'കുഞ്ഞിനോട് അത്രയ്ക്ക് സ്‌നേഹമായിരുന്നു, അതുല്യ ആത്മഹത്യ ചെയ്യില്ല; സതീഷ് സ്വസ്ഥത കൊടുത്തിട്ടില്ല'

കൊല്ലം: അതുല്യ ആത്മഹത്യ ചെയ്യാന്‍ ഒരു സാധ്യതയും കാണുന്നില്ലെന്ന് പിതാവ് രാജശേഖരന്‍ പിള്ള. അതുല്യക്ക് മകൾ ആരാധികയോട് അതിയായ സ്‌നേഹമായിരുന്നു. ആ സ്‌നേഹം മകളുടെ വാക്കുകളിലൂടെ കേട്ടിട്ടുണ്ട്. കുഞ്ഞിനോട് അത്ര സ്‌നേഹവും വാത്സല്യവുമാണ്. മുത്തേ, ചക്കരേ, അമ്മേടെ മുത്തേ എന്നൊക്കെയാണ് വിളിക്കുക. അങ്ങനെയുള്ള അതുല്യ, കുഞ്ഞിനെ മറന്ന് ആത്മഹത്യ ചെയ്യുമോ. ഒരിക്കലും ചെയ്യില്ല, മാതൃഭൂമി ന്യൂസ് പ്രൈം ടൈമിലായിരുന്നു രാജശേഖരന്‍ പിള്ളയുടെ പ്രതികരണം. ദുബായിലെ അരോമ കോണ്‍ട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷ് ശങ്കറിന്റെ ഭാര്യയായ അതുല്യയെ ശനിയാഴ്ച രാവിലെയാണ് താമസസ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്
സതീഷില്‍നിന്ന് അതുല്യയ്ക്കു നേരെ ക്രൂരമായ മര്‍ദനമായിരുന്നു എപ്പോഴും ഉണ്ടായിരുന്നതെന്നും രാജശേഖരന്‍ പിള്ള പറഞ്ഞു. അതുല്യക്ക് ഒരു നിമിഷം പോലും സ്വസ്ഥതയോ സുഖമോ സന്തോഷമോ സതീഷ് കൊടുത്തിട്ടില്ല. എന്നിട്ടും അതുല്യ, അയാള്‍ക്കൊപ്പം കോംപര്‍മൈസ് ചെയ്തു ജീവിച്ചത് കുഞ്ഞിന് വേണ്ടിയാണ്. ഭാര്യയാണെന്ന പരിഗണന ഒരിക്കലും കൊടുത്തിട്ടില്ല. സതീഷിന് അതുല്യയെ വിവാഹം ചെയ്തുകൊടുക്കാന്‍ ഞങ്ങള്‍ക്ക് താല്‍പര്യമുണ്ടായിരുന്നില്ല. സതീഷിന്റെ ഭീഷണിയും നിര്‍ബന്ധവുംമൂലമാണ് വിവാഹം കഴിച്ചുകൊടുത്തതെന്നും രാജശേഖരൻ പിള്ള പറഞ്ഞു.
അതുല്യയെ വിവാഹം ചെയ്തുകൊടുത്തില്ലെങ്കില്‍ ജീവനൊടുക്കുമെന്ന് സതീഷിന്റെ അമ്മ, തങ്ങളുടെ വീട്ടിലെത്തി അതുല്യയുടെ അമ്മയോടു പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിയായിരുന്നു വിവാഹം. അതുല്യയുടെ അമ്മയ്ക്ക് ഈ വിവാഹത്തോട് താല്‍പര്യമുണ്ടായിരുന്നില്ല. വിവാഹാലോചന വന്ന സമയത്ത് താന്‍ നാട്ടിലുണ്ടായിരുന്നില്ല. വേണ്ടെന്ന് തന്നെ വെച്ച ആലോചനയായിരുന്നു. പൊരുത്തമില്ലെന്ന് ജ്യോത്സ്യന്മാരും പറഞ്ഞിരുന്നു. എന്നിട്ടുപോലും നിര്‍ബന്ധബുദ്ധ്യാ നടന്ന വിവാഹമാണ്. സതീഷും സ്വന്തം അമ്മയും തമ്മില്‍പോലും ബന്ധമില്ലെന്നും അതുല്യയുടെ പിതാവ് പറഞ്ഞു.
വിവാഹത്തിന്റെ ആദ്യകാലത്തുതന്നെ സ്ത്രീധനം സംബന്ധിച്ച് പരാതിയും തര്‍ക്കങ്ങളുണ്ടായിരുന്നു. കഴിവിന്റെ പരമാവധി സ്ത്രീധനം നല്‍കിയിരുന്നു. സതീഷ് സിവില്‍ എന്‍ജിനീയറാണ്. സാമാന്യം ഭേദപ്പെട്ട ശമ്പളമുള്ള ആള്‍ക്ക് ഇത്രയും സ്ത്രീധനം പോരെന്ന് പറഞ്ഞ് അതുല്യയെ പീഡിപ്പിച്ചിരുന്നു. അതൊക്ക പരിഹരിച്ചിരുന്നെന്നും രാജശേഖരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
കൊല്ലം തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനിയായിരുന്നു അതുല്യ. രാജശേഖരന്‍ പിള്ളയുടെയും തുളസിഭായ് പിള്ളയുടെയും മകളാണ്. ഒരുവര്‍ഷമായി ഷാര്‍ജയില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളില്‍ പ്രവര്‍ത്തിക്കുന്ന ഒരു സ്ഥാപനത്തില്‍ പുതുതായി ജോലിയില്‍ പ്രവേശിക്കേണ്ടതായിരുന്നു. അതുല്യയുടെയും സതീഷിന്റെയും ഏക മകള്‍ ആരാധിക നാട്ടിലെ സ്‌കൂളിലാണ് പഠിക്കുന്നത്. ഏകസഹോദരി അഖില ഗോകുല്‍ ഷാര്‍ജയില്‍ ഇവരുടെ ഫ്‌ലാറ്റിനടുത്ത് തന്നെയാണ് താമസിക്കുന്നത്.
Content Highlights: athulya will not commit suicide says father