സംസ്ഥാനത്ത് ഓട്ടോ, ടാക്സി നിരക്ക് കൂടും; ആവശ്യങ്ങൾ അംഗീകരിച്ച് സർക്കാർ, പണിമുടക്ക് പിൻവലിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോറിക്ഷാ, ടാക്സി നിരക്കുകൾ കൂടും. അടുത്തവർഷം ജനുവരി ഒന്ന് മുതലാകും പുതിയ നിരക്ക് പ്രാബല്യത്തിൽ വരിക. ഗതാഗതമന്ത്രി സി.പി. ജോണുമായി തൊഴിലാളി യൂണിയൻ പ്രതിനിധികൾ നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചതിനെ തുടർന്ന് വ്യാഴാഴ്ച നടത്താനിരുന്ന 24 മണിക്കൂർ ഓട്ടോ, ടാക്സി പണിമുടക്ക് പിൻവലിച്ചു.
നിലവിലെ മിനിമം ചാർജായ 30 രൂപ 50 രൂപയാക്കി ഉയർത്തണമെന്നാണ് തൊഴിലാളി യൂണിയനുകളുടെ ആവശ്യം. നിരക്ക് വർധന പഠിക്കാൻ സർക്കാർ കമ്മിഷനെ നിയോഗിക്കും. കമ്മിഷൻ നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാകും ജനുവരി ഒന്ന് മുതൽ എത്ര രൂപയാണ് നിരക്ക് വർധിപ്പിക്കേണ്ടത് എന്ന കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുക.
2022 ഏപ്രിൽ 22-നാണ് അവസാനമായി നിരക്ക് വർധിപ്പിച്ചതെന്ന് ചർച്ചയ്ക്ക് ശേഷം മന്ത്രി സി.പി. ജോൺ മാധ്യമങ്ങളോട് പറഞ്ഞു. അത് പരിഷ്കരിക്കണമെന്ന യൂണിയനുകളുടെ ആവശ്യം തത്വത്തിൽ സർക്കാർ അംഗീകരിക്കുകയാണ്. ഇതിനായി ഉടൻ തന്നെ കമ്മിഷനെ രൂപവത്കരിക്കാനും തീരുമാനിച്ചു. 2027-ൽ പുതിയ നിരക്ക് പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുപോകുകയാണെന്നും സി.പി. ജോൺ പറഞ്ഞു.
നിരക്ക് വർധനയ്ക്ക് പുറമെ തൊഴിലാളി യൂണിയനുകൾ മുന്നോട്ടുവെച്ച മറ്റ് ചില ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചു. ഓട്ടോറിക്ഷാ, ടാക്സി ഡ്രൈവർമാർക്ക് ഇഎസ്ഐ അനുവദിക്കുക, മഞ്ഞ ബോർഡ് വെക്കാതെ ഓടുന്ന ടൂ വീലർ ടാക്സികളെ നിയന്ത്രിക്കുക, ഹോട്ടലുകളിലും മറ്റും ഡ്രൈവർമാർക്ക് വിശ്രമമുറി ഒരുക്കുക തുടങ്ങിയ ആവശ്യങ്ങളാണ് സർക്കാർ അംഗീകരിച്ചത്.
Content Highlights: Auto and taxi fares in Kerala are set to increase from January 1, 2027, after Transport Minister CP John agreed in principle to the trade unions' demands, leading to the cancellation of Thursday's 24-hour strike.