എ.വി. ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക്? മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

പാലക്കാട്: എ.വി. ഗോപിനാഥ് ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനായേക്കും. മുഖ്യമന്ത്രി പിണറായി വിജയനും ഗോപിനാഥും പാലക്കാട്ടുവെച്ച് കൂടിക്കാഴ്ച നടത്തി. തദ്ദേശ തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മുമായി ഇടഞ്ഞുനിൽക്കുകയാണ് എ.വി. ഗോപിനാഥ്.
ചൊവ്വാഴ്ച പാലക്കാട് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തിനെത്തിയപ്പോഴാണ് കൂടിക്കാഴ്ച നടന്നത്. ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാൻസ്ഥാനം ഉൾപ്പെടെ വാഗ്ദാനം ചെയ്തുവെന്നാണ് വിവരം. തദ്ദേശതിരഞ്ഞെടുപ്പിൽ സിപിഎം തന്നെ കാലുവാരി തോൽപിച്ചുവെന്ന് ഗോപിനാഥ് ആരോപിച്ചിരുന്നു. പിന്നാലെ ഇവർക്കിടയിൽ അസ്വാരസ്യങ്ങളുണ്ടാവുകയും ചെയ്തിരുന്നു.
2009 മുതൽ കോൺഗ്രസ് നേതൃത്വവുമായി അകലംപാലിച്ച എ.വി. ഗോപിനാഥ് 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെയാണ് പാർട്ടി വിട്ടത്. 2023-ൽ നവകേരള സദസ്സിൽ പങ്കെടുത്തതോടെ കോൺഗ്രസ് പുറത്താക്കി. 25 വർഷക്കാലം പെരിങ്ങോട്ടുകുറുശ്ശി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റായി പ്രവർത്തിച്ച എ.വി. ഗോപിനാഥ്, 1991-ൽ ആലത്തൂർ നിയമസഭാമണ്ഡലത്തിൽ 338 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തിരുന്നു.
കോൺഗ്രസ് വിട്ടതിന് പിന്നാലെ സ്വതന്ത്ര ജനാധിപത്യ മുന്നണി രൂപവത്കരിച്ച ഗോപിനാഥ്, ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ സിപിഎമ്മുമായി സഹകരിച്ച് പെരിങ്ങോട്ടുകുറിശ്ശി പഞ്ചായത്തിൽ മത്സരിച്ചുവെങ്കിലും പരാജയപ്പെട്ടു. ഒൻപതാം വാർഡായ ബെമ്മണ്ണിയൂരിൽ മത്സരിച്ച ഗോപിനാഥ്, കോൺഗ്രസ് സ്ഥാനാർഥിയായ രതീഷിനോട് 134 വോട്ടിന് തോറ്റു. ആകെയുള്ള 18 വാർഡുകളിൽ സിപിഎം-ഐഡിഎഫ് സഖ്യം എട്ടിടത്തും കോൺഗ്രസ് ഏഴിടത്തും ബിജെപി രണ്ടിടത്തും ജയിച്ചു. ഒരു സീറ്റിൽ ജയിച്ചത് സ്വതന്ത്രസ്ഥാനാർഥിയായിരുന്നു.
Content Highlights: Former Congress leader A.V. Gopinath met with Kerala CM Pinarayi Vijayan in Palakkad., Speculation is high that Gopinath has been offered the chairmanship of the Guruvayur Devaswom Board., Gopinath left the Congress party in 2021 and has since been politically independent., The meeting follows Gopinath's recent loss in the local body elections where he collaborated with the CPM.