സ്ഥലത്തിന്റെ അളവ് കുറച്ച് കൂലി കുറയ്ക്കാനുള്ള അടവ് ഇനി നടക്കില്ല; ആപ്പ് പറയും വിസ്തീർണം, ഹൈടെക്കാണ് ഈ അതിഥിത്തൊഴിലാളികൾ

കുന്നംകുളം: രാജ്കുമാർ മൊബൈൽ ഫോണിൽ ആപ്ലിക്കേഷൻ തുറന്നു. ജിപിഎഎസ് ഓൺ ചെയ്ത് ലൊക്കേഷനും ഏക്കറും മാർക്ക് ചെയ്തു. നടീൽ കഴിഞ്ഞ പാടവരമ്പിലൂടെ ഫോണുമായി ചുറ്റിനടന്നു... കുന്നംകുളത്തിനടുത്ത് കാണിയാമ്പലിലെ പാടശേഖരത്തെ കാഴ്ചയാണിത്. പാടത്തെ നടീൽ കഴിഞ്ഞാൽ മൊബൈൽ ഫോണിലെ ആപ്ലിക്കേഷന്റെ സഹായത്തോടെ അതിഥിത്തൊഴിലാളികൾ തന്നെ അളവെടുക്കും. സ്ഥലത്തിന്റെ അളവ് കുറച്ച് കൂലി കുറയ്ക്കാനുള്ള അടവ് ഇനി നടക്കില്ല. ആപ്ലിക്കേഷൻ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലുള്ള അളവിലാണ് അതിഥിത്തൊഴിലാളികൾ കൂലി കണക്കാക്കുന്നത്.
നേരത്തെ പാടത്തിന്റെ നികുതി അടച്ച രസീതിന്റെ അടിസ്ഥാനത്തിലുള്ള അളവാണ് കർഷകർ പറഞ്ഞിരുന്നത്. ഇതിന്റെ രേഖയൊന്നും നടീലിനെത്തുന്ന തൊഴിലാളികളെ കാണിക്കാറില്ല. ഏക്കറിന് 4400 രൂപ നിരക്കിലാണ് തൊഴിലാളികൾ പാടത്തേക്കിറങ്ങുന്നത്. ഇതിൽ അരയേക്കർ വിസ്തൃതി കുറച്ച് പറഞ്ഞാൽ 2200 രൂപയാണ് നഷ്ടം. കഴിഞ്ഞ വർഷങ്ങളിൽ ഇത്തരത്തിൽ നഷ്ടം പറ്റിയിരുന്നുവെന്നും അതിഥിത്തൊഴിലാളികൾ പറയുന്നു.
കാണിയാമ്പലിൽ ആപ്ലിക്കേഷൻ നൽകിയ വിവരങ്ങൾ കൃത്യമായിരുന്നെന്ന് പാടശേഖര സമിതി സെക്രട്ടറി സോമൻ കാർത്തുള്ളി പറഞ്ഞു. 20 പേരടങ്ങുന്ന സംഘമാണ് കാണിയാമ്പാലിൽ നടീലിന് ഇറങ്ങിയിട്ടുള്ളത്. 20 പേരുണ്ടെങ്കിൽ ഒരു ദിവസം ഏഴേക്കറോളം സ്ഥലത്തെ നടീൽ കഴിയുമെന്ന് കർഷകനായ വിശ്വനാഥൻ പറഞ്ഞു.
Content Highlights: Guest workers in Kunnamkulam use a mobile app to measure paddy fields accurately. This prevents underpayment and ensures fair wages for agricultural labor.