എട്ടുലക്ഷം നല്‍കിയെന്ന് അരിതാ ബാബു; തനിക്കതു കിട്ടിയില്ലല്ലോയെന്ന് മേഘ, ചികിത്സാ സഹായധനം വിവാദത്തിൽ

ആലപ്പുഴ: പോലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റു കഴിയുന്ന സഹപ്രവര്‍ത്തകയ്ക്ക് ചികിത്സാച്ചെലവിനായി പണപ്പിരിവിലൂടെ എട്ടുലക്ഷം രൂപ നല്‍കിയെന്ന യൂത്ത് കോണ്‍ഗ്രസ് വനിതാ നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വിവാദമായി. പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി മേഘാ രഞ്ജിത്തിന് സംഘടന പണം നല്‍കിയതായാണ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബു ബുധനാഴ്ച ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടത്.
ഇതിന്റെ കമന്റില്‍ തനിക്കതു കിട്ടിയില്ലല്ലോയെന്ന് മേഘ പ്രതികരിച്ചതോടെയാണ് വിവാദമായത്. എന്നാല്‍, അരിത പറഞ്ഞത്ര തുക കിട്ടിയില്ലെന്നാണ് താനുദ്ദേശിച്ചതെന്ന് മേഘ പിന്നീട് 'മാതൃഭൂമി'യോടു പറഞ്ഞു.
'രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങിയനാള്‍ മുതല്‍ ഓരോ സമരത്തിലും പങ്കാളിയാകുമ്പോള്‍, പ്രതിഷേധം അതിരുവിടുമ്പോള്‍, അത് ടി.വി.യിലും മറ്റും കാണുന്ന പൊതുജനം ചോദിക്കുന്ന ഒരു ചോദ്യമുണ്ട് -ഇങ്ങനെ നിങ്ങള്‍ തെരുവില്‍ ആക്രമിക്കപ്പെട്ടാല്‍ ആരു സംരക്ഷിക്കും? ആ ചോദ്യത്തിന് സസന്തോഷം മറുപടി നല്‍കിയ ദിവസങ്ങളിലൊന്നിന്റെ വാര്‍ഷികമാണ് ഇന്ന് എന്ന കാര്യം രാവിലെതന്നെ ഫെയ്‌സ്ബുക്ക് ഓര്‍മ്മിപ്പിച്ചു' എന്നു പറഞ്ഞാണ് അരിതയുടെ പോസ്റ്റ് തുടങ്ങുന്നത്. മേഘയ്ക്കു ചിക്തിസാ സഹായമായി എട്ടുലക്ഷം രൂപ കൈമാറിയെന്നും പിന്നീടു പറയുന്നു.
തുക തനിക്കു കിട്ടിയില്ലെന്നും ഇത് ആരാണു കൈപ്പറ്റിയതെന്നും പരസ്യമായി പറയണമെന്നും മേഘ കമന്റിട്ടതോടെ സംഘടന തുക വെട്ടിച്ചതായി ആരോപണമുയര്‍ന്നു. അരിത മറുപടി പറയണമെന്നുമായി. സംഭവം വിവാദമായതോടെ പാര്‍ട്ടിയും പ്രവര്‍ത്തകരും മേഘയ്‌ക്കെതിരേ തിരിയുകയുംചെയ്തു.
എന്നാല്‍, സംഭവശേഷം പാര്‍ട്ടിയാണു ചികിത്സ ഏറ്റെടുത്തതെന്നും പലഘട്ടമായി ആറുലക്ഷത്തോളം രൂപ കിട്ടിയെന്നും മേഘ പിന്നീടു പറഞ്ഞു. 'രമേശ് ചെന്നിത്തല ഇടപെട്ടാണ് ചികിത്സാച്ചെലവുകള്‍ നടത്തിയത്. എട്ടു ലക്ഷം രൂപ നല്‍കിയതായി അരിത ഇതിനു മുന്‍പും പലയിടങ്ങളിലും പറഞ്ഞിട്ടുണ്ട്. തന്ന തുകയെക്കാള്‍ കൂടുതല്‍ പറഞ്ഞതു കൊണ്ടാണ് കമന്റിട്ടത്' - മേഘയും ഭര്‍ത്താവ് രഞ്ജിത്തും പ്രതികരിച്ചു. പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്ത ശേഷം ഇതിനുള്ള മറുപടി പറയാമെന്ന് അരിതയും പ്രതികരിച്ചു. 2024 ജനുവരി 15-ന് ആലപ്പുഴ കളക്ടറേറ്റിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിനിടെ ഉണ്ടായ ലാത്തിച്ചാര്‍ജിലാണ് മേഘയ്ക്കു പരിക്കേറ്റത്.
Content Highlights: aritha babu fb post regarding treatment aid handover controversy