വിദ്യാലയങ്ങളിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ ഭരണകര്‍ത്താക്കള്‍ പിന്തുണയ്ക്കുന്നു - മാര്‍ തോമസ് തറയില്‍

മാര്‍ തോമസ് തറയില്‍ | Photo: Mathrubhumi Archives
മാര്‍ തോമസ് തറയില്‍ | Photo: Mathrubhumi Archives

തിരുവനന്തപുരം: വിദ്യാലയങ്ങളിലെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിക്കുന്നവരെ പിന്തുണയ്ക്കുന്ന ഭരണകര്‍ത്താക്കള്‍ ചോദ്യംചെയ്യപ്പെടണമെന്ന് ചങ്ങനാശ്ശേരി അതിരൂപത ആര്‍ച്ച് ബിഷപ് മാര്‍ തോമസ് തറയില്‍ പറഞ്ഞു. വിവിധ ആവശ്യങ്ങളുന്നയിച്ച് കത്തോലിക്കാ കോണ്‍ഗ്രസ് കാസര്‍കോട് മുതല്‍ നടത്തിയ അവകാശസംരക്ഷണ യാത്രയുടെ സമാപനം സെക്രട്ടേറിയറ്റിനു മുന്നില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മതേതരത്വം, സമത്വം എന്നിവയില്‍ ഉറച്ചുനിന്ന് വിദ്യാലയങ്ങള്‍ പ്രവര്‍ത്തിക്കുമ്പോള്‍, അതിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാന്‍ പലരും ശ്രമിക്കുന്നു. പെണ്‍കുട്ടികളെല്ലാം ആണ്‍കുട്ടികളുടെ യൂണിഫോം ധരിച്ചതോടെ അതിനെ ജെന്‍ഡര്‍ ന്യൂട്രല്‍ എന്നു വിളിക്കുകയും സമൂഹത്തില്‍ വിപ്ലവകരമായ പരിഷ്‌കാരം കൊണ്ടുവന്നുവെന്ന് അവകാശപ്പെടുകയുമാണ് സര്‍ക്കാര്‍. കേരളത്തിലെ കോളേജുകളില്‍ സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നതിനു കാരണം ഭരണരംഗത്തുള്ളവരാണെന്നും ആര്‍ച്ച് ബിഷപ്പ് കുറ്റപ്പെടുത്തി. ജെ.ബി.കോശി കമ്മിഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടാത്തത് തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ആര്‍ച്ച് ബിഷപ്പ് പറഞ്ഞു.

ബിഷപ്പ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ മുഖ്യപ്രഭാഷണം നടത്തി. കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് പ്രൊഫ. രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷനായി. കത്തോലിക്ക കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ജെ.ഒഴുകയില്‍ 23 ഇന അവകാശപത്രിക അവതരിപ്പിച്ചു.

വിവിധ സഭകളില്‍നിന്നായി ഡോ. മാത്യൂസ് മാര്‍ സില്‍വാനോസ്, ഡോ. മോഹന്‍ മാനുവല്‍, ഡോ. സെല്‍വദാസ് പ്രമോദ്, ലെഫ്റ്റനന്റ് പ്രകാശ് ചന്ദ്ര പ്രദാന്‍, ഡോ. റോബിന്‍സണ്‍ ഡേവിഡ്, ചങ്ങനാശ്ശേരി വികാരി ജനറാള്‍മാരായ ഫാ. ആന്റണി ഏത്തയ്ക്കാട്, ഡോ. ജോണ്‍ തെക്കേക്കര, കത്തോലിക്ക കോണ്‍ഗ്രസ് ഭാരവാഹികളായ വി.വി.ആഗസ്റ്റിന്‍, ബിജു പറയന്നിലം തുടങ്ങിയവരും സംസാരിച്ചു.

Content Highlights: Archbishop Mar Thomas Tharayil criticizes government officials for supporting those who disrupt peace in educational institutions. He addressed concerns about secularism, equality, and controversial gender-neutral policies in schools and colleges.