കേരളത്തിന് കൂടുതൽ ട്രെയിനുകൾ; മംഗലാപുരം-ഷൊർണൂർ നാലുവരി പാതയാക്കാനും നീക്കം- റെയിൽവേ മന്ത്രി

കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വന്ദേഭാരത് സ്ലീപ്പർ നിർമാണ പ്രവർത്തികൾ വിലയിരുത്തുന്നു | Photo: PTI
കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് വന്ദേഭാരത് സ്ലീപ്പർ നിർമാണ പ്രവർത്തികൾ വിലയിരുത്തുന്നു | Photo: PTI

തിരുവനന്തപുരം: കേരളത്തിന് കൂടുതല്‍ ട്രെയിന്‍ സര്‍വീസുകള്‍ അനുവദിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സംസ്ഥാനത്തെ റെയില്‍പാതകളുടെ ശേഷി വര്‍ധിപ്പിക്കും. റെയില്‍വേ സ്റ്റേഷനുകള്‍ കേരളത്തനിമ നിലനിര്‍ത്തി ആധുനികവത്കരിക്കും. മംഗലാപുരം- കാസര്‍കോട്‌- ഷൊര്‍ണ്ണൂര്‍ റൂട്ട്‌ നാല് വരി പാതയാക്കാനും നീക്കമുണ്ട്. നേരത്തേപ്രഖ്യാപിച്ച അങ്കമാലി- ശബരിമല പാതയ്ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഷൊര്‍ണൂര്‍- എറണാകുളം പാത മൂന്ന് വരിയാക്കും. വന്ദേഭാരത് ട്രെയിനുകള്‍ എല്ലാ സംസ്ഥാനങ്ങളിലും സര്‍വീസ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. 

കേരളത്തിലെ മൂന്നും നാലും റെയില്‍വേ പാതയ്ക്കായുള്ള പ്രവര്‍ത്തനത്തിലാണെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ച്ചയില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനുമായി പ്രധാന പദ്ധതികളെക്കുറിച്ച് ചര്‍ച്ച ചെയ്തെന്ന് പറഞ്ഞ അശ്വിനി വൈഷ്ണവ് അങ്കമാലി-എരുമേലി പദ്ധതിക്കും കേരളത്തിന്‌ അനുവദിച്ച ഓവര്‍ ബ്രിഡ്ജുകള്‍ക്കും അണ്ടര്‍ ബ്രിഡ്ജുകള്‍ക്കും സ്ഥലം ഏറ്റെടുക്കുന്നതിന് പിന്തുണ തേടിയതായും അറിയിച്ചു.

Content Highlights: Central government to allow special fund to kerala, angamali Erumeli train