാമ്പിന് തുടക്കമായത്.
മിൽമ ചെയർമാൻ കെ.എസ്. മണിയാണ് ഉദ്ഘാടനം ചെയ്തതത്. കുട്ടികൾ വളർന്നുവരുമ്പോൾ സമൂഹത്തിന് വേണ്ടി പൗരബോധത്തോടെ പ്രവർത്തിക്കാൻ കൂട്ടായ്മകൾ അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെ സംതൃപ്തിയോടെ ക്ഷീരകർഷകരുടെ പുരോഗതി ഉറപ്പാക്കുകയാണ് മിൽമയുടെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. മാതൃഭൂമി ആഴ്ചപ്പതിപ്പ് അസി. എഡിറ്റർ സുഭാഷ് ചന്ദ്രൻ അധ്യക്ഷനായി.
പക്വത എത്തിയ ഒരു മനുഷ്യനെ ഒരു പഴമായി കാണാമെങ്കിൽ അതിന്റെ പൂക്കളാണ് കുഞ്ഞുങ്ങളെന്ന് അദ്ദേഹം പറഞ്ഞു. അറിവും ജ്ഞാനവും വിവേകവും കരുണയും മനുഷ്യനെ പറ്റിയുള്ള ധാരണയും ഉണ്ടാവുമ്പോഴേ ഒരാൾ പക്വത നേടുന്നുള്ളു. നമ്മുടെ ചുറ്റുപാടുകളോടും പൂക്കളോടും മരങ്ങളോടുമുള്ള ബഹുമാനം കുറഞ്ഞതാണ് ഭാഷയോടുള്ള ബഹുമാനം കുറയാൻ കാരണം. അടിസ്ഥാന ധാരണകളൊന്നുമില്ലാതെ വലിയ മിടുക്കൻമാരാണെന്ന് അഹങ്കരിച്ച് നടക്കുന്നവരായി മലയാളികൾ മാറി. അതുമാറ്റാൻ അക്ഷരങ്ങളിൽനിന്നും പൂക്കളിൽ നിന്നും പഠനം തുടങ്ങണമെന്നും സുഭാഷ് ചന്ദ്രൻ പറഞ്ഞു.
മാതൃഭൂമി ജനറൽ മാനേജർ (പബ്ലിക് റിലേഷൻസ്) കെ.ആർ. പ്രമോദ്, അസി. ജനറൽ മാനേജർ സി. മണികണ്ഠൻ എന്നിവർ സംസാരിച്ചു. 'സ്റ്റാർട്ട്, ആക്ഷൻ, ഡ്രാമ' എന്ന സെഷനിൽ പ്രവീൺ കോട്ടക്കലും 'ആർട്ട് ആൻഡ് ക്രാഫ്റ്റ്' എന്ന സെഷനിൽ ആർ.എസ്. ധനൂജും 'വാനവിസ്മയങ്ങൾ' എന്ന സെഷനിൽ സുരേന്ദ്രൻ പുന്നശ്ശേരിയും ക്ലാസെടുത്തു. സ്വാതിയുടെ സൂംബാ പരിശീലനവും നടന്നു.
Content Highlights: The two-day Mathrubhumi Avadhipookkalam summer camp for children aged nine to fourteen concluded at KP Kesavamenon Hall in Kozhikode, with Sub Collector Gautam Raj distributing certificates during the final valedictory event.