ലീഡർക്കേറെ പ്രിയപ്പെട്ട ഇടത്തിന്റെ കടിഞ്ഞാൺ CPM-വഴി ശിഷ്യനിലേക്ക്; ഭക്തിയുടെ ചെങ്കൊടിയേന്തി ഗോപിനാഥ്

കമ്യൂണിസ്റ്റുകാർക്കു ഗുരുവായൂരപ്പനെ വിശ്വാസമില്ല എന്നാണു വയ്പ്പ്. പക്ഷേ കമ്യൂണിസ്റ്റുകാരെ ഗുരുവായൂരപ്പനു വിശ്വാസമാണ് എന്നുറപ്പാണ്. എ.വി. ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ചെയർമാനായി വരുമ്പോൾ വിജയിച്ചതു അത് ഒന്നുകൂടി ഉറപ്പിച്ചു. എന്നുവച്ചാൽ കമ്യൂണിസത്തിൽനിന്നും ഗുരുവായൂരപ്പനിലേക്കു വലിയ ദൂരമില്ല എന്നു പറയാം.
വർഷങ്ങൾക്കു മുൻപു ലീഡൻ കെ.കരുണാരൻ ഗുരുവായൂരിൽ തൊഴാനെത്തി. എ.വി.ഗോപിനാഥും അന്നവിടെ ഉണ്ടായിരുന്നു. ലീഡറുടെ ക്ഷീണകാലമായതുകൊണ്ടു കോൺഗ്രസ്സുകാരോ സിൽബന്ധികളോ കാത്തുനിന്നിരുന്നില്ല. അപൂർവം ചിലർമാത്രം. ഗോപിനാഥ് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തിയപ്പോൾ അകത്തെ മുറിയിൽ ലീഡറും പത്മജയും മാത്രം. പുറത്തു ഗൺമാൻ രാമചന്ദ്രൻ നായരും അപൂർവം ചിലരും. ലീഡർ മാനസികമായും ശാരീരികകമായും തളർന്നിരിക്കുന്ന സമയമായിരുന്നു അത്.
ഗോപിയെ കണ്ടപ്പോൾ ലീഡറുടെ മനസ്സു തെളിഞ്ഞു. തടിയും തന്റേടവും കൊണ്ടു അവസാനംവരെ കൂടെനിന്ന ആളാണു ഗോപി. പുത്രനോടെന്നപോലെ വാത്സല്യവുമായിരുന്നു. ഗോപിക്കു കാര്യമായ പദവികൾ വാങ്ങി നൽകാനായില്ലെന്നു ലീഡർ സ്വകാര്യ സംഭാഷണത്തിൽ പറഞ്ഞിട്ടുമുണ്ട്.
ലീഡർ ഗോപിയേയും കുടുംബത്തേയും അകത്തേക്കു വിളിച്ചു. ഒന്നും പറയാതെ കുറെനേരം ഇരുന്നു. അവരോടു കട്ടിലിൽ ഇരിക്കാൻ പല തവണ ആഗ്യം കാണിച്ചു. പിന്നീടു സ്‌നേഹാന്വേഷണം നടത്തി. പിന്നെ ഭാര്യ ഗീതയോടു പറഞ്ഞു,
''ഗോപിയോടു ഇതെല്ലാം മതിയാക്കാൻ പറയണം. ഇനിയും തുടർന്നാൽ വീട്ടിലെ സ്വത്ത് ഇല്ലാതാകും. അവനെ സംരക്ഷിക്കാനും ആരും കാണില്ല. നിനിക്കും കുട്ടികൾക്കും നല്ല രക്ഷ വേണം. ഇതുവരെ ചെയ്തതൊക്കെ മതി. ഇനി കൃഷിനോക്കി നിൽക്കാൻ പറയണം.''
