'മുഖ്യമന്ത്രി ഞങ്ങളുടെ മുന്നിൽ വന്ന് സമരം ഒത്തുതീർപ്പാകണം'; പ്രതിഷേധം ശക്തമാക്കി ആശ വർക്കർമാർ,സംഘർഷം

പ്രതിഷേധത്തിൽ നിന്ന് | Photo: Screengrab/Mathrubhumi News
പ്രതിഷേധത്തിൽ നിന്ന് | Photo: Screengrab/Mathrubhumi News

തിരുവനന്തപുരം: ഓണറേറിയം വർധിപ്പിക്കുക, പെൻഷൻ ക്രമീകരണങ്ങൾ ഉറപ്പാക്കുക, വിരമിക്കൽ ആനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് മാസങ്ങളായി സമരം ചെയ്യുന്ന ആശാ വർക്കർമാർ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചിനിടെ സംഘർഷം.

പോലീസ് പ്രതിഷേധക്കാരെ നീക്കാനുള്ള ശ്രമം നടത്തിയെങ്കിലും, പിരിഞ്ഞുപോകില്ലെന്ന ഉറച്ച നിലപാടിലായിരുന്നു ആശാ വർക്കർമാർ. പിന്നീട് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചതിനെ തുടർന്ന് സമരക്കാർ സമരം അവസാനിപ്പിച്ചു. കസ്റ്റഡിയിലെടുത്ത പ്രവർത്തകരെ വിട്ടയക്കുമെന്ന് പോലീസ് ഉറപ്പുനൽകിയതായി സമരസമിതി അംഗങ്ങൾ പറഞ്ഞു.

ആശ വർക്കർമാരുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് സംസ്ഥാന സർക്കാർ നേരത്തെ ഒരു സമിതിയെ നിയോഗിച്ചിരുന്നുവെങ്കിലും, ആ സമിതി നൽകിയ റിപ്പോർട്ട് പോലും വെളിച്ചം കാണാത്തതാണ് ആശാ പ്രവർത്തകരെ പ്രകോപിപ്പിച്ചത്. മുഖ്യമന്ത്രി ഇവിടെ വന്ന് സംസാരിച്ച് ഇവരുടെ ആവശ്യങ്ങൾ അംഗീകരിക്കും വരെ സമരം തുടരും എന്നായിരുന്നു സമരസമിതിയുടെ നിലപാട്.

ആശാ പ്രവർത്തകരെ പിരിച്ചുവിടാനായി പോലീസ് അഞ്ച് റൗണ്ട് ജലപീരങ്കി പ്രയോഗിച്ചു. എന്നിട്ടും കനത്ത മഴയേയും ജലപീരങ്കിയെയും  അവഗണിച്ചുകൊണ്ട് ആശാ വർക്കർമാർ ക്ലിഫ് ഹൗസിൻ്റെ മുന്നിൽ നിലയുറപ്പിച്ചു. സമരം അനുവദിച്ചിരുന്ന സമയത്തിനും അപ്പുറത്തേക്ക് കടന്നുപോയതിനാലാണ് പോലീസ് നടപടി ഉണ്ടായത് എന്ന് പോലീസ് വ്യക്തമാക്കി. ബാരിക്കേഡ് മറികടന്ന് മുന്നോട്ട് പോകാൻ ശ്രമിച്ച സമരനേതാവ് എസ്. മിനി ഉൾപ്പെടെയുള്ളവരെ പോലീസ് കസ്റ്റഡിയിൽ എടുത്തു നീക്കി.

കസ്റ്റഡിയിലെടുത്ത പ്രധാന നേതാക്കളുമായി പോയ വാഹനം മുന്നോട്ട് കൊണ്ടുപോകാൻ ശ്രമിച്ചപ്പോൾ പ്രവർത്തകർ വാഹനത്തിന് മുന്നിൽ കിടന്ന് പ്രതിഷേധിച്ചു. പ്രവർത്തകരെ വലിച്ചിഴച്ച് മാറ്റിയ ശേഷമാണ് പോലീസിന് വാഹനം മുന്നോട്ട് കൊണ്ടുപോകാൻ സാധിച്ചത്.

പോലീസ് മൈക്കും അനുബന്ധ ഉപകരണങ്ങളും പിടിച്ചെടുക്കാൻ ശ്രമിച്ചത് വലിയ സംഘർഷത്തിലേക്ക് നയിച്ചു. രാവിലെ മുതൽ ഇവിടെ പ്രതിഷേധം നടത്തുകയായിരുന്നുവെന്നും, ഉച്ചയ്ക്ക് ശേഷം അഞ്ചു മണിയോടെയാണ് വാഹനം കസ്റ്റഡിയിൽ എടുത്തതെന്നും, നേതാക്കന്മാരെ അറസ്റ്റ് ചെയ്തതെന്നും പ്രവർത്തകർ പ്രതികരിച്ചു. മൈക്ക് ഉപയോഗിക്കാനുള്ള പെർമിഷൻ അനുവദിച്ച സമയം കഴിഞ്ഞു എന്നാണ് പോലീസ് പറയുന്നത്. എന്നാൽ, തങ്ങൾക്ക് അനുമതി ഉണ്ടായിരുന്ന സമയത്ത് മാത്രമാണ് മൈക്ക് ഉപയോഗിച്ചത് എന്ന് പ്രവർത്തകർ പറയുന്നു. ജനറേറ്റർ ഉൾപ്പെടെയുള്ള സാധനങ്ങൾ വാഹനത്തിൽ നിന്ന് അഴിച്ചുമാറ്റി പോലീസ് കസ്റ്റഡിയിൽ എടുത്തു.

സംഘർഷത്തിനിടെ പോലീസ് ഉദ്യോഗസ്ഥർ അടക്കമുള്ളവർക്ക് പരിക്കേറ്റിട്ടുണ്ട്. കണ്ടോൺമെന്റ് എസ്.എച്ച്.ഒ. പ്രജീഷ്, ഒരു വനിതാ പോലീസുകാരി എന്നിവർക്കാണ് പരിക്കേറ്റത്. വനിതാ പോലീസുകാരി പോലീസ് വാഹനത്തിനകത്തേക്ക് കയറുന്ന സമയത്ത് സമരക്കാർ വാഹനത്തിൻറെ കതക് വലിച്ചടച്ചതിനെ തുടർന്ന് വിരലുകൾക്ക് പരിക്കേൽക്കുകയായിരുന്നു.

Content Highlights: Asha workers in Thiruvananthapuram intensified their protest at the CM`s residence, demanding increased honorarium, pension, and retirement benefits. Clashes erupted with police.