ലിപികലയുടെ ഭട്ടതിരി

കൊച്ചി: പതിവുകൾ വിട്ടുള്ള അക്ഷരചിത്രങ്ങളാണ് എറണാകുളം ദർബാർ ഹാൾ ഗാലറിയിൽ,കവിതയാൽ വരച്ചത്.സാഹിത്യം മലയാളിമനസിലെത്തിയത് സി.പി.നാരായണ ഭട്ടതിരി എഴുതിയ ഈ തലക്കെട്ടുകൾക്കൊപ്പമാണ്.രണ്ടാമൂഴം,നീർമാതളം പൂത്തകാലം,പരിണാമം,ദൈവത്തിന്റെ വികൃതികൾ,വാനപ്രസ്ഥം.അധികാരം... ഒക്ടോബറിൽ കൊച്ചിയിൽ അന്താരാഷ്ട്ര കലിഗ്രാഫി ഫെസ്റ്റിവൽ സംഘടിപ്പിച്ചത് ഭട്ടതിരിയുടെ കചടതപ ഫൗണ്ടേഷനാണ്. കലിഗ്രഫി പ്രദർശനം എൻ.ഇ.സുധീറാണ് ഉദ്ഘാടനം ചെയ്തത്.അക്കാദമി സെക്രട്ടറി ബാലമുരളീകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ബുധനാഴ്ചയായിരുന്നു സമാപനം.കലയെക്കുറിച്ചും കാഴ്ചപ്പാടുകളെ കുറിച്ചും ഭട്ടതിരി സംസാരിക്കുന്നു.
എഴുത്ത്
തിരുവനന്തപുരം സ്കൂൾ ഓഫ് ഫൈൻ ആർട്സിൽ ബിഎഫ് എയ്ക്ക് ചേർന്നത് കലിഗ്രാഫി പഠിപ്പിക്കുന്ന അപ്ലൈഡ് ആർട്സിലായിരുന്നില്ല, പെയിന്റിങായിരുന്നു. അക്ഷരങ്ങൾ ശ്രദ്ധിക്കപ്പെട്ടതോടെ വാരികകളിൽ വരച്ചു തുടങ്ങി.പൂനെയിൽ നടന്ന ദേശീയ കലിഗ്രഫി ക്യാമ്പിൽ പങ്കെടുത്തതായിരുന്നു വഴിത്തിരിവ്.മൂന്ന് മലയാളം ഫോണ്ടുകൾ നിർമിച്ചു.കരുണ,എഴുത്ത്,ശ്രീ. ചിത്രകാരൻ സി.എൻ കരുണാകരന്റെ ശൈലിയിൽ നിന്നായിരുന്നു കരുണയുടെ പ്രചോദനം.സിനിമയുടെ തലക്കെട്ടുകളും എഴുതി.എന്നു നിന്റെ മൊയ്തീൻ,അന്യർ,നിഴൽ...
കവിത ചൊല്ലിക്കൊണ്ട് വര
പുലർച്ചെ മൂന്നിന് എഴുന്നേൽക്കും.വരയ്കാനുള്ള നല്ല നേരമാണത്. കവിത ചൊല്ലിക്കൊണ്ടാണ് വര.വൃത്തവും ദ്വദീയാക്ഷരപ്രാസവുമൊക്കെയുള്ള കവിതയാണ് ഇഷ്ടം.കുമാരനാശാൻ,ചങ്ങമ്പുഴ,ശങ്കരക്കുറുപ്പ്,വൈലോപ്പിള്ളി,അക്കിത്തം,വിഷ്ണുനാരായണൻ നമ്പൂതിരി,ബാലചന്ദ്രൻ ചുള്ളിക്കാട്... ഇതു വരെ ഇങ്ങനെ 4602 അക്ഷരചിത്രങ്ങൾ വരച്ചു. പെയിന്റിങിനെക്കാൾ ഒരു പടി മുന്നിലാണ് കാലിഗ്രാഫി എന്നാണ് എന്റെ പക്ഷം.പെയിന്റിങിൽ രൂപം,നിറം,ആശയം എന്നിവയുള്ളപ്പോൾ കാലിഗ്രാഫിയിൽ വാക്കു കൂടിയുണ്ട്.
ചൈനയിലെ ജ്ഞാനപ്പാന
ചൈനയിൽ ഹർബിനിൽ കല്ലുകളുടെ ഉദ്യാനമുണ്ട്. ലോകഭാഷകളെല്ലാം കല്ലുകളിൽ അവിടെ കൊത്തിവെച്ചിട്ടുണ്ട്.പൂന്താനത്തിന്റെ ജ്ഞാനപ്പാനയിലെ വരികളാണ് ഞാൻ എഴുതിക്കൊടുത്തത്.
‘കൂടിയല്ലാ പിറക്കുന്ന നേരത്തും കൂടിയല്ലാ മരിക്കുന്ന നേരത്തും മധ്യേയിങ്ങനെ കാണുന്ന നേരത്തു മത്സരിക്കുന്നതെന്തിനു നാം വൃഥാ..’
ഏഴടി ഉയരമുള്ള കല്ലിൽ അവിടെ അത് കൊത്തിവെച്ചിട്ടുണ്ട്.
എഐയെ പേടിയില്ല
കലിഗ്രാഫിക്ക് എഐ ഭീഷണിഅല്ലെന്നാണ് എന്റെ പക്ഷം.കലയുടെ മരുന്നു വേണമെന്ന് മാത്രം.ഒരു തലക്കെട്ടിന് എ ഐക്ക് ഇന്ന് നിർദ്ദേശം നൽകിയാൽ കിട്ടുന്ന സൃഷ്ടിയാകും നാളെ ചോദിച്ചാലും കിട്ടുക.ഞാൻ ഇന്നെഴുതുന്നതു പോലയല്ല നാളെയും മറ്റന്നാളും എഴുതുക.
കുടുംബം
പന്തളമാണ് സ്വദേശം.താമസം തിരുവനന്തപുരം വഴുതക്കാടാണ് .മിനിയാണ് ഭാര്യ.രണ്ടു മക്കൾ.സിനിമാ സംവിധായകനും എഡിറ്ററുമായ അപ്പു ഭട്ടതിരി , ഒരു യു.എസ്. കമ്പനിയിൽ ഉദ്യോഗസ്ഥനായ രാമു.
Content Highlights: artist cp narayana bhattathiri