പിന്നീടു ഗോപിയെ നോക്കി പറഞ്ഞു, താൻകൂടി കേൾക്കാനാണു പറയുന്നത്. ഗോപി പതിവുപോലെ ചിരിച്ചു. കോൺഗ്രസ്സിൽ ഗോപി തഴയപ്പെട്ടു മൂലയിലേക്കു തള്ളപ്പെടുന്ന കാലത്തിന്റെ തുടക്കമായിരുന്നു അത്. ഗോപിയുടെ മകളെ മടിയിലിരുത്തി ലീഡർ എന്തെല്ലാമോ ചോദിച്ചു. അമ്പലത്തിലേക്ക് ഇറങ്ങാനായെന്നു പറഞ്ഞതോടെ ആ കുട്ടിയുടെ തലയിൽ കൈവച്ചു ഗുരൂവായൂരപ്പാ എന്നു മൂന്നോ നാലോ തവണ ഉറക്കെ വിളിച്ചു. അത്തരം വികാര പ്രകടനമൊന്നും ലീഡർ നടത്താറില്ല. കുട്ടിയുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു. പോകുന്നതിനു മുൻപു ഗോപിയുടെ തോളിൽ തട്ടിയ ശേഷം മുഖത്തേക്കു നോക്കി. അതിനു ശേഷം ലീഡർ ഗുരുവായൂരിൽ വന്നിട്ടില്ല, ഗോപി ലീഡറെ ജീവനോടെ കണ്ടിട്ടുണ്ടെന്നും തോന്നുന്നില്ല.
ഗോപി കോൺഗ്രസ്സിൽനിന്നു പുറത്തായി. സിപിഎമ്മുകാർ നിലവിളക്കു കൊളുത്തി ഗോപിയെ ആഘോഷമായി അകത്തു കയറ്റിയെങ്കിലും കാര്യമായി ഒന്നും കൊടുത്തില്ല. കേരളത്തിൽ സിപിഎമ്മിനോടു നെഞ്ചോടു നെഞ്ചു മുട്ടി നിൽക്കാൻ കെൽപ്പുള്ള അപൂർവം കോൺഗ്രസ്സസുകാരിൽ ഒരാളായിരുന്നു ഗോപി. എൻഎസ്എസ് ആസ്ഥാനത്തെല്ലാം പോകുമെങ്കിലും അവിടത്തെ കാര്യസ്ഥപ്പണിക്കു ഗോപി നിന്നുകൊടുത്തിട്ടില്ല. ഏതു കാലാവസ്ഥയേയും നേരിടാൻ കരുത്തുള്ള കൃഷിക്കാരന്റ നെഞ്ചൂക്ക് ഗോപിക്കു രാഷ്ട്രീയത്തിലും ഉണ്ടായിരുന്നു. അതു സിപിഎമ്മുകാർക്കും നന്നായി അറിയാം.
ഗുരുവായൂർ ദ്വേവസ്വം ചെയർമാൻ സ്ഥാനത്തേക്കു ജാതിയും സാമ്പത്തികവും എല്ലാം പിന്തുണച്ച പല സഖാക്കളും നോക്കി നിൽക്കെയാണു സിപിഎം ആസ്ഥാനത്തുനിന്നു പിണറായി വിജയൻ നേരെ ഗോപിനാഥിനെ വിളിക്കുന്നത്.അഭിനവ ചെയർമാന്മാർക്കെല്ലാം മിസൈൽ ഏറ്റ ദിവസമായിരുന്നു അത്.
ഇതാണു പറയുന്നത് എല്ലാം കാണുന്ന ഒരാൾ മുകളിലുണ്ടെന്ന്. അയാളെ ലീഡറെന്നോ വിധിയെന്നോ ഗുരുവായൂരപ്പനെന്നോ എന്തു വേണമെങ്കിലും വിളിക്കാം. കരുണാകരന്റെ ഏറ്റവും പ്രിയപ്പെട്ട ഇടത്തിന്റെ നിയന്ത്രണം ഗോപിക്കു കിട്ടിയിരിക്കുന്നു. അതും സിപിഎമ്മിലൂടെ. കോൺഗ്രസ്സിലൂടെ ഗോപിക്ക് അതു കിട്ടില്ലെന്ന് ഉറപ്പായിരുന്നു. കാരണം, ഗോപിക്കു കാര്യസ്ഥ പണി അറിയില്ല എന്നതുതന്നെ പ്രധാന കാരണം. മാത്രമല്ല കുറച്ചു ചങ്കൂറ്റവുമുണ്ട്.
