അരവണ വിതരണത്തിൽ വലിയ പ്രതിസന്ധിയില്ല; പ്രതീക്ഷിച്ചതിലും കൂടുതൽ ഭക്തരെത്തി, കണക്കുകൂട്ടലിലെ വീഴ്ചയെന്ന് കെ. ജയകുമാർ

ന്യൂഡൽഹി: ശബരിമലയിലെ അരവണ വിതരണത്തിൽ കൊടിയ പ്രതിസന്ധിയുണ്ടായതായി തോന്നുന്നില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ. സാധാരണ മാസപൂജയ്ക്ക് എത്തുന്നതിനേക്കാൾ കൂടുതൽ ആളുകൾ ഇത്തവണ ശബരിമലയിൽ എത്തിയെന്നും ഈ കണക്കുകൂട്ടലിൽ ഉണ്ടായ വീഴ്ചയാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമായതെന്നും അദ്ദേഹം മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. അരവണ പ്രതിസന്ധിക്ക് ശേഷം ആദ്യമായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അഞ്ചു ദിവസത്തെ മാസപൂജയ്ക്ക് സാധാരണയായി രണ്ടു മുതൽ രണ്ടര ലക്ഷം ടിൻ അരവണയാണ് വേണ്ടിവരുന്നത്. എന്നാൽ ഇത്തവണ മൂന്നേകാൽ ലക്ഷം ടിൻ അരവണ സജ്ജമാക്കിയ ശേഷമാണ് പ്ലാന്റ് അറ്റകുറ്റപ്പണികൾക്കായി അടച്ചത്. മണ്ഡലകാലത്ത് അരവണയ്ക്ക് ക്ഷാമം ഉണ്ടാകാതിരിക്കാൻ പ്ലാന്റിന്റെ ഉൽപ്പാദന ശേഷി പ്രതിദിനം ഒരു ലക്ഷം ടിൻ കൂടി ഉയർത്താനുള്ള പ്രവൃത്തികൾ നടന്നുവരികയാണ്. ഒക്ടോബർ പത്തോടുകൂടി ഈ നിർമാണപ്രവർത്തനങ്ങൾ പൂർത്തിയാകും.
കണക്കുകൂട്ടലുകൾ തെറ്റിച്ച് അപ്രതീക്ഷിതമായി ഭക്തരുടെ തിരക്ക് വർധിച്ചതാണ് വിതരണത്തിൽ ബുദ്ധിമുട്ടുകൾ ഉണ്ടാക്കിയത്. സാധാരണ മാസപൂജ സമയത്ത് അഞ്ചു കോടി രൂപ വരുമാനം ലഭിക്കുന്ന സ്ഥാനത്ത് ഇത്തവണ ഏഴര കോടി രൂപയുടെ വരുമാനമുണ്ടായി. പ്ലാന്റിന്റെ പണികൾ നടക്കുന്നതിനിടെ തുടർച്ചയായി രണ്ടു ദിവസം വൻ തിരക്ക് അനുഭവപ്പെട്ടതോടെ, പത്ത് ടിൻ അരവണ ചോദിച്ചവർക്ക് അഞ്ചെണ്ണം വീതം നൽകി ലഭ്യമായ സ്റ്റോക്ക് വെച്ച് ക്രമീകരിക്കുകയായിരുന്നു.
നിലവിലെ സാഹചര്യം ഒരു യുദ്ധമുഖത്തെന്നപോലെയാണ്. സാമ്പത്തിക താല്പര്യമുള്ളവർക്ക് കാര്യങ്ങൾ നേരെയായി പോകണമെന്ന് താല്പര്യമില്ലെന്നും കലക്കവെള്ളത്തിൽ മീൻപിടിക്കാൻ ശ്രമിക്കുന്നവർ ഉണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേവസ്വം ബോർഡിന്റെ ദൈനംദിന കാര്യങ്ങളിൽ വകുപ്പ് ഇടപെടാറില്ലെങ്കിലും വിവിധ വകുപ്പുകളെ ഏകോപിപ്പിക്കുന്നതിൽ സർക്കാരിന് നിർണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡല സീസൺ സമയത്ത് പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കുമെന്ന് കെ. ജയകുമാർ അറിയിച്ചു. വിവിധ വകുപ്പുകൾക്കായി ലൈസൺ ഓഫീസർമാരെ ചുമതലപ്പെടുത്തുമെന്നും 24 മണിക്കൂറും പ്രവർത്തിക്കുന്ന ഫെസ്റ്റിവൽ കൺട്രോൾ റൂം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. തീർഥാടനവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതികൾ വന്നാൽ അപ്പപ്പോൾ തന്നെ പരിഹാരം കാണുമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: Travancore Devaswom Board President K. Jayakumar stated that there is no major crisis regarding Aravana distribution at Sabarimala and attributed the shortage to an unexpected surge in pilgrim turnout exceeding initial calculations.