തെരുവിലോളമെത്തിയ ഏറ്റുമുട്ടല്‍; സര്‍ക്കാരുമായി നിരന്തരം പോരടിച്ച ഗവര്‍ണര്‍

തിരുവനന്തപുരം: പ്രതിപക്ഷത്തെക്കാളേറെ സര്‍ക്കാരുമായി പൊരുതിയും പോരടിച്ചും നിലകൊണ്ട കേരളത്തിലെ ഒരേയൊരു ഗവര്‍ണറാണ് ആരിഫ് മുഹമ്മദ് ഖാന്‍.
ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള ശീതസമരങ്ങളും അസ്വാരസ്യങ്ങളും പലപ്പോഴും ഉണ്ടാകാറുണ്ടെങ്കിലും, പരസ്പര ബഹുമാനത്തില്‍ അത് ഒതുങ്ങിത്തീരുകയാണ് പതിവ്. എന്നാല്‍, ആരിഫ് മുഹമ്മദ് ഖാനും സര്‍ക്കാരും അങ്ങനെയായിരുന്നില്ല. എസ്.എഫ്.ഐ. പ്രതിഷേധത്തെ നേരിടാന്‍ അദ്ദേഹം തെരുവിലിറങ്ങി. തനിക്ക് സര്‍ക്കാര്‍ സുരക്ഷനല്‍കുന്നില്ലെന്ന് രാഷ്ട്രപതിക്ക് കത്ത് നല്‍കി. ബില്ലുകള്‍ ഒപ്പിടുന്ന കാര്യത്തില്‍ സര്‍ക്കാരിനെ ധര്‍മസങ്കടത്തിലാക്കി. സര്‍വകലാശാലയുടെ അധികാരം സംബന്ധിച്ച് സര്‍ക്കാരുമായി നിയമപോരാട്ടം നടത്തി. ആരിഫ് മുഹമ്മദ് ഖാന്റെ ഗവര്‍ണര്‍കാലം കേരളഭരണചരിത്രത്തിലെ യുദ്ധപര്‍വമായി അടയാളപ്പെടുത്തേണ്ടിവരും.
കാര്‍ഷികസമരത്തിന്റെ കാര്യത്തിലും പൗരത്വനിയമഭേദഗതിയുടെ കാര്യത്തിലും ഗവര്‍ണര്‍ കേന്ദ്രത്തിന്റെ വക്താവെന്നോണം പരസ്യമായി പ്രതികരിച്ചു. ഇതില്‍ രണ്ടിലും പ്രതിപക്ഷം സര്‍ക്കാരിനൊപ്പമായിരുന്നു. ഗവര്‍ണറെ തിരിച്ചുവിളിക്കണം എന്ന പ്രമേയം കൊണ്ടുവരണമെന്ന ആവശ്യംപോലും പ്രതിപക്ഷം ഉന്നയിച്ചിരുന്നു. എന്നാല്‍, ലോകായുക്ത നിയമത്തിലെ ഭേദഗതിക്കെതിരേ പ്രതിപക്ഷവും ഗവര്‍ണറും ഒരേ നിലപാടുകാരായിരുന്നു. സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനം, സിന്‍ഡിക്കേറ്റ് അംഗങ്ങളെ നിശ്ചയിക്കല്‍, ഇതേത്തുടര്‍ന്നുണ്ടായ എസ്.എഫ്.ഐ. പ്രതിഷേധം, ബില്ലുകള്‍ പിടിച്ചുവെക്കല്‍ ഇതൊക്കെ വന്നതോടെ മുഖ്യമന്ത്രിയും ഗവര്‍ണറും പരസ്പരം പോര്‍മുഖത്തേക്കിറങ്ങി.
ഗവര്‍ണറെ വഴിയില്‍ തടയുമെന്നും സര്‍വകലാശാലയില്‍ കയറ്റില്ലെന്നുമുള്ള എസ്.എഫ്.ഐ.യുടെ പ്രഖ്യാപനത്തെ, കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ താമസിച്ചും മിഠായിത്തെരുവിലൂടെ നടന്നുമാണ് ആരിഫ് മുഹമ്മദ് ഖാന്‍ വെല്ലുവിളിച്ചത്. തന്നെ കൊല്ലാന്‍ ശ്രമം നടന്നെന്ന രീതിയില്‍ ഡി.ജി.പി.യോട് പരാതി ഉന്നയിച്ചു. കേന്ദ്രസേനയുടെ സുരക്ഷ ആവശ്യപ്പെട്ട്, അത് ഉറപ്പാക്കി. സര്‍ക്കാര്‍ നിയോഗിച്ച വൈസ് ചാന്‍സലര്‍മാരെ പിരിച്ചുവിട്ടും ചാന്‍സലര്‍ എന്ന പദവി ഉപയോഗിച്ച് പുതിയ വി.സി.മാരെ നിയമിച്ചും ഗവര്‍ണര്‍ ഒടുക്കംവരെ സര്‍ക്കാരുമായി യുദ്ധം ചെയ്തു.
ബില്ലുകള്‍ ഒപ്പിടാതെ പിടിച്ചുവെക്കുന്നത് ഗവര്‍ണര്‍ പതിവാക്കിയതോടെയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചത്. ഇതില്‍ അനുനയ നീക്കമാണ് ഗവര്‍ണര്‍ സ്വീകരിച്ചത്.
ധനമന്ത്രിയോടുള്ള പ്രീതി പിന്‍വലിച്ചത്, മന്ത്രിമാര്‍ രാജ്ഭവനിലേക്ക് വരേണ്ടെന്ന് വിലക്കിയത് ഇങ്ങനെ അസാധാരണ രീതിയും ഗവര്‍ണറുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. ഭരണഘടനാവിരുദ്ധ പ്രസംഗം നടത്തിയ സജി ചെറിയാന്‍ വീണ്ടും മന്ത്രിയാകുന്നതിലെ അതൃപ്തി, സത്യപ്രതിജ്ഞാചടങ്ങില്‍ മുഖ്യമന്ത്രിയോട് ഒരക്ഷരം മിണ്ടാതെയാണ് ഗവര്‍ണര്‍ പ്രകടിപ്പിച്ചത്.
സെപ്റ്റംബര്‍ അഞ്ചിനാണ് ആരിഫ് മുഹമ്മദ് ഖാന്റെ കാലാവധി കഴിഞ്ഞത്. 'കാവല്‍ ഗവര്‍ണ'റാണെന്ന് സി.പി.എം. പരിഹസിച്ചപ്പോഴും, അദ്ദേഹം പോര്‍വീര്യം കുറച്ചില്ല.
Content Highlights: Kerala Governor Arif Mohammed Khan`s Controversial Tenure