സ്വപ്നത്തിൽപോലും ഗോപിയോ സിപിഎമ്മുകാരോ മൂന്നാഴ്ച മുൻപുവരെ ഇത്തരമൊരു ആലോചനപോലും നടത്തിയിട്ടില്ല. ഗോപി അതു ചോദിച്ചു പോയിട്ടുമില്ല. തന്നെ വന്നു കണ്ട നേതാക്കളോടു ഗോപി പറഞ്ഞത്, എന്നെ സമാധാനിപ്പിക്കാനായി ഇതൊന്നും വേണ്ട. ഞാൻ നിങ്ങളുടെ കൂടെ നിൽക്കുമെന്നു പറഞ്ഞ വാക്കു വാക്കാണ്. അതു ഞാൻ മാറ്റില്ല. പക്ഷേ ഗുരുവായൂരപ്പനെ സേവിക്കാനുള്ള പദവി എനിക്കു വലിയ പദവിതന്നെയാണ്. എന്നായിരുന്നുവത്രെ.
ഇതാണു പറഞ്ഞത്, ഗുരുവായൂരപ്പനു കമ്യൂണിസ്റ്റുകാരെ വിശ്വാസമാണെന്ന്. ഭക്തിയില്ലാത്ത പാർട്ടിക്കാരനെക്കാൾ തന്നെ സേവിക്കേണ്ടതു ഭക്തനാണെന്നു ഗുരുവായൂരപ്പൻ കരുതിക്കാണും. അതിനായി സിപിഎമ്മിലൂടെ ഗോപിയെ കണ്ടെത്തി എന്നു മാത്രം. ജീവിച്ചിരിക്കുമ്പോൾ ലീഡർക്കു കൊടുക്കാനാകാത്തതു സ്വർഗത്തിലിരുന്നു കൊടുത്തു എന്നു വിശ്വാസികൾക്കു കരുതാം. കൂടെ വന്നവരെ കൈവെടിയില്ലെന്നു പാർട്ടി തെളിയിച്ചതായി അവിശ്വാസികളായ സിപിഎമ്മുകാർക്കും കരുതാം. വിശ്വസിച്ചവരെ കൈവിടാതിരിക്കുന്നവനാണല്ലോ ആപൽ ബാന്ധവൻ.
പതിവുപോലെ നേതാക്കളുടെ ഭാര്യമാരെ രഹസ്യമായി തൊഴീക്കാൻ കൊണ്ടുപോകുകയും ഏരിയ കമ്മിറ്റി ഓഫിസിൽനിന്നു വിളിച്ചു പറയുന്നവരെയെല്ലാം ക്യൂ നിൽക്കാതെ കയറ്റിവിടുകയും ചെയ്യുന്ന സിപിഎം ഭക്തരോട് ഒന്നു മാത്രമേ പറയാനുള്ളു, അത്തരം പരിപ്പൊന്നും ഗോപിയുടെ കലത്തിൽ വേവാനുള്ള സാധ്യത കുറവാണ്. കാരണം, അയാൾ കള പറിക്കാൻ പഠിച്ചൊരു കർഷകനാണ്. നെല്ലേത്, പതിരേത് എന്നും പെട്ടെന്നു മനസ്സിലാകും. ബാക്കി എല്ലാം ഗുരുവായൂരപ്പൻ തീരുമാനിക്കട്ടെ.
Content Highlights: AV Gopinath appointed as Guruvayur Devaswom Chairman by the CPM leadership., Highlights the irony of a Congress loyalist receiving a prestigious position through the CPM., Reflects on K. Karunakaran's past association and blessings for Gopinath., Analyzes the political shift and Gopinath's reputation as a firm, independent leader.