മന്ത്രിതല ചർച്ചയും പരാജയം: ആശാ വർക്കർമാർ സമരം തുടരും

ആരോഗ്യവകുപ്പിൽ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആശവർക്കർമാർ നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണയിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി
ആരോഗ്യവകുപ്പിൽ സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ട് ആശവർക്കർമാർ നടത്തിയ സെക്രട്ടറിയേറ്റ് ധർണ്ണയിൽ പങ്കെടുക്കുന്നവർ | ഫോട്ടോ: എസ്‌. ശ്രീകേഷ്‌ / മാതൃഭൂമി

തിരുവനന്തപുരം: ആരോ​ഗ്യമന്ത്രി വീണാ ജോർജുമായി ആശാ പ്രവർത്തകർ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. സമരം തുടരുമെന്ന് ആശാ വർക്കർമാർ അറിയിച്ചു. NHM ഡയറക്ടറുമായി ബുധനാഴ്ചതന്നെ ഇവർ നടത്തിയ ചർച്ചയും പരാജയപ്പെട്ടിരുന്നു.

സമരം അവസാനിപ്പിക്കണം, സർക്കാരിന് സാമ്പത്തിക പ്രതിസന്ധിയുണ്ട് എന്നതിനപ്പുറത്തേക്ക് സമരം പരിഹരിക്കുന്നതിനാവശ്യമായ ചർച്ചകളൊന്നും ഉണ്ടായില്ല. ആരോ​ഗ്യമന്ത്രി ചർച്ചയ്ക്ക് വിളിച്ചത് ആശാ വർക്കർമാരിൽ നേരിയ പ്രതീക്ഷ ഉയർത്തിയിരുന്നു. എന്നാൽ ആ പ്രതീക്ഷകളെല്ലാം അസ്ഥാനത്താവുകയായിരുന്നു. 

ചർച്ച നല്ല രീതിയിൽ അവസാനിക്കണമെങ്കിൽ ഇത്രയും ദിവസം തങ്ങളെ ഇവിടെ ഇതുപോലെ കിടത്തേണ്ട കാര്യമില്ലായിരുന്നല്ലോ എന്ന് ആശാ പ്രവർത്തകർ പ്രതികരിച്ചു. നിങ്ങളെന്ത് ചെയ്താലും ഞങ്ങൾ ഒന്നും തരില്ല എന്ന് ഉറപ്പിച്ചാണ് മുഖ്യമന്ത്രി ആശാ പ്രവർത്തകരായ തങ്ങളോട് ഇങ്ങനെ പ്രവർത്തിക്കുന്നത്. പക്ഷേ കിട്ടാനുള്ളത് വാങ്ങിയിട്ടേ പോകൂ എന്നും അവർ പ്രതികരിച്ചു.

സമരം തുടങ്ങി 38-ാം ദിവസം പിന്നിടുമ്പോഴാണ് സർക്കാർ ചര്‍ച്ചയ്ക്ക് വിളിച്ചത്. ഓണറേറിയം വര്‍ധിപ്പിക്കണമെന്ന പ്രധാന ആവശ്യം ഉന്നയിച്ചുകൊണ്ടാണ് ആശാ വര്‍ക്കര്‍മാര്‍ സമരത്തിനിറങ്ങിയത്. ഓണറേറിയം വര്‍ധിപ്പിക്കുന്നതിന് പുറമേ പെന്‍ഷന്‍ അനുവദിക്കുക, കുടിശ്ശിക നല്‍കുക തുടങ്ങിയ ആവശ്യങ്ങളാണ് ആശാ വര്‍ക്കര്‍മാര്‍ മുന്നോട്ടുവെച്ചത്.

Content Highlights: Asha Workers to continue their strike