ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായി എ.വി. ഗോപിനാഥ് ചുമതലയേറ്റു

#ന്യൂസ് ഡെസ്ക്
എ.വി. ഗോപിനാഥ്, എം.യു. ഷിനിജ
എ.വി. ഗോപിനാഥ്, എം.യു. ഷിനിജ

തൃശ്ശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ 16-ാമത് ചെയർമാനായി പാലക്കാട് പെരിങ്ങോട്ടുക്കുറിശ്ശി സ്വദേശിയും മുൻ എംഎൽഎയുമായ എ.വി. ഗോപിനാഥ് ചുമതലയേറ്റു. ഡോ. വി.കെ. വിജയൻ, വി.ജി. രവീന്ദ്രൻ എന്നിവർ സ്ഥാനമൊഴിഞ്ഞതിനെത്തുടർന്നുണ്ടായ ഒഴിവിൽ എ.വി. ഗോപിനാഥ്, എം.യു. ഷിനിജ എന്നിവരെ ദേവസ്വം ഭരണസമിതി അംഗങ്ങളായി സർക്കാർ കഴിഞ്ഞദിവസം നാമനിർദ്ദേശം ചെയ്തിരുന്നു. ഞായറാഴ്ച രാവിലെ പത്തേകാലോടെ തെക്കേനടയിലെ വൈഷ്ണവം ആഡിറ്റോറിയത്തിലാണ് ഇരുവരുടെയും സത്യപ്രതിജ്ഞ നടന്നത്.

റവന്യൂ ദേവസ്വം സെക്രട്ടറിയും ഗുരുവായൂർ ദേവസ്വം കമ്മിഷണറുമായ എം.ജി. രാജമാണിക്കം അധ്യക്ഷനായി. ദേവസ്വം കമ്മിഷണർ പുതിയ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. സത്യപ്രതിജ്ഞാ ചടങ്ങിനു ശേഷം ദേവസ്വം കോൺഫറൻസ് ഹാളിൽ ദേവസ്വം ഭരണസമിതി യോഗം കമ്മിഷണറുടെ സാന്നിധ്യത്തിൽ ചേർന്നു. ദേവസ്വം ചെയർമാനായി എ.വി. ഗോപിനാഥിന്റെ പേര് ഭരണസമിതി അംഗം സി. മനോജ് നിർദേശിച്ചു. ഭരണസമിതി അംഗമായ കെ.എസ്. ബാലഗോപാൽ പിന്താങ്ങി. തുടർന്ന് രേഖകളിൽ ഒപ്പുവെച്ച് ചെയർമാനായി എ.വി. ഗോപിനാഥ് ചുമതലയേറ്റു.

ദേവസ്വം ഭരണസമിതി അംഗങ്ങളായ ബ്രഹ്‌മശ്രീ. മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട്, സി.മനോജ്, കെ.പി.വിശ്വനാഥൻ, മനോജ് ബി നായർ, എം.യു. ഷിനിജ, ദേവസ്വം അഡ്മിനിസ്‌ട്രേറ്റർ ഒ.ബി. അരുൺകുമാർ എന്നിവർ സന്നിഹിതരായി. ഗുരുവായൂർ എംഎൽഎ എൻ.കെ. അക്ബർ, ഗുരുവായൂർ നഗരസഭ ചെയർപേഴ്‌സൻ സുനിത അരവിന്ദൻ, വൈസ് ചെയർമാൻ ജ്യോതി രാജ് എന്നിവർ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തു.

Content Highlights: A.V. Gopinath appointed as the 16th Chairman of Guruvayur Devaswom., M.U. Shinija inducted as the first-ever female member of the Devaswom board., Official oath-taking ceremony held at Vaishnavam Auditorium, Guruvayur., The new board aims to streamline temple administration and management.