ചിത്രകാരൻ ശേഖർ അയ്യന്തോൾ സ്വന്തം ആർട്ട് ഗാലറിയിൽ തൂങ്ങിമരിച്ച നിലയിൽ

എടപ്പാൾ: ചിത്രകാരനും സാംസ്‌കാരിക പ്രവർത്തകനുമായ ശേഖർ അയ്യന്തോളിനെ (72) എടപ്പാളിലെ അദ്ദേഹത്തിന്റെ ആർട്ട് ഗാലറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കേരളത്തിലെ ചിത്രകലാമേഖലയിൽ അഞ്ചുപതിറ്റാണ്ടായി നിറഞ്ഞുനിൽക്കുന്ന വ്യക്തിത്വമാണ്.
1954-ൽ തൃശ്ശൂരിലെ അയ്യന്തോളിൽ ജനിച്ച അദ്ദേഹം ഗവ. ഒക്യുപേഷണൽ ഇൻസ്റ്റിറ്റ്യൂട്ട് എന്ന ഇന്നത്തെ കോളേജ് ഓഫ് ഫൈൻ ആർട്‌സിൽനിന്ന് ഡ്രോയിങ്ങിലും പെയിന്റിങ്ങിലും ഡിപ്ലോമ നേടി. 1976-ൽ ഇവിടെ ആർട്ട് ഇൻസ്ട്രക്ടറായി ജോലിചെയ്തു. കുമരനല്ലൂർ ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ ചിത്രകലാ അധ്യാപകനായിരുന്നു. ഇതിനിടയിൽ റിയലിസ്റ്റിക്കും ആധുനികവുമായ നൂറുകണക്കിന് ചിത്രങ്ങൾ വരച്ചു. എടപ്പാളിൽ ജെ.ഡി. ആർട്ട് ഗാലറി എന്ന സ്ഥാപനം നടത്തിവരുകയായിരുന്നു. ഈ ഗാലറിയിൽ 'അയ്യൻ 50' എന്നപേരിൽ തന്റെ സൃഷ്ടികൾ പ്രദർശിപ്പിച്ചിരുന്നു. വയനാട്ടിലെ എടക്കൽ ഗുഹ സന്ദർശിച്ച് അവിടത്തെ പ്രാചീനചിത്രങ്ങളെ പുനരാവിഷ്‌കരിച്ചും ശ്രദ്ധേയനായി.
തൃശ്ശൂർ, എടത്തനാട്ടുകര, എറണാകുളം, കോഴിക്കോട്, ബെംഗളൂരു തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ചിത്രപ്രദർശനങ്ങൾ നടത്തി. പാലക്കാട് കുമരനെല്ലൂരിൽ ഇദ്ദേഹം കൺവീനറായി പാരീസിലെ പ്രവാസി ചിത്രകാരൻ അക്കിത്തം നാരായണൻ അടക്കമുള്ളവരുമായി ചേർന്ന് നടത്തിയ വർണമേളം ചിത്രകലാക്യാമ്പ് ഏറെ ശ്രദ്ധിക്കപ്പെട്ടു.
ന്യൂഡൽഹിയിലെ ലളിതകലാ അക്കാദമിയിൽ നടന്ന 46-ാമത് ദേശീയ പ്രദർശനം ഇദ്ദേഹത്തെ ദേശീയതലത്തിൽ പ്രശസ്തനാക്കി. 1992-ൽ എം.എഫ്. ഹുസൈനുമായി ചേർന്ന് സാമുദായിക ഐക്യത്തിനായി ചിത്രരചന നടത്തി.
1978-ൽ 'അണക്കര' എന്ന ചിത്രത്തിന് കേരള ലളിതകലാ അക്കാദമിയുടെ ആദരസൂചക പരാമർശവും 1982-ൽ 'ഓമന' എന്ന ചിത്രത്തിന് കേരള ചിത്രകലാ പരിഷത്തിന്റെ കാഷ് അവാർഡും ലഭിച്ചിട്ടുണ്ട്. 1983-ൽ 'ഓമന' എന്ന ചിത്രത്തിന് കേരള ചിത്രകലാ പരിഷത്തിന്റെ കെ.സി.പി അവാർഡും ലഭിച്ചു. 1984-ൽ 'സുവർണക്ഷേത്രം' എന്ന ചിത്രത്തിന് കേരള ലളിതകലാ അക്കാദമിയുടെ ആദരസൂചക പരാമർശവും തേടിയെത്തി. 1989-ൽ 'കാള ഉത്സവം' എന്ന ചിത്രത്തിന് ദേശീയ അവാർഡ് ലഭിച്ചു. 2014-ൽ 'ദൃശ്യകലകൾ'ക്ക് കേരള ലളിതകലാ അക്കാദമിയുടെ ആദരസൂചക പരാമർശം ലഭിച്ചു.
കേരള ചിത്രകലാപരിഷത്തിന്റെ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
ഭാര്യ: പി.കെ. ഓമന (റിട്ട. പ്രഥമാധ്യാപിക, ജി.എച്ച്.എസ്.എസ്. കുമരനെല്ലൂർ, പാലക്കാട്). മക്കൾ: ജിനൻ ശേഖർ (ആർട്ട് വർക്ക്), ധനൻ ശേഖർ (സോഫ്റ്റ്വേർ മേഖല, എറണാകുളം). സംസ്‌കാരം ഞായറാഴ്ച.
വരയ്ക്ക് പിന്നിൽ ദർശനം പുലർത്തിയ ചിത്രകാരൻ
തൃശ്ശൂർ: എടയ്ക്കൽ ഗുഹാചിത്രങ്ങൾ മണിക്കൂറുകളോളം സസൂക്ഷ്മം നോക്കിനിന്ന് പഠിച്ചാണ് ശേഖർ അയ്യന്തോളെന്ന ചിത്രകാരൻ സ്വന്തം ശൈലിയിലേക്ക് പകർത്തിയത്. കലയോടുള്ള ആത്മാർഥ സമർപ്പണം വ്യക്തമാക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ രചനാശൈലി. വെറും പടം വരയ്ക്കലല്ല, മറിച്ച് ഓരോ വരയ്ക്കും പിന്നിൽ കൃത്യമായ ദർശനം അദ്ദേഹം സൂക്ഷിച്ചിരുന്നുവെന്ന് ചിത്രകലാരംഗത്തെ അദ്ദേഹത്തിന്റെ പിൻതുടർച്ചക്കാർ ചൂണ്ടിക്കാട്ടുന്നു.
ചിത്രകലാ പരിഷത്തിന്റെ അമരക്കാരനായി പ്രവർത്തിക്കവേ സംഘടനയ്ക്കും ചിത്രകാരന്മാർക്കും വലിയൊരു തണലായിരുന്നു അദ്ദേഹമെന്ന് ചിത്രകലാപരിഷത്ത് ജില്ലാ സെക്രട്ടറി ആർട്ടിസ്റ്റ് ഗോപി പറയുന്നു. കായലിലെ വഞ്ചിക്കാർ, കമ്പോളത്തിലെ തിരക്ക്, ആഘോഷങ്ങൾ, ഉത്സവങ്ങൾ തുടങ്ങി സാധാരണക്കാരന്റെ ജീവിതത്തെയും സംസ്‌കാരത്തെയുമാണ് അദ്ദേഹം ഏറ്റവുമധികം കാൻവാസിലേക്ക് പകർത്തിയത്. അതിൽ ആത്മസംഘർഷങ്ങളും പരസ്പരസ്‌നേഹവും കാരുണ്യവുമെല്ലാം നിഴലിച്ചിരുന്നു.
മാറുന്ന കാലത്തിനൊപ്പം ഡിജിറ്റൽ സാങ്കേതികവിദ്യയെയും പുതിയ വിജ്ഞാനങ്ങളെയും ഉൾക്കൊള്ളാൻ ചിത്രകാരൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം അവർ കലാലോകത്തുനിന്ന് പുറന്തള്ളപ്പെടുമെന്ന കാഴ്ചപ്പാടും അദ്ദേഹം പുലർത്തി.
അക്രിലിക് ചിത്രരചനയിൽ പ്രമുഖനായ ശേഖർ അയ്യന്തോൾ ഖജുരാഹോ ശില്പങ്ങളെ ആസ്പദമാക്കി നടത്തിയ ഡിജിറ്റൽ ചിത്രപ്രദർശനങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. യൂസഫ് അറക്കൽ, അക്കിത്തം നാരായണൻ തുടങ്ങിയ പ്രമുഖ കലാകാരന്മാർക്കൊപ്പം ഒരേ വേദികളിൽ ചിത്രങ്ങൾ പ്രദർശിപ്പിക്കാനും ജയ്പുർ പാലസിൽ നടന്ന അന്താരാഷ്ട്ര ക്യാമ്പുകളിൽ വിദേശ കലാകാരന്മാർക്കൊപ്പം പങ്കെടുക്കാനും അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. കേരളത്തിന് അകത്തും പുറത്തുമായി എട്ടോളം ഏകാംഗ പ്രദർശനങ്ങൾ നടത്തിയ അദ്ദേഹത്തിന്റെ ചിത്രം തിരുവനന്തപുരം രാജ്ഭവനിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
( ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. അത്തരം ചിന്തകളുള്ളപ്പോൾ 'ദിശ' ഹെൽപ്പ് ലൈനിൽ വിളിക്കുക: ടോൾ ഫ്രീ നമ്പർ: 1056, 0471-2552056)
Content Highlights: Renowned Kerala artist Shekhar Ayyanthole (72) was found deceased at his art gallery in Edappal. A tribute to his five-decade legacy.