‘കൊലപാതകം യാദൃച്ഛികമല്ല, നിയമപോരാട്ടം തുടരും’; വിധിപ്പകർപ്പ് ലഭിച്ചശേഷം കൂടുതൽ പ്രതികരണമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: അരിയിൽ അബ്ദുൽ ഷുക്കൂർ വധക്കേസിൽ കോടതി വിധിയുടെ പൂർണരൂപം ലഭിച്ചശേഷം പാർട്ടിയുടെ പ്രതികരണം അറിയിക്കാമെന്ന് മുസ്ലിംലീഗ് നേതാവും മന്ത്രിയുമായ പി.കെ. കുഞ്ഞാലിക്കുട്ടി. കേസിൽ ചിലർക്ക് ശിക്ഷ ലഭിക്കുകയും ചിലരെ വെറുതേവിടുകയും ചെയ്തിട്ടുണ്ട്. മൃഗീയവും പൈശാചികവുമായ കൊലപാതകമാണ് നടന്നത്. അത് ചിലർ ചെയ്തിട്ടുണ്ടെന്ന കാര്യവും വസ്തുതയാണ്. സംഭവത്തിനു പിന്നിൽ കൃത്യമായ ആസൂത്രണവും ഗൂഢാലോചനയും ഉണ്ടായിട്ടുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
യാദൃച്ഛികമായ ഒരു സംഭവമല്ല ഇതെന്നും വിളിച്ചിറക്കിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നെന്നും കുഞ്ഞാലിക്കുട്ടി ഓർമിപ്പിച്ചു. ഗൂഢാലോചന തെളിയിക്കേണ്ട സാക്ഷികളെ ഭീഷണിപ്പെടുത്തിയതും സ്വാധീനിച്ചതുമാണ് കേസിൽ തിരിച്ചടിയായത്. ഭയംകാരണം പല സാക്ഷികളും കോടതിമുറ്റത്തുനിന്ന് മടങ്ങിപ്പോകുന്ന സാഹചര്യമുണ്ടായി. പാർട്ടി ഈ കേസ് വളരെ സൂക്ഷ്മതയോടെയും ഭംഗിയായുമാണ് നടത്തിയത്. ഗൂഢാലോചന സംബന്ധിച്ച കാര്യങ്ങളിൽ തീർച്ചയായും അപ്പീൽ പോകുമെന്നും നിയമപരമായി അവസാനംവരെ പോരാടുമെന്നും അദ്ദേഹം പറഞ്ഞു.
കേസിൽ ഗൂഢാലോചനയും ആസൂത്രണവുമുണ്ടായെന്നത് വസ്തുതയാണ്. സാക്ഷികൾക്ക് ഭീഷണിയുണ്ടായിരുന്നെന്നതും നഗ്നമായ യാഥാർഥ്യമാണ്. ഗൂഢാലോചനാ കാര്യത്തിൽ അപ്പീൽ പോവേണ്ടിവരും. മറ്റു ശിക്ഷകൾ എങ്ങനെയാണെന്ന കാര്യത്തിൽ വിധിയുടെ പൂർണരൂപം ലഭിച്ചശേഷം പറയാം. ഇത്രയും ആസൂത്രിതമായ കൊലപാതകം ആരുടെയെങ്കിലും ബുദ്ധിയിൽ ഉദിക്കാതെ വരില്ലല്ലോ. യാദൃച്ഛികമായി സംഭവിച്ച ഒരു കൊലപാതകമല്ല ഇത്. വിളിച്ചിറക്കിക്കൊണ്ടുപോയി മൃഗീയമായി കൊലപ്പെടുത്തുകയായിരുന്നെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേർത്തു.
Content Highlights: Muslim League leader PK Kunhalikutty stated that the party will appeal the court verdict regarding the conspiracy in the Ariyil Shukoor murder case.