ആന്റോയുടെ വയനാട്ടിലെ വീട് അനധികൃതം; മൂന്ന് നില കെട്ടിടത്തിൽ ഒരു നിലയ്ക്ക് മാത്രം അനുമതി, രേഖകൾ പുറത്ത്

#ന്യൂസ് ഡെസ്ക്
ആൻ്റോ അഗസ്റ്റിനെ കാരാപ്പുഴയിലെ മൂങ്ങനാനിയിൽ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി
ആൻ്റോ അഗസ്റ്റിനെ കാരാപ്പുഴയിലെ മൂങ്ങനാനിയിൽ വീട്ടിൽ തെളിവെടുപ്പിനെത്തിച്ചപ്പോൾ | ഫോട്ടോ: വി.പി. ഉല്ലാസ്‌ / മാതൃഭൂമി

സുൽത്താൻബത്തേരി: ആന്റോ അഗസ്റ്റിന്റെ വാഴവറ്റയിലെ മൂങ്ങനാനിയിൽ വീട് അനധികൃത നിർമാണമാണെന്ന് പഞ്ചായത്ത് രേഖകൾ. വാഴവറ്റ മൂങ്ങനാനിയിലുള്ള മൂന്ന് നില കെട്ടിടത്തിൽ താഴത്തെ നിലയ്ക്ക് മാത്രമാണ് പഞ്ചായത്തിന്റെ അനുമതിയുള്ളത്. 983 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുള്ള ഈ കെട്ടിടം മുൻപ് റിസോർട്ടിനോ മറ്റാവശ്യങ്ങൾക്കോ വേണ്ടി നിർമിച്ച ശേഷം വീടാക്കി മാറ്റിയതാണെന്നാണ് സൂചന. പഞ്ചായത്ത് കഴിഞ്ഞ 18-ന് ഓൺലൈനായി നൽകിയ ബിൽഡിങ് സർട്ടിഫിക്കറ്റിലാണ് ഇത് സംബന്ധിച്ച വിവരങ്ങളുള്ളത്.

ദുരന്ത നിവാരണ അതോറിറ്റിയുടെ നിർമാണ മാനദണ്ഡങ്ങൾ ലംഘിച്ചാണ് കെട്ടിടം പണിതിരിക്കുന്നത്. കേശവേന്ദ്ര കുമാർ കളക്ടറായിരുന്ന സമയത്ത് ദുരന്ത നിവാരണ നിയമപ്രകാരം കെട്ടിടങ്ങൾക്ക് നിശ്ചയിച്ച പരമാവധി ഉയരപരിധി ഈ കെട്ടിടം ലംഘിച്ചതായി പഞ്ചായത്ത് പരിശോധനയിൽ കണ്ടെത്തിയിരുന്നു. 2022-ൽ ഇത്തരം അനധികൃത നിർമാണങ്ങൾ ക്രമവൽക്കരിക്കാൻ സർക്കാർ അവസരം നൽകിയപ്പോൾ ആന്റോ അഗസ്റ്റിൻ അപേക്ഷ നൽകിയിരുന്നെങ്കിലും മാനദണ്ഡ ലംഘനങ്ങൾ കാരണം നടപടി സാധ്യമായില്ല.

അതേസമയം, അബ്കാരി കേസിൽ നിലവിൽ എക്സൈസ് കസ്റ്റഡിയിലാണ് ആന്റോ അഗസ്റ്റിൻ. കഴിഞ്ഞ ദിവസം ഇയാളെ വീട്ടിലെത്തിച്ച് നാല് മണിക്കൂറോളം തെളിവെടുപ്പ് നടത്തുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. എക്സൈസ് കസ്റ്റഡി കാലാവധി ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് അവസാനിക്കുന്ന സാഹചര്യത്തിൽ ഇയാളെ കോടതിയിൽ ഹാജരാക്കും.

അബ്കാരി കേസിൽ എക്സൈസ് കസ്റ്റഡിയിൽവാങ്ങി തെളിവെടുപ്പിനായി വാഴവറ്റയിലെ മൂങ്ങനാനിയിൽ വീട്ടിലെത്തിച്ചപ്പോഴും വീടിന്റെ ഉടമസ്ഥത തന്റേതല്ലെന്ന നിലപാടിലുറച്ച് പ്രതി ആന്റോ അഗസ്റ്റിൻ. ഈ വീട്ടിൽനിന്ന്‌ മദ്യം കണ്ടെടുത്ത മുറിയടക്കമുള്ളവയിൽ എക്സൈസ് സംഘം ആന്റോയുമായി തെളിവെടുപ്പ് നടത്തി. തന്റെ വീടല്ലെന്നും ഇവിടുത്തെ കാര്യങ്ങൾ അറിയില്ലെന്നും പറഞ്ഞ് തുടക്കത്തിൽ തെളിവെടുപ്പുമായി സഹകരിച്ചില്ലെന്നാണ് വിവരം.

Content Highlights: Panchayat records confirm Anto Augustine's 3-storey Wayanad house is illegal., Only the ground floor has official approval, and the building violates disaster management height limits., Anto Augustine is currently in Excise custody in an abkari case, with production in court scheduled